ശ്രീ‍ജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍ വച്ച്; പോലീസിന്റെ വാദം പൊളിഞ്ഞു

Saturday 14 April 2018 11:01 am IST

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. 

ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പോലീസ് വാദം പൊളിഞ്ഞു. പോലീസ് പിടികൂടുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല എന്ന വാദവും നിലനില്‍ക്കില്ല. അന്യായമായി തടങ്കലില്‍ വച്ചെന്ന വകുപ്പും എഫ്‌ഐ‌ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സ്റ്റേഷനില്‍ വച്ച്‌ ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. 

കസ്റ്റഡിയില്‍ ശ്രീജിത്ത് അതിക്രൂരമായ മര്‍ദനം ഏറ്റാണ് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. കുടല്‍ മുറിയുകയും, തന്മൂലം ഉണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച്‌ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.