ഇരുപത്തഞ്ചാം വയസ്സില്‍ അവാര്‍ഡ് ; ഇന്ത്യന്‍ സിനിമയ്ക്ക് അത്ഭുതമായി നിഖില്‍

Saturday 14 April 2018 4:05 am IST
"undefined"

കോട്ടയം: കുട്ടനാടിന്റെ വശ്യത ക്യാമറയില്‍ ഒപ്പിയെടുത്തതിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നിഖില്‍ എസ്. പ്രവീണ്‍ ഇന്ത്യന്‍ സിനിമക്ക് തന്നെ അത്ഭുതമായി. ക്യാമറകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന പ്രഗത്ഭരായ ഛായാഗ്രാഹകന്മാരെ പിന്തള്ളിയാണ് ഇരുപത്തഞ്ചാം വയസ്സില്‍ കോട്ടയം മറ്റക്കരകാരനായ പയ്യന്‍ അവാര്‍ഡ് കൊണ്ടുപോയത്. ജയരാജിനെ മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ഭയാനകത്തിലെ ക്യാമറ ചലിപ്പിച്ചതിനാണ് നിഖിലിന് ദേശീയ അംഗീകാരം ലഭിച്ചത്. 

വിശ്വകഥാകാരന്‍ തകഴിയുടെ 'കയറി'ലെ രണ്ട് ഭാഗങ്ങളെ ആസ്പദമാക്കിയുള്ള സിനിമയില്‍ കുട്ടനാടിന്റെ ദൃശ്യഭംഗി തന്മയത്തോടെ ഒപ്പിയെടുക്കാന്‍ നിഖിലിനായി. രണ്ടാമത്തെ സിനിമയായിരുന്നു ഭയാനകം. രണ്‍ജി പണിക്കര്‍, ആശാ ശരത് എന്നീ മുഖ്യകഥാപാത്രങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ക്യാമറ ചലിപ്പിക്കാനായത് ഭാഗ്യം തന്നെയാണെന്നാണ് നിഖില്‍ പറയുന്നത്. സംവിധായകന്‍ ജയരാജ് തന്ന ഉപദേശങ്ങളും ധൈര്യവുമാണ് തുണയായത്. പതിനെട്ടു ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

 പ്രദീപ് നായര്‍ സംവിധാനം ചെയ്ത കോഡേഷന്‍ ആയിരുന്നു ആദ്യ സിനിമ. സിനിമയില്‍ എത്തുന്നതിന് മുമ്പ് ജയരാജിന്റെ അടക്കം നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പരസ്യചിത്രത്തിനും വേണ്ടി ക്യാമറ ചലിപ്പിച്ചിരുന്നു. സൗണ്ട് എന്‍ജീനിയര്‍ കൂടിയായ ജേഷ്ഠന്‍ അഖിലിനൊപ്പമാണ് ആദ്യമായി ക്യാമറ പിടിച്ച് തുടങ്ങിയത്. സ്റ്റില്‍ ഫോട്ടോഗ്രാഫിയും വീഡിയോയും കൈകാര്യം ചെയ്താണ് ഛായാഗ്രഹണ കലയില്‍ പ്രാവണ്യം നേടിയത്. ഭയാനകത്തിന് ശേഷം ജോഷി മാത്യു സംവിധാനം ചെയ്ത അങ്ങ് ദൂരേ ഒരു ദേശത്ത് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒടുവില്‍ ക്യാമറ പിടിച്ചത്. 

അവാര്‍ഡ് വിവരം ടിവിയില്‍ കൂടിയാണ് അറിഞ്ഞത്. രാവിലെ ജയരാജ് വിളിച്ച് വീട്ടില്‍ത്തന്നെ ഉണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. അവാര്‍ഡ് വിവരം അറിഞ്ഞതോടെ മറ്റക്കരയിലെ തൈപ്പറമ്പില്‍ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദനങ്ങളുമായി ഒഴുകി. വീട്ടിലെത്തിയവരെ അച്ഛനും അമ്മയ്്ക്കും സഹോദരനും മുത്തശ്ശി തങ്കമ്മയും മധുരം നല്‍കിയാണ് സ്വീകരിച്ചത്. 

ജൂഡീഷ്യല്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ച എന്‍.ഡി. ശിവന്റെയും സനിലയുടെയും മകനാണ്.  മറ്റക്കര എച്ച്എസ്, ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം  കൊച്ചിന്‍ മീഡിയാസ് സ്‌കൂളില്‍ നിന്നാണ് സിനിമാട്ടോഗാഫി പഠിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.