കൊച്ചി: പി.എഫ് പെന്ഷന് വര്‍ധിപ്പിക്കുന്നതിനു തൊഴില്‍ മന്ത്രാലയം സമ്മര്‍ദം ചെലുത്തുമെന്നു കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പാണു തീരുമാനം നീണ്ടു പോകാന്‍ കാരണമെന്നും അദ്ദേയം അറിയിച്ചു.
പെന്ഷന് ആയിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വയ്ക്കും. നഴ്സുമാരുടെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ സമഗ്ര നിയമം കൊണ്ടുവരാന്‍ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ഇഎസ്ഐ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഎസ് ഐ ആശുപത്രികള്‍ക്കു സ്വന്തമായി കെട്ടിടം നിര്‍മിച്ചു നല്‍കും. ഇവിടങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. എറണാകുളം നോര്‍ത്തിലെ ഇഎസ്ഐ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് പാക്കേജ് സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന് ആശങ്കയില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ദുരന്ത നിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി പാക്കേജിനു കൂടുതല്‍ പണം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെലവഴിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ചു വ്യക്തത ഇല്ലാത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പാക്കേജ് നിര്‍വഹണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണം. പാക്കേജ് സംബന്ധിച്ചു പുനര്‍വിചിന്തനം ആവശ്യമാണ്. കുട്ടനാട് പാക്കേജിനു മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കില്‍ കാലതാമസം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: