സ്‌കൂളുകള്‍ക്ക് ബെഞ്ചും ഡെസ്‌ക്കും നിര്‍മാണം അനുവദിച്ചതില്‍ അഴിമതി

Saturday 14 April 2018 12:52 pm IST

 

അഞ്ചല്‍: സ്‌കൂളുകള്‍ക്ക് ബഞ്ചും ഡസ്‌കും പണിയാന്‍ തുക അനുവദിച്ചതില്‍ കൊല്ലം ജില്ലാപഞ്ചായത്ത് വ്യാപകമായി അഴിമതി നടത്തിയതായി ആരോപണം. 

പ്രതിഷേധവുമായി പിടിഎ ഭാരവാഹികളും പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തി. ജില്ലാപഞ്ചായത്ത് ജില്ലയിലെ 69 സ്‌കൂളുകള്‍ക്ക് വേണ്ടി 25 ലക്ഷം രൂപ മുടക്കി 500 ബെഞ്ചും ഡെസ്‌ക്കും നിര്‍മിക്കാന്‍ നല്‍കിയതിലാണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് പ്രവര്‍ത്തിക്കുന്ന രാജധാനി എന്ന കമ്പനിയാണ് ബെഞ്ചും ഡെസ്‌കും നിര്‍മിക്കാന്‍ ടെന്‍ഡര്‍ എടുത്തിരുന്നത്. അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് വേണ്ടുന്ന  ബഞ്ചും ഡസ്‌കും അഞ്ചല്‍ വെസ്റ്റ്‌സ്‌കൂളില്‍ കൊണ്ടിറക്കിയപ്പോഴാണ്  പിടിഎ  ഭാരവാഹികള്‍ക്ക് അഴിമതി നടന്നതായി ബോധ്യപ്പെട്ടത്. ചെറിയ ചെറിയ സ്‌ക്വയര്‍ ട്യൂബുകളില്‍ പണിത ബെഞ്ചിന്റെയും ഡെസ്‌കിന്റെയും ഫ്രെയിമുകളായിരുന്നു. ഈ ഫ്രെയിമുകളില്‍ അടിപടികള്‍ പോലും ഇല്ലായിരുന്നു. ഈ ഫ്രെയിമുകളുടെ മുകളിലിടാനുള്ള പലകകള്‍ എല്ലാം തന്നെ വെള്ള തടിയുടെയും പുളഞ്ഞു പോയതുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ചല്‍ വെസ്റ്റ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പിടിഎ രംഗത്തുവരികയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ജില്ലാപഞ്ചായത്ത് ഭരണസമിതിയില്‍ തന്നെയുള്ള  ജനപ്രതിനിധികള്‍ അഴിമതി ചോദ്യം ചെയ്തു രംഗത്തുവന്നു. ഇതിനെത്തുടര്‍ന്ന് അഴിമതി നടന്നത് ബോധ്യപ്പെട്ടതുകൊണ്ടു സ്‌കൂളുകളിലേക്ക് കൊണ്ടിറക്കിയിരുന്ന ബെഞ്ചും ഡെസ്‌കും  തിരികെ എടുക്കാന്‍  ജില്ലാപഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ അഴിമതിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാപഞ്ചായത്ത് ഭരണകൂടം തയ്യാറായിട്ടില്ല. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.