ശ്രീകാന്ത്, സൈന, സിന്ധു, പ്രണോയ് സെമിയില്‍

Saturday 14 April 2018 2:25 am IST

ഗോള്‍ഡ്‌കോസ്റ്റ്: ബാഡ്മിഡന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ കെ. ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ്, വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവര്‍ സെമിയില്‍.

കെ. ശ്രീകാന്ത് സിംഗപ്പൂരിന്റെ റയാന്‍ സിന്‍ റെയെയും പ്രണോയ് ശ്രീലങ്കയുടെ ദിനുക കരുണരത്‌നയെയും പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കുതിച്ചത്. വനിതാ സിംഗിള്‍സില്‍ സൈന കാനഡയുടെ റെയ്ച്ചല്‍ ഹെന്‍ഡ്രിച്ചിനെയും പി.വി. സിന്ധു കാനഡയുടെ തന്നെ ബ്രിട്ട്‌നി ടാമിനെയും  പരാജയപ്പെടുത്തി അവസാന നാലില്‍ ഇടംനേടി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജയിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. അതേസമയം ഋത്വിക ശിവാനി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മറിനോട് പരാജയപ്പെട്ടു പുറത്തായി.

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ശരത് അജന്ത, വനിതാ സിംഗിള്‍സില്‍ മണിക് ബത്ര എന്നിവര്‍ സെമിയിലെത്തി.ബോക്‌സിങില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി. അമിത് പന്‍ഗല്‍, ഗൗരവ് സൊളാങ്കി, മനീഷ് കൗശിക്, വികാസ് കൃഷ്ണന്‍ എന്നിവരാണ് സ്വര്‍ണ്ണപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

49 കിലോഗ്രാം വിഭാഗത്തില്‍ ഉഗാണ്ടയുടെ ജുമോ മിറോയെ തറപറ്റിച്ചാണ് അമിത് പന്‍ഗല്‍ ഫൈനലില്‍ എത്തിയത്. 52 കി.ഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ ഇഷാന്‍ ബന്ദാരയെ തോല്‍പ്പിച്ച് ഗൗരവ് സോളങ്കിയും 60 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനീഷ് കൗശിക് വടക്കന്‍ അയര്‍ലന്‍ഡിന്റെ ജയിംസ് മക്ഗിവേണിനെ തോല്‍പ്പിച്ചും 75 കി.ഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ സ്റ്റീവന്‍ ഡോനെല്ലിയെയും ഇടിച്ചിട്ടാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരത്തെ വനിതാ വിഭാഗത്തില്‍ മേരികോമും ഫൈനലിലെത്തിയിരുന്നു. ഇന്നാണ് ഫൈനല്‍ മത്സരങ്ങള്‍. ഇതോടെ അഞ്ച് വെള്ളിയെങ്കിലും ഇന്ത്യക്ക് ലഭിക്കുമെന്ന് ഉറപ്പായി.

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ വെള്ളി ഉറപ്പാക്കി ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം ഫൈനലിലെത്തി. ഇന്നാണ് ഫൈനല്‍. വനിതാ ഡബിള്‍സില്‍ ദീപിക-ജോഷ്‌ന ചിന്നപ്പ സഖ്യം സെമിയിലെത്തിയിട്ടണ്ട്.അത്‌ലറ്റിക്‌സില്‍ പുരുഷ-വനിതാ 4-400 മീറ്റര്‍ റിലേ ടീമും ഫൈനലിലെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.