കുടിക്കാന്‍ നല്ലത് കുപ്പിവെള്ളമല്ല

Sunday 15 April 2018 3:15 am IST
"undefined"

കൊടുംചൂടില്‍ വാടിത്തളര്‍ന്ന് സഞ്ചരിക്കുമ്പോള്‍  ഒരിറ്റുവെള്ളം കുടിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്ത് വെള്ളം കിട്ടിയാലും കുടിച്ചുപോകുന്ന അവസ്ഥ. പക്ഷേ കുഴല്‍വെള്ളമോ കിണര്‍വെള്ളമോ കുടിക്കാന്‍ നാം മടിക്കും. എന്നാല്‍ വഴിവക്കിലെ കടയില്‍ പൊരിവെയില്‍ കൊണ്ട് തൂങ്ങിക്കിടക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പി കണ്ടാല്‍ വാങ്ങി വായില്‍ കമിഴ്ത്താന്‍ തെല്ലും മടിക്കാറില്ല. കാരണം വിഷലേശമില്ലാത്ത നിര്‍മ്മല ജലമാണ് കുപ്പിയിലെത്തുന്ന മിനറല്‍ വാട്ടര്‍. അതില്‍ അണുവില്ല. കൃമിയില്ല...ഘനലോഹങ്ങളില്ല. അതിനാല്‍ കുടിക്കാന്‍ ഏറ്റവും നല്ലത്...പക്ഷേ ഈ വിശ്വാസം വെറും പഴങ്കഥയാവുന്നു. മിനറല്‍ കുപ്പിവെള്ളം എന്നാല്‍ വിഷധൂളികള്‍ നിറഞ്ഞത് എന്നാണ് പുതുകഥ. കഥയല്ല കാര്യം!

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പറയുന്നത്, കുപ്പിവെള്ളം സുരക്ഷിതമല്ല. മിക്കതിലും അപകടകാരികളായ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിരിക്കുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 11 ബ്രാന്‍ഡുകളില്‍പ്പെടുന്ന സീല്‍ചെയ്ത 250 വെള്ളക്കുപ്പികള്‍ അരിച്ചുപെറുക്കി പരിശോധിച്ച ശേഷമാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഈ നിഗമനത്തിലെത്തിയത്.  ആകെ ശേഖരിച്ച കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ചൈന, ഇന്‍ഡോനേഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്റ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചതാണ് വെള്ളക്കുപ്പികള്‍. ശരാശരി ഒരു കുപ്പിയില്‍ 325 പ്ലാസ്റ്റിക് ധൂളികളെങ്കിലും ഗവേഷകര്‍ കണ്ടെത്തി. ചില കുപ്പികളില്‍ പതിനായിരം പ്ലാസ്റ്റിക് തരികള്‍ വരെയാണ് അവര്‍ കണ്ടെത്തിയത്രെ.

''ഞെട്ടിപ്പിക്കുന്ന ഗവേഷണഫലം''- ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം (യുഎന്‍ഇപി) മേധാവി എറിക് സോള്‍ഹെം പ്രതികരിച്ചതിങ്ങനെയാണ്. ലോകത്ത് ഒരൊറ്റ ആള്‍ പോലും പ്ലാസ്റ്റിക് തിന്നാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. സോള്‍ഹെം ഞെട്ടിയതിന് മറ്റൊരു കാരണംകൂടിയുണ്ട്- ശുദ്ധജലക്ഷാമംമൂലം വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന 2.1 ദശലക്ഷം മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് സാക്ഷാല്‍ കുപ്പിവെള്ളത്തെയാണ്. ഒരു കണക്കുകൂടി നാം അറിയണം. മാലിന്യജലം കുടിച്ചുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ച് പ്രതിദിനം മരിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം 4000.

െവള്ളം നിറച്ച കുപ്പികളില്‍ പ്ലാസ്റ്റിക് അടപ്പ് ഉറപ്പിക്കുമ്പോഴാണ് ഈ മലിനീകരണം നടക്കുന്നതത്രെ. അടപ്പ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളി പ്രോപ്പലിന്‍, നൈലോണ്‍, പോളിത്തിന്‍ ടെറഫ്തലേറ്റ് (പെറ്റ്) എന്നിവയും കുപ്പിവെള്ളത്തിനുള്ളില്‍ കണ്ടെത്തി. ഇത്തരം വെള്ളം കുടിച്ചാല്‍ മനുഷ്യരില്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വിവിധതരം അര്‍ബുദങ്ങള്‍, ഓട്ടിസം, ബീജത്തിന്റെ അളവ് കുറയുന്ന അവസ്ഥ, കുട്ടികളിലുണ്ടാകുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ എന്നിവ അവയില്‍ ചിലത് മാത്രം. ഇത് സംബന്ധിച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍ 2016 ല്‍ പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോര്‍ട്ട് ഇപ്രകാരം പറയുന്നു- വെള്ളത്തിലൂടെ ഉള്ളില്‍ കടന്നുകയറുന്ന മൈക്രോ പ്ലാസ്റ്റിക് അഥവാ പ്ലാസ്റ്റിക് പൊടിയില്‍ 90 ശതമാനവും വിസര്‍ജ്യത്തിനൊപ്പം പുറത്തുപോകും. ശേഷിച്ച പത്ത് ശതമാനം കുടലിലെ ലിംഫാറ്റിക് വ്യവസ്ഥയില്‍ നുഴഞ്ഞുകയറും. തുടര്‍ന്ന് രക്തചംക്രമണത്തിലൂടെ വൃക്കയിലെത്തും. അതിന്റെ ദോഷങ്ങളറിയണമെങ്കില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് ലോക ഭക്ഷ്യ-കൃഷി സംഘടന പറയുന്നത്.

അതുകൊണ്ടാണ് നോര്‍ത്ത് കരോലീനാ സര്‍വകലാശാലയിലെ ടോക്‌സിക്കോളജി (വിഷശാസ്ത്രം) പ്രൊഫസര്‍ സ്‌കോട്ട് ബല്‍ച്ചര്‍ ഇങ്ങനെ പറയുന്നത്- നല്ലത് കിണറ്റിലെയും കുഴലിലെയും (ടാപ്പ്) വെള്ളം കുടിക്കുന്നതുതന്നെ. ആ വെള്ളം മാലിന്യം നിറഞ്ഞതാണെങ്കില്‍ മാത്രം കുപ്പിവെള്ളത്തെക്കുറിച്ച് ആലോചിക്കുക.

ഇന്ത്യയിലെ കഥയും വ്യത്യസ്തമല്ല. 2016-17 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായി) ഇതേപോലൊരു സാമ്പിള്‍ ശേഖരണം നടത്തി. മൊത്തം 743 കുപ്പിവെള്ളം ശേഖരിച്ചായിരുന്നു പരീക്ഷണം. അതില്‍ മൂന്നിലൊന്നിലും മാലിന്യമുണ്ടെന്നായിരുന്നു ഫസായിയുടെ കണ്ടെത്തല്‍. പാര്‍ലമെന്റിലും ഇക്കാര്യം വ്യക്തമാക്കപ്പെട്ടു.

വിവിധ സ്രോതസ്സുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ അണുനശീകരണം നടത്തുമ്പോഴാണ് കുപ്പിവെള്ളം ശുദ്ധമാവുക. ഭക്ഷ്യസുരക്ഷയ്ക്ക് സ്വീകാര്യമാവുന്ന തലംവരെ സൂക്ഷ്മജീവികളുടെ എണ്ണം കുറയ്ക്കണം. ലോഹാംശം അനുവദനീയമായതിലും തെല്ലും കൂടാന്‍ പാടില്ല. ഇങ്ങനെ പോകുന്നു നിയമങ്ങള്‍. പക്ഷേ ജലസ്രോതസ്സുകള്‍ മലിനമാകുന്ന ഈ കാലഘട്ടത്തില്‍ അറിഞ്ഞും അറിയാതെയും കുപ്പിവെള്ളം വെറും അഴുക്കുചാല്‍ വെള്ളമാവാനുള്ള സാധ്യതയും കുറവല്ല. അതിനും പുറമെയാണ് മുറുക്കാന്‍കടകളില്‍ പൊരിവെയിലത്ത് കെട്ടിത്തൂങ്ങിക്കിടന്ന് പ്ലാസ്റ്റിക് മലിനീകരണം അനുഭവിക്കുന്ന വെള്ളക്കുപ്പികളുടെ ദുര്‍ഗതി. അതിനാല്‍ നമുക്കും ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. കിണറുവെള്ളം കുടിച്ച് ദാഹമകറ്റാം.

വാല്‍ക്കഷണം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ കേവലം 142 എണ്ണത്തിനു മാത്രമാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അംഗീകാരമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.