പിടിയാനകളുടെ പൂരപ്പറമ്പ്

Sunday 15 April 2018 3:06 am IST
"undefined"

 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഗുരുവായൂര്‍ പദ്മനാഭന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍ ഈ പേരുകള്‍ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍  ഉടന്‍ മറുപടിയെത്തും. കാരണം അവരെല്ലാം പേരെടുത്ത ഗജകേസരികളാണ്. അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ പാലാചെമ്പകം, തോട്ടേക്കാട്ട് പാഞ്ചാലി, കുമാരനല്ലൂര്‍ പുഷ്പ, ചാന്നാനിക്കാട് ഷീല, ചോറ്റാനിക്കര സീത ഈ പേരുകള്‍ കേട്ട് പരിചയമുണ്ടോ?. വേണ്ടത്ര പരിചയമുണ്ടാവാന്‍ വഴിയില്ല, അല്ലെ?. ഇവര്‍ പിടിയാനകളാണ്. ആനപ്രേമികളില്‍ ചുരുക്കം പേര്‍ക്ക് എങ്കിലും അറിയാം. ഇവര്‍ താരമാവുന്ന ഉത്സവങ്ങളുമുണ്ട്. ഗജകേസരികള്‍ക്ക് എത്തിനോക്കാന്‍ പോലുമാവാത്ത ചില ക്ഷേത്രങ്ങളില്‍ തിടമ്പേറ്റുക ഈ ഗജസ്ത്രീകളാണ്. 

ഉത്സവങ്ങള്‍ക്ക് പകിട്ടേകുവാനും ആസ്വാദക സാന്നിദ്ധ്യം ഉയരാനും കരിവീരന്മാര്‍ വന്ന് വണ്ടിയിറങ്ങണം. പേരെടുത്ത കൊമ്പന്മാരുടെ ചിത്രവുമായാണ് ഉത്സവ നഗരി ഉണരുന്നത്. പ്രശസ്ത കലാകാരന്മാരുടേയും ചിത്രങ്ങള്‍ കാണാം. ഇതില്‍നിന്നും വിഭിന്നമായി ഗജസുന്ദരിമാര്‍ അണിനിരക്കുന്ന ഉത്സവങ്ങളും അപൂര്‍വമായിട്ടുണ്ട്. അത് വിരലിലെണ്ണവുന്നവമാത്രം. കൊമ്പന്മാര്‍ക്കാണ് തിരക്കും നിരക്കും. പേരെടുത്ത ആ മഹാന്മാരെ ഏതുകുട്ടിക്കും നന്നായിട്ടറിയാം. എറണാകുളം ജില്ലയില്‍ പിടിയാനകളെ എഴുന്നള്ളിക്കുന്ന ഉത്സവപ്പറമ്പുകള്‍ വിരളമാണ്. അക്കൂട്ടത്തില്‍ പ്രശസ്തമാണ് ചേരാനല്ലൂര്‍ കാത്യായനി ക്ഷേത്രം. കാലങ്ങളായി കൊമ്പന്മാര്‍ ക്ഷേത്രത്തിന്റെ  കിഴക്കേ നടവഴി വരികപോലും പതിവില്ല. കന്യകാഭാവത്തിലുള്ള ഈ ദേവിയുടെ തിടമ്പേറ്റാന്‍ പിടിയാനകള്‍ നിര്‍ബന്ധമാണ്.  അതില്‍ പ്രധാനിയായ തോട്ടേക്കാട്ട് പാഞ്ചാലിയെ ഗജറാണി പട്ടം നല്‍കി ദേവസ്വവും  ഉപദേശകസമിതിയും ആദരിക്കുകയുണ്ടായി. പെരുമ്പാവൂരിന് അടുത്തുള്ള ഇരിങ്ങോള്‍ ക്ഷേത്രത്തിലും പിടിയാനകളെയാണ് എഴുന്നള്ളിക്കുന്നത്. ഇവരെ ആദരിക്കുന്ന, എഴുന്നള്ളിക്കുന്ന  ക്ഷേത്രങ്ങല്‍ ധാരാളമുണ്ടെന്ന് ഗജപാലകര്‍ പറയുന്നു. ത

ടിമില്ലുകളിലാണ് ഈ പിടിയാനകള്‍ക്കു പിടിപ്പതുപണിയുള്ളത്. അതൊക്കെ പഴയകഥ. ഇന്ന് ആ വകപണികള്‍ ക്രെയിന്‍ ഏറ്റെടുത്തുകഴിഞ്ഞു. ടിപ്പര്‍, ട്രാക്ടര്‍, ജെസിബി ഇതെല്ലാം ചെന്നെത്താത്ത ഇടം ഇല്ല എന്നാണ് പിടികളെ മേയ്ക്കുന്നവര്‍ പറയുന്നത്. ഒരുദിവസം ആനയ്ക്ക് ചെലവ് മുവ്വായിരം രൂപവേണം. ഭക്ഷണം, പാപ്പാന് കൂലി, മരുന്ന് എന്നിങ്ങനെ നല്ലചിലവുതന്നെയാണ.് ഒരുവര്‍ഷത്തില്‍ അമ്പതിനും അറുപതിനും ഇടയില്‍ എഴുന്നള്ളിപ്പുകിട്ടിയേക്കാം. അതുകൊണ്ടുവേണം ആനയെ വളര്‍ത്താന്‍.

മദം ഇല്ലെന്ന ഗുണം പിടിയാനകള്‍ക്കുണ്ട്. പണിയില്ലാത്ത ദിവസങ്ങളില്‍ ഒന്ന് വീട്ടില്‍പോകാന്‍ സാധിക്കും. അതിനാല്‍ ആനയെ എവിെടയെങ്കിലും ഉറപ്പായ സ്ഥലത്ത് നിര്‍ത്തിപോകാം. കൊമ്പന്മാരെ അങ്ങനെയൊന്നും പറ്റില്ല. നല്ല ശ്രദ്ധവേണം. തന്നെയുമല്ല തീറ്റ നല്‍കാന്‍ ഒരാള്‍ മതി.  

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിടിയാനകള്‍ ധാരാളമുണ്ട്. അവിടെ നിത്യ എഴുന്നള്ളിപ്പിന് വര്‍ഷക്കാലത്ത് പിടിയാനകളാവും. കൊമ്പന്മാര്‍ മിക്കവാറും നീര്‍ക്കോളിലാവും. അതിനാല്‍ പിടിയാനകള്‍ക്ക് പണി അക്കാലത്താണ്. പത്ത് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ രണ്ടു നാള്‍ വിശ്രമംകൊടുക്കണം. എന്നാലേ ഉറക്കം പൂര്‍ത്തിയാവൂ. തിരക്കുകാലത്ത് ഒരാനയ്ക്കും ഇത് സാധിച്ചെന്നു വരില്ല. ചേര്‍ത്തല, കോട്ടയം തുടങ്ങി തെക്കുഭാഗങ്ങളില്‍ പിടിയാനകള്‍ക്ക് എഴുന്നള്ളിപ്പുകള്‍ ഉണ്ട്.  കുമാരനല്ലൂര്‍, തൃപ്പക്കുടം, കാടമുറി, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ പിടിയാനകള്‍ക്കാണ് ഉത്സവം. ഇംഗ്ലീഷ് മരുന്നുകള്‍ കൊടുത്ത് ആനയുടെ ദിനചര്യകള്‍ മാറ്റിയെടുക്കുകയാണ്. പ്രത്യേകിച്ചും മദക്കാലം. ഇത് അത്ര നല്ലതല്ലെന്നാണ് ആനപാലക ഭാഷ്യം. എരണ്ടക്കെട്ട് എന്ന മലബന്ധമാണ് ആനകളെ ബാധിക്കുന്ന മാരകമായ അസുഖം. നടക്കല്‍ എന്നത് ഇല്ല, ദിവസവും അറുപതു കിലോമീറ്റര്‍ നടക്കുവാന്‍ യാതൊരുബുദ്ധിമുട്ടും ആനകള്‍ക്കില്ല. നിയമവും മുതലാളി നയവും കാരണം വഴികളിലൂടെയുള്ള നടപ്പ് കുറഞ്ഞു. പകരം ലോറിസവാരിയാണ് എങ്ങും.

ആനകളെ സ്‌നേഹിക്കുന്നവര്‍ ധാരാളമാണ്. ഒരുപേടിയും ആര്‍ക്കുമില്ല. വന്യജീവിയാണ് ആന. ഏതുനിമിഷവും ഇതിന്റെ ബുദ്ധിമാറാം. കമ്പക്കാര്‍ക്കിതിനെക്കുറിച്ച് അറിയില്ല. തുമ്പികൈയില്‍ വച്ച് തീറ്റസാധനം കൊടുക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമല്ല. വായില്‍ തന്നെ കൊടുക്കണം. കൈവിരല്‍ കടിച്ചെടുക്കന്‍ സാദ്ധ്യത കൂടുതലാണ്.  പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. ആനക്കാരന്‍ പറഞ്ഞു.  ആനക്കമ്പത്തിന് ആണ്‍ പെണ്‍ വ്യത്യാസമില്ലല്ലോ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.