മധുരപ്പതിനേഴ്

Saturday 14 April 2018 3:33 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ ശുഭദിനം. മൂന്ന് സ്വര്‍ണ്ണവും നാല് വീതം വെള്ളിയും വെങ്കലവുമാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഗുസ്തി ഗോദയില്‍ നിന്നും ബോക്‌സിങ് റിങ്ങില്‍ നിന്നുമാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ വാരിക്കൂട്ടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 42ലെത്തി. സ്വര്‍ണ്ണനേട്ടത്തില്‍ 2014ലെ ഗ്ലാസ്‌ഗോ ഗെയിംസിനെ മറികടക്കാനും ഇന്ത്യക്കായി. കഴിഞ്ഞ ഗെയിംസില്‍ 15 സ്വര്‍ണ്ണമായിരുന്നു ഇന്ത്യ നേടിയത്.നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 65 സ്വര്‍ണവും 49 വെള്ളിയും 54 വെങ്കലവും സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 31 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവുമുള്ള ഇംഗ്ലണ്ട് രണ്ടാമത്.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ തേജസ്വിനി സാവന്ത്, പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ വിഭാഗത്തില്‍ അനിഷ് ഭന്‍വാല, 65 കി.ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പുനിയ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ്ണജേതാക്കള്‍. വനിതാ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ അന്‍ജും മുദ്ഗില്‍, വനിതകളുടെ 57 കി.ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ധന്‍ഡ, പുരുഷന്മാരുടെ 97 കി.ഗ്രാം വിഭാഗത്തില്‍ മൗസം ഖത്രി എന്നിവരാണ് വെള്ളി നേടിയത്. വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണ്‍, പുരുഷന്മാരുടെ 91 കി.ഗ്രാം ബോക്‌സിങില്‍ നമാന്‍ തന്‍വാറും 69 കി.ഗ്രാമില്‍ മനോജ്കുമാറും 56 കിലോഗ്രാം വിഭാഗത്തില്‍ ഹുസാമുദ്ദീന്‍ മുഹമ്മദും വെങ്കലം സ്വന്തമാക്കി.

ടേബിള്‍ ടെന്നീസ് വനിതാ വിഭാഗം ഡബിള്‍സില്‍ മൗമ ദാസ്-മണിക് ബത്ര സഖ്യം വെള്ളി നേടി. ഫൈനലില്‍ സിംഗപ്പൂര്‍ ജോഡിയോടാണ് മൗമ-മണിക് സഖ്യം കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ പരാജയം. സ്‌കോര്‍: 11-5, 11-4, 11-5. വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ സുതീര്‍ത്ഥ മുഖര്‍ജി-പൂജാ സഹസ്രബുദ്ധെ സഖ്യം പരാജയപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.