യുവാവിന് ആളുമാറി പോലീസ് മര്‍ദ്ദനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല

Saturday 14 April 2018 2:47 am IST
"undefined"

കരുനാഗപ്പള്ളി:യുവാവിനെ പോലീസ് ആളുമാറി മര്‍ദ്ദിച്ചവശനാക്കി ഒരുമാസം പിന്നിട്ടിട്ടും പോലീസുകാര്‍ക്കെതിരെ നടപടിയില്ല. ആലുംപീടിക കൂട്ടുങ്കല്‍ പണ്ടകശാല വീട്ടില്‍ ബിജു (40)നാണ് ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ഹോംഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞമാസം 11നായിരുന്നു ഇത്. സംഭവത്തെ തുടര്‍ന്ന് അവശനിലയിലായ യുവാവും ബന്ധുക്കളും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഇതുവരെയും നടപടിയില്ല. 

ക്രൂരമായ മര്‍ദിക്കുന്നതായി ഭര്‍ത്താവിനെതിരെ യുവതി ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനെത്തിയ ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മറ്റൊരു വീടിന്റെ തിണ്ണയില്‍ ഉറങ്ങിക്കിടന്ന ബിജുവിനെ ആളുമാറി മര്‍ദ്ദിച്ചത്. ബിജു  അവിവാഹിതനാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തി വീടിന്റെ തിണ്ണയില്‍ വിശ്രമിക്കുകയായിരുന്നു.

  ഭാര്യയെയും മക്കളേയും ഉപദ്രവിക്കുമല്ലെടാ എന്നാക്രോശിച്ച് പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജു പറയുന്നു. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും അഞ്ചംഗസംഘം മര്‍ദ്ദനം തുടര്‍ന്നു. ബിജുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും അമ്മയും പോലീസുകാരോട് ആളുമാറിയതാണ് എന്നറിയിച്ചിട്ടും ബലമായി ജീപ്പില്‍ കയറ്റി കൊണ്ടുപോയി. 

  ഓച്ചിറ ജനമൈത്രി സ്റ്റേഷനില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചപ്പോള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നും പരാതി നല്‍കരുതെന്നും എന്തു നഷ്ടപരിഹാരവും നല്‍കാമെന്നും പോലീസുകാര്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. 

രാത്രി തലകറക്കവും ഛര്‍ദ്ദിലും കൂടിയതോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തലക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. കേള്‍വിശക്തിക്കും തകരാറുണ്ടായി. 15 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ബിജുവിന് ഇപ്പോള്‍ തൊഴിലെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 

മുഖ്യമന്ത്രിക്കും ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് ബിജുവിന്റെ ബന്ധുക്കള്‍ പറയുന്നു. ബിജുവിനെ സഹായിക്കാനും നീതിക്കായി പോരാടാനും കക്ഷിരാഷ്ട്രീയ ഭേദമന്യെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.