പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 525 രൂപ

Saturday 14 April 2018 3:35 am IST
"undefined"

മട്ടാഞ്ചേരി: തൊഴില്‍ ലഭ്യതയ്ക്കായുള്ള പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റിന് നിരക്ക് ഈടാക്കി തുടങ്ങി. തൊഴിലന്വേഷകര്‍ക്കും വിദേശയാത്രാ രേഖകള്‍ക്കുമായുള്ള പിസിസിക്ക് ഇനി 525 രൂപ നല്‍കണം. 500 രൂപയും 25 രൂപ ജിഎസ്ടിയും. അപേക്ഷകനെക്കുറിച്ചുള്ള  പോലീസിന്റെ സ്വഭാവഗുണരേഖയാണ് (ക്രിമിനല്‍ പാശ്ചാത്തലമില്ലെന്ന) പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. 

മുന്‍ കാലങ്ങളില്‍ വിദേശ ജോലിക്കും മറ്റെന്‍ - മര്‍ച്ചന്റ് നേവി തുടങ്ങിയ മേഖലയില്‍ മാത്രമായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. ഇന്നിത് സര്‍ക്കാര്‍ ജോലിക്കും ബാങ്കിങ്ങ്, ഷിപ്പിങ്ങ് തുടങ്ങി തൊഴില്‍ മേഖലയിലും നിര്‍ബന്ധമാണ്.

താല്കാലിക തൊഴില്‍, കരാര്‍മേഖല, കസ്റ്റംസ് ക്ലീയറിങ്ങ് അടക്കമുള്ള ലൈസന്‍സ് ലഭ്യത തുടങ്ങി വിവിധ തലങ്ങളില്‍ നിര്‍ബന്ധ രേഖയാണ് പിസിസി പ്രതിവര്‍ഷം 50,000 ത്തിലെറെ സര്‍ട്ടിഫിക്കറ്റുകളാണ് സംസ്ഥാന പോലീസ് നല്‍കുന്നതെന്നാണ് കണക്ക്.

 ഇതിലൂടെ കോടികളാണ് ഖജനാവിലെത്തുന്നത്. ഓരോ ഘട്ടത്തിലും പിസിസിക്ക് 525 രൂപ വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആറ് മാസമാണിതിനുള്ള നിയമാനുസൃത കാലാവധി. 

സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം സാധാരണക്കാര്‍ക്ക് വന്‍സാമ്പത്തിക ഭാരമാണുണ്ടാകുന്നത്. കടുത്ത നിരക്കിടാക്കി ഖജനാവിലേക്ക് വരുമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ ജനത്തെ പിഴിയുന്ന അവസ്ഥയാണിതെന്ന് വ്യാപക പരാതി ഉയര്‍ന്നു കഴിഞ്ഞു.

 കൊച്ചി തുറമുഖത്തെ ക്ഷേമ നിധി ബോര്‍ഡ് തൊഴിലാളികള്‍, വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, ഷിപ്പിങ്ങ് ഏജന്‍സിയിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുറമുഖത്തെ വാര്‍ഫിനകത്തും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലുമൊക്കെ പ്രവേശിക്കുന്നതിന് സിഐഎസ്എഫ് അനുവദിക്കുന്ന പാസ് ലഭിക്കണമെങ്കില്‍ പോലീസ് ക്ലിയറിംഗ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. 

ഒരു തവണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 525 രൂപ ട്രഷറിയിലോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലോ അടച്ച് രസീത് വാങ്ങണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രം ഫീസടച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.