കുറ്റക്കാര്‍ ആര്? പോലീസിലും തര്‍ക്കം

Saturday 14 April 2018 3:13 am IST
"undefined"

കൊച്ചി: വരാപ്പുഴയില്‍  കസ്റ്റഡിയിലിരിക്കെ പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ കേസ് അന്വേഷണം പോലീസ് സേനയിലും തര്‍ക്കത്തിനിടയാക്കുന്നു. സംഭവത്തില്‍ കുടുങ്ങുമെന്നുറപ്പായപ്പോള്‍, ഉന്നത പോലീസുകാരില്‍ ചിലര്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ നീക്കം നടത്തുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുവിട്ടുപോകാറായ നിലയിലായിരുന്നുവെന്നും ദേഹമാസകലം ചതവുണ്ടായിട്ടുണ്ടെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സേനയില്‍ തര്‍ക്കം തുടങ്ങിയത്. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കളമശേരി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.   ശ്രീജിത്തിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയവരാണിവര്‍. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നിറങ്ങിയ ഉടനെ തന്നെ മുനമ്പം പോലീസിന് പ്രതിയെ കൈമാറിയെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. 

ഇതില്‍ ഒരു പോലീസുകാരന്‍ ബന്ധുവിനോട് ഫോണില്‍ പറയുന്ന സംഭാഷണങ്ങള്‍ പുറത്തായിട്ടുണ്ട്. തങ്ങളെ കുടുക്കാന്‍ പോലീസിലെ ചിലര്‍ ശ്രമിക്കുന്നെന്നാണ് സംഭാഷണത്തിലെ ആരോപണം.  ശ്രീജിത്തിനെ പിടികൂടാനായി എത്തുമ്പോള്‍ 3 പേരും സിവില്‍ ഡ്രസിലാരുന്നെന്നും ബൂട്ട് ധരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ ശ്രീജിത്ത് മരിക്കും മുമ്പ് ഭാര്യയോടു പറഞ്ഞത് ജീപ്പില്‍വെച്ച് ബൂട്ടിട്ട് അടിവയറ്റില്‍ ചവിട്ട് കിട്ടിയതിനാല്‍ വയറിന് വേദനയുണ്ടെന്നാണ്. 

ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഏറ്റിരുന്നതായും വൃക്കയ്ക്കും കരളിനും തകരാര്‍ പറ്റിയതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ക്ഷതത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പഴക്കം ചെന്ന ക്ഷതമായതിനാല്‍ ആത്മഹത്യ ചെയ്ത വാസുദേവനുമായി വാക്ക് തര്‍ക്കത്തിനിടെയുണ്ടായതാണിതെന്ന് വരുത്തിതീര്‍ക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.