ബോക്‌സിങില്‍ മേരി കോമിനും ഗൗരവ് സോളങ്കിക്കും വികാസ് കൃഷനും പൊന്ന്

Saturday 14 April 2018 8:37 am IST
അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം. ഉരുക്കുവനിത മേരി കോമും സൗരവ് സോളങ്കിയുമാണ് ഇന്ത്യക്കായി റിങ്ങില്‍ നിന്ന് പൊന്ന് നേടിയത്.

വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരികോം 50 എന്ന നിലയില്‍ മേരികോം ഫൈനലില്‍ പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരി കോമിന്റെ ആദ്യ സ്വര്‍ണ്ണമാണിത്. 2014ലെ ഗ്ലാസ്‌ഗോ ഗെയിംസിലാണ് വനിതാ ബോക്‌സിങ് ആദ്യമായി ഏര്‍പ്പെടുത്തിയത്. അന്ന് മേരി കോമിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇത്തവണ ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷിയെ പരാജയപ്പെടുത്തിയായിരുന്നു മേരി ഫൈനലില്‍ എത്തിയത്. അഞ്ചു തവണ ലോക ചാമ്പ്യനും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല ജേതാവും രാജ്യസഭാംഗവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. കൂടാതെ ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും മൂന്ന് കുട്ടികളുടെ അമ്മയായ മേരിയുടെ പേരിലുണ്ട്. ഇടക്കാലത്ത് റിങിനോട് വിടപറഞ്ഞ മേരികോം കഴിഞ്ഞ വര്‍ഷം തിരിച്ചെത്തി ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി. ഇതിനു ശേഷം ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണ്ണം നേടി. 

കായികരംഗത്തെ നേട്ടങ്ങള്‍ക്ക് രാജ്യം അര്‍ജുന അവാര്‍ഡ്, പദ്മശ്രീ, രാജീവ്ഗാന്ധി ഖേല്‍രത്‌ന, പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി മേരി കോമിനെ ആദരിച്ചിട്ടുണ്ട്. മേരിയുടെ സ്വര്‍ണ്ണത്തിന് പിന്നാലെ പുരുഷന്മാരുടെ 52 കി.ഗ്രാം വിഭാഗത്തില്‍ സൗരവ് സോളങ്കിയും സ്വര്‍ണ്ണം നേടി. വടക്കന്‍ അയര്‍ലന്‍ഡിന്റെ ബ്രണ്ടന്‍ ഇര്‍വിനെയെ ഇടിച്ചിട്ടാണ് സൗരവിന്റെ നേട്ടം. 

75 കി.ഗ്രാം മിഡില്‍ വെയ്റ്റില്‍ വികാസ് കൃഷനും സ്വര്‍ണ്ണം കരസ്ഥമാക്കി. കാമറൂണിന്റെ വില്‍ഫ്രഡ് എന്‍സെഗുവിനെ ഇടിച്ചിട്ടാണ് വികാസ് കൃഷന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണം. കൂടാതെ ബോക്‌സിങ് പുരുഷന്മാരുടെ 49 കി.ഗ്രാം വിഭാഗത്തിലും 60 കി.ഗ്രാം വിഭാഗത്തിലും 91 കി.ഗ്രാം വിഭാഗത്തിലും ഇന്ത്യ വെള്ളി നേടി. അമിത് പന്‍ഗല്‍, മനീഷ് കൗശിക്, സതീഷ്‌കുമാര്‍ എന്നിവരാണ് വെള്ളി നേടി. ഫൈനലില്‍ അമിത് ഇംഗ്ലണ്ടിന്റെ ഗലാല്‍ യഫായിയോടും മനീഷ് ഓസ്‌ട്രേലിയയുടെ ഹാരി ഗാര്‍സൈഡിനോടും സതീഷ് കുമാര്‍ ഇംഗ്ലണ്ടിന്റെ ഫ്രേസര്‍ ക്ലാര്‍ക്കിനോടുമാണ് തോറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.