കള്ളന്‍ പ്രസാദ് കള്ളന്മാരെ അമ്പരപ്പിച്ചു; ഒടുവില്‍ ജൂറിയെയും

Saturday 14 April 2018 3:45 am IST
"undefined"

കൊച്ചി: സ്വര്‍ണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയിട്ടും താന്‍ കട്ടില്ലെന്ന് പറഞ്ഞ് അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കുന്ന കള്ളന്‍ പ്രസാദ്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായിട്ടും ഒന്നും കട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന യഥാര്‍ത്ഥ കള്ളന്‍... തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസില്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഒരു കള്ളന്‍ എങ്ങനെയൊക്കെ പെരുമാറുമോ അതുപോലെയെല്ലാം ജീവിച്ചുകാണിക്കുകയായിരുന്നു ഫഹദ്. കള്ളന്മാരെപ്പോലും അമ്പരപ്പിച്ച ആ അഭിനയ മികവ് കണ്ടില്ലെന്ന് നടിക്കാന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിക്കും കഴിഞ്ഞില്ല. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഫഹദിനെ തേടിയെത്തിയപ്പോള്‍, സ്വാഭാവിക അഭിനയം കാഴ്ചവെയ്ക്കുന്ന മലയാളത്തിലെ നടന്‍മാര്‍ക്കുള്ള ബഹുമതി കൂടിയായി അത് മാറി. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും അഭിനയത്തിന് ഫഹദ് ഫാസിലിന് എല്ലാവരും മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും, കള്ളന്‍ പ്രസാദ് എന്ന ഫഹദിന്റെ വേഷം മലയാള സിനിമാ പ്രേമികള്‍ മായാതെ മനസില്‍ കൊണ്ടുനടന്നു. സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ ഫഹദും കള്ളന്‍ പ്രസാദും ആ പോലീസ് സ്‌റ്റേഷന്‍ രംഗങ്ങളും വീണ്ടും സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. 

അമല്‍നീരദ് സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയുടെ ഈരാറ്റുപേട്ടയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് ഫഹദ് പുരസ്‌കാരവിവരം അറിയുന്നത്. ഈ സമയം അഭിനന്ദനവുമായി ഒട്ടേറെ വിളികള്‍ ഫഹദിന്റെ ഫോണിലേക്കെത്തി. അവാര്‍ഡ് വിവരമറിഞ്ഞതോടെ ചിത്രീകരണം നിര്‍ത്തിവെച്ച് അവിടെ ആഘോഷമായി. എന്നാല്‍, അവാര്‍ഡിനുവേണ്ടി താന്‍ സിനിമ ചെയ്യാറില്ലെന്നും ആളുകള്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു ഫഹദിന്റെ ആദ്യ പ്രതികരണം. 

മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്ത് തന്റെ മുഖം കണ്ടാല്‍ ആരെങ്കിലും തീയേറ്ററില്‍ കയറുമോ എന്ന് പേടിയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ലെന്നും അവാര്‍ഡ് തിളക്കത്തില്‍ ഫഹദ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.