മഗ്യാറുകളെ തുരത്തി ജര്‍മ്മന്‍ ടാങ്കുകള്‍

Saturday 14 April 2018 3:17 am IST
ഹാട്രിക്കുകളുടേയും ഗോളുകളുടേയും ആഘോഷമായിരുന്നു അഞ്ചാം ലോകകപ്പ്(1954). ആതിഥേയര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. പതിനാറ് ടീമുകള്‍. ആതിഥേയരെന്ന നിലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഉറുഗ്വെയും നേരിട്ട് ക്വാളിഫൈ നേടി
"undefined"

ഹാട്രിക്കുകളുടേയും ഗോളുകളുടേയും ആഘോഷമായിരുന്നു അഞ്ചാം ലോകകപ്പ്(1954). ആതിഥേയര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. പതിനാറ് ടീമുകള്‍. ആതിഥേയരെന്ന നിലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഉറുഗ്വെയും നേരിട്ട് ക്വാളിഫൈ നേടി. ആസ്ട്രിയ, ബല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലൊവാക്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹംഗറി, ഇറ്റലി, ദക്ഷിണ കൊറിയ, മെക്‌സിക്കോ, സ്‌കോട്ട്‌ലന്‍ഡ്, തുര്‍ക്കി, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ എന്നിവയായിരുന്നു മറ്റു ടീമുകള്‍. 

 ജൂണ്‍ 16 മുതല്‍ ജൂലൈ നാല് വരെ ആറ് സ്വിസ് നഗരങ്ങളിലായി 26 പോരാട്ടങ്ങള്‍. 140 ഗോളുകള്‍ പിറന്നു. എട്ട് ഹാട്രിക്കുകള്‍. ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ കണ്ട ലോകകപ്പും ഇതു തന്നെ. ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കുറിക്കപ്പെട്ടതിന്റെ റെക്കോര്‍ഡും ഈ ലോകകപ്പിനാണ്. ആസ്ട്രിയ-സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആകെ 12 തവണ വലകുലുങ്ങി. 

ഗ്രൂപ്പ് ഒന്നില്‍ നിന്ന് ബ്രസീലും യൂഗോസ്ലാവിയയും ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഹംഗറിയും പശ്ചിമജര്‍മ്മനിയും ഗ്രൂപ്പ് മൂന്നില്‍ നിന്ന് ഉറുഗ്വെയും ആസ്ട്രിയയും ഗ്രൂപ്പ് നാലില്‍ നിന്ന് ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്റും ഒന്നും രണ്ടും സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 

ഉറുഗ്വെ  രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെയും ആസ്ട്രിയ 7-5ന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഹംഗറി 4-2ന് ബ്രസീലിനെയും പശ്ചിമ ജര്‍മനി 2-0ന് യൂഗോസ്ലാവ്യയെയും കീഴടക്കി സെമിഫൈനിലില്‍ ഇടംപിടിച്ചു. സെമിഫൈനലില്‍ ഹംഗറിക്ക് ഉറുഗ്വെയും പശ്ചിമ ജര്‍മ്മനിക്ക് ആസ്ട്രിയയുമായിരുന്നു എതിരാളികള്‍. പശ്ചിമ ജര്‍മ്മനി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ആസ്ട്രിയയെയും അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ഹംഗറി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഉറുഗ്വെയെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. 

ജൂലൈ 4ന് ബേണില്‍ നടന്ന കലാശക്കളിക്കയില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്്കാസിന്റെ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പശ്ചിമ ജര്‍മ്മനി ലോക ചാമ്പ്യന്മാരായി. ഗ്രൂപ്പ് മത്സരത്തില്‍ ഹംഗറിയോട് മൂന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയതിനുള്ള ഉജ്ജ്വലമായ പ്രതികാരവുമായിരുന്നു പശ്ചിമ ജര്‍മ്മനിക്ക് ഫൈനലിലെ വിജയം. എട്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു പശ്ചിമ ജര്‍മ്മനിയുടെ വിജയം. ആറാം മിനിറ്റില്‍ ഫ്രാങ്ക് പുഷ്്കാസും 8-ാം മിനിറ്റില്‍ സോള്‍ട്ടന്‍ സിബോറും നേടിയ ഗോളുകള്‍ക്ക് മുന്നിലായ ഹംഗറിയെ 10-ാം മിനിറ്റില്‍ മാക്‌സ് മോര്‍ലോക്കും 18, 84 മിനിറ്റുകളില്‍ ഹെല്‍മട് റാനും നേടിയ ഗോളുകളിലാണ് പശ്ചിമ ജര്‍മനി കീഴടക്കിയത്. ഉറുഗ്വെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആസ്ട്രിയ മൂന്നാം സ്ഥാനം സ്വന്തമാക്കി. 

ഫൈനലില്‍ തോറ്റെങ്കിലും മികച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കുമുള്ള സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണ പാദുകവും ഹംഗേറിയന്‍ താരങ്ങളാണ് സ്വന്തമാക്കിയത്. ലോക ഫുട്‌ബോളിലെ ഗ്യാലപിങ് മേജര്‍ എന്നറിയപ്പെടുന്ന പുഷ്‌കാസ് സ്വര്‍ണ്ണപ്പന്ത് കരസ്ഥമാക്കിയപ്പോള്‍ രണ്ട് ഹാട്രിക്കുകളുമായി 11 ഗോളുകള്‍ സ്വന്തംപേരിലെഴുതി ഹംഗറിയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാന്‍ഡര്‍ കോക്‌സിസ് സ്വര്‍ണ്ണ പാദുകവും നേടി. അതുവരെ നടന്ന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയും കോക്‌സിസ് സ്വന്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.