ഡോക്ടര്‍മാരുടെ സമരം തുടങ്ങി; നേരിടാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍

Saturday 14 April 2018 4:14 am IST
"undefined"

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെ വലച്ച്്  ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണിത്. 

ഇന്നലെ മിക്ക ആശുപത്രികളിലെയും  ഒപി പ്രവര്‍ത്തിച്ചില്ല. ഇന്നു മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കില്ലന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം നേരിടാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.ആവശ്യ സര്‍വീസായ ആരോഗ്യ വകുപ്പ് രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

മുന്‍കൂട്ടിയുള്ള അവധി അനുവദിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി കണക്കാക്കും. ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യും.. സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം/അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കും.

 പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസതുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കും

കര്‍ശനമായി നേരിടും: മന്ത്രി

കണ്ണൂര്‍: നേരത്തെ വീട്ടില്‍ പോയി നടത്തുന്ന സ്വകാര്യ ചികിത്സയ്ക്ക് തടസ്സം വരുമോ എന്ന ചില ഡോക്ടര്‍മാരുടെ ഭയമാണ് ഒപി സമയം നീട്ടിയതിനെതിരായ സമരത്തിനു പിന്നിലെന്ന് മന്ത്രി കെ.കെ.ശൈലജ. പാലക്കാട് കുമരംപുത്തൂരില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് ആറു വരെ ഒപിയില്‍ ഉണ്ടാവണമെന്ന നിര്‍ദേശം അനുസരിക്കാതിരുന്നതിനാലാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തത്. സംഘടനയിലെ ചിലരുടെ പിടിവാശി കാരണമാണ് ഈ സമരം.  ഗവ. ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.