ലളിതം പക്ഷം അതിഗംഭീരം

Saturday 14 April 2018 3:48 am IST

കേള്‍ക്കുമ്പോള്‍ വളരെ ലളിതം. പക്ഷെ പാടി ഫലിപ്പിക്കുക അത്ര എളുപ്പമല്ല. അത് ദാസേട്ടനു മാത്രമേ കഴിയൂ. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച, വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന പാട്ട് വളരെ വ്യത്യസ്തമാണ്, ലളിതവും. ദാസേട്ടന്റെ ശബ്ദവും റിഫൈന്‍മെന്റും ഗാംഭീര്യവും കൂടി ചേര്‍ന്ന് ആ ഗാനം തികച്ചും മാസ്മരികമാക്കി.  പതിറ്റാണ്ടുകളുടെ സംഗീത സപര്യയുടേയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ് അദ്ദേഹത്തെ പോലെയുള്ള ഗായകര്‍. എന്തൊക്കെ തരം പാട്ടുകളാണ് അദ്ദേഹം പാടിയിരിക്കുന്നത്. ആ വൈവിധ്യം തന്നെ കാണേണ്ടയൊന്നാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ പോലെ വളരെ സങ്കീര്‍ണ്ണമായ നിരവധി പാട്ടുകള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 

ഒരു സ്വരത്തില്‍ പോലും വൈകാരിക ഭാവം ആവാഹിക്കാന്‍ കഴിയുന്ന അത്ഭുതമാണ് ദാസേട്ടന്‍. അത്രയേറെ വൈഭവത്തില്‍ അദ്ദേഹം എത്തിയിരിക്കുന്നു.

പല ഗായകരോടും ഭാവം വരണം. അല്പം സ്വരം താഴ്ത്തി പാടണം, പതിഞ്ഞ ശബ്ദത്തില്‍ (ഹസ്‌കി) വേണം എന്നൊക്കെ പറഞ്ഞ് പാടിക്കണം. അങ്ങനെ ഉപരിപ്ലവമായി ഭാവവും മറ്റും സൃഷ്ടിച്ചെടുക്കുകയാണ്. പക്ഷെ ദാസേട്ടനില്‍ അവയെല്ലാം ജൈവികമാണ്, ദൈവികമാണ്. പ്രപഞ്ചത്തിന്റെ ശബ്ദം പോലെ ഭാവവും താളവും ശ്രുതിയും എല്ലാം അന്തര്‍ലീനമാണ്. വിശുദ്ധമാണ് ആ സംഗീതം. 

അവാര്‍ഡ് ദാസേട്ടനെപ്പോലെ ഈ പ്രായത്തിലും അതിമനോഹരമായി പാട്ടുന്ന മറ്റുള്ളവര്‍ക്കും കൂടിയാണ്. അവര്‍ക്കുള്ള അംഗീകാരമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ച രമേഷ് നാരായണനും റഫീക് അഹമ്മദിനും കൂടിയുള്ള അംഗീകാരമാണിത്.

സംഗീത സാഗരത്തിലെ അനുഭവ സമ്പത്തും അതിനോടുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. പദ്മവിഭൂഷണ്‍ വരെ അദ്ദേഹത്തെ തേടിയെത്തി. അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് എന്റെ പ്രണാമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.