ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: സിപിഎം നേതാക്കളെ രക്ഷിക്കാന്‍ നീക്കം

Saturday 14 April 2018 3:05 am IST

കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്ത്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതെങ്ങനെ എന്ന് കണ്ടെത്താന്‍ സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യണമെന്ന പാര്‍ട്ടി നേതാവിന്റെ മകന്റെ ആവശ്യം പോലീസ് തള്ളുന്നു. പ്രാദേശിക നേതാക്കളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

സിപിഎം ഏരിയാ കമ്മിറ്റിയംഗമായ ഡെന്നിയെയും നേതാവായ കെ.ജെ. തോമസിനെയും ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പരമേശ്വരന്റെ മകന്‍ ശരത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പ്രാദേശിക നേതാക്കളെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്ന് ശരത് 'ജന്മഭൂമി'യോട് പറഞ്ഞു. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി അനുഭാവികൂടിയായ ശരത് വ്യക്തമാക്കി.

 ശ്രീജിത്തും കൂട്ടരുമാണ് വാസുദേവന്റെ വീടാക്രമിച്ചതെന്നാണ് ശരത്തിന്റെ അച്ഛന്‍ പരമേശ്വരന്‍ സാക്ഷി മൊഴി നല്‍കിയിരുന്നത്. ഈ മൊഴി ഡെന്നിയുടെയും തോമസിന്റെയും സമ്മര്‍ദ്ദഫലമായി തയ്യാറാക്കിയതാണെന്നായിരുന്നു ശരത്തിന്റെ ആരോപണം. വീട് ആക്രമിക്കുമ്പോള്‍ അച്ഛന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പാര്‍ട്ടി സമ്മര്‍ദ്ദമാണ് വ്യാജ മൊഴിക്ക് പിന്നിലെന്നും ശരത്‌#േ ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്ന മൊഴിപ്പകര്‍പ്പും ശരത് പുറത്തുവിട്ടു.  

മൊഴി നല്‍കിയതെന്ന് പറയുന്ന രേഖയില്‍ അച്ഛന്റെ ഒപ്പ് പോലുമില്ലെന്ന് ശരത് പറയുന്നു. കൂടാതെ, പ്രതികളെന്ന് പറഞ്ഞ് നല്‍കിയവരുടെ ഇരട്ടപ്പേരും  എഴുതിച്ചേര്‍ത്തിട്ടുണ്ട്. അച്ഛന് ഒരാളുടെയും ഇരട്ടപ്പേര് അറിയില്ല. ഇതില്‍ നിന്ന് സിപിഎമ്മും പോലീസും ഇടപെട്ട് വ്യാജ മൊഴിയാണ് തയ്യാറാക്കിയതെന്ന് വ്യക്തമാകുമെന്നുമാണ് ശരത്തിന്റെ ആരോപണം.

വാസുദേവന്റെ വീടാക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും പോലീസിനും മൊഴി കൊടുത്തിട്ടില്ലെന്നും പരമേശ്വരന്‍ കഴിഞ്ഞദിവസം തിരുത്തിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം സമ്മര്‍ദ്ദമേറിയപ്പോള്‍ ആദ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടില്‍ വന്നതിനുശേഷമായിരുന്നു ഇത്. സംഭവങ്ങള്‍ കൂടുതല്‍ വിവാദമായതോടെ അധികം സംസാരിക്കാതെയും പുറത്തിറങ്ങാതെയും വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് പരമേശ്വരനെന്നും ശരത് വ്യക്തമാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.