വളർത്തുപക്ഷി പരിപാലനം

Sunday 15 April 2018 2:33 am IST
"undefined"

വളര്‍ത്തു പക്ഷി വ്യവസായം വലിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. അല്‍പ്പം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ മികച്ച വരുമാനം നേടാന്‍ സാധിക്കും. ശരീരത്തിനാവശ്യമായ രീതിയില്‍ മാംസ്യം, കൊഴുപ്പ്, ഊര്‍ജ്ജം എന്നിവ നിസ്സാരമായ ചെലവിലും കുറഞ്ഞ അളവിലുമുള്ള ആഹാരത്തിലൂടെ ലഭ്യമാക്കുക എന്നത് വ്യക്തിഗതമായ ആവശ്യത്തില്‍ നിന്ന് ഒരു സാമൂഹികാവശ്യമായിമാറിയിരിക്കുന്ന കാലമാണിത്. പ്രൊട്ടീനും കലോറിയും ശരീരത്തിന് നല്‍കുന്നു എന്നതിനൊപ്പം സ്വാദിഷ്ഠമായ രീതിയില്‍ പാകം ചെയ്യുന്ന മാംസാഹാരത്തിന്റെ വാണിജ്യസാധ്യതയും കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നീ വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നു.

മാംസം, മുട്ട ആവശ്യങ്ങള്‍ക്കായി കോഴി, താറാവ്, ടര്‍ക്കി എന്നീ ഇനം പക്ഷികളെ ഫാമുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടികൊടുക്കുന്നു.  കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിലും പരിചരണത്തിലും നല്ല രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്. ഇറച്ചി ആവശ്യത്തിനായി ബ്രോയ്‌ലര്‍, കോക്കറെല്‍ എന്നീ ഇനത്തിലുള്ള കോഴികളേയും മുട്ട ആവശ്യത്തിനായി ലെയര്‍ കോഴികളേയുമാണ് വളര്‍ത്തേണ്ടത്. ബ്രോയ്‌ലര്‍, ലെയര്‍ എന്നീ കോഴിവളര്‍ത്തല്‍ വ്യവസായങ്ങളാണ് പ്രചാരത്തിലുള്ളത്. 40 മുതല്‍ 42  ദിവസങ്ങളാണ് ബ്രോയ്‌ലര്‍ കോഴികളുടെ വളര്‍ച്ച പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ കുറഞ്ഞ കാലം മുഖ്യ വിഷയമായി പരിഗണിച്ച്, വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വളരെ കരുതലോടെയുള്ള പരിചരണം നല്‍കണം. 72 ആഴ്ചയോളം വളര്‍ത്താവുന്ന ലെയര്‍ കോഴികളില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 300 മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ഫാമുകളുടെ നിര്‍മ്മാണം

കുറ്റമറ്റതായിരിക്കണം ഫാമുകള്‍. നല്ല രീതിയിലുള്ള വായുസഞ്ചാരവും വെളിച്ചവും കോഴികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. തിരക്കും ശബ്ദവും കുറഞ്ഞ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ഫാമുകള്‍ സജ്ജീകരിക്കുന്നതാണ് ഉചിതം. ഗ്രാമീണ മേഖലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ സ്ഥലവും മിതമായ കൂലിക്ക് തൊഴിലാളികളേയും ലഭിക്കുമെന്നതാണ് പ്രത്യേകത.  പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുമ്പായി ഫാം ഷെഡ്ഡുകള്‍ വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ഫാമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ആവശ്യം കഴിഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണം, കോഴികളെ ആക്രമിക്കുന്ന മറ്റ് ജീവികളെ അകറ്റി നിറുത്തുന്ന തരത്തിലായിരിക്കണം ഫാമുകള്‍ സജ്ജമാക്കേണ്ടത്. 40 മീറ്ററെങ്കിലും അകലം പാലിച്ചാണ് ഷെഡ്ഡുകള്‍ നിര്‍മ്മിക്കേണ്ടത്, കൂടാതെ ഷെഡ്ഡിനുള്ളില്‍ മഴയേല്‍ക്കാനോ വെള്ളം ഒഴുകാനോ ഇടവരരുത്. നിലത്തുനിന്നും ഒന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഷെഡ്ഡിന് കീഴെ അടിഞ്ഞുകൂടുന്ന കോഴിക്കാഷ്ഠം അതതു സമയത്ത് നീക്കം ചെയ്യാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് മഴക്കാലാരംഭത്തിന് മുമ്പ്. ബാക്ടീരിയ, വൈറല്‍, ഫങ്കസ് എന്നിവ കോഴികളുടെ ആരോഗ്യത്തെ ബാധിക്കുന്നതും രോഗം പടര്‍ത്തുന്നവയുമാണ്. ശ്രദ്ധക്കുറവുമൂലമുണ്ടാകുന്ന രോഗവ്യാപനം ഫാമിലെ മുഴുവന്‍ കോഴികളേയും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് മാറാം. വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ അഭാവവും കോഴികളെ ബാധിച്ചേക്കാം. വൈദ്യപരിചരണവും ആവശ്യമായ മരുന്നുകളും ഉപയോഗിച്ച് കോഴികളെ രോഗബാധയില്‍ നിന്ന് സംരക്ഷിച്ചാല്‍ വ്യവസായത്തിന്റെ നല്ല തുടര്‍ച്ച ഉറപ്പുവരുത്താം.

ഫാമുകളുടെ നിര്‍മ്മാണച്ചെലവ് കെട്ടിടങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും, വ്യാവസായിക ഉത്പാദനത്തിനുള്ള സ്വദേശി, വിദേശി ഇനങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ നേരിട്ടെത്തിച്ച്  കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാലത്ത് സജീവമാണ്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ വായ്പകളും സര്‍ക്കാര്‍ സബ്‌സിഡികളും ലഭ്യമായ ഇക്കാലത്ത് വ്യവസായാരംഭം ഏറെക്കുറെ എളുപ്പമാണ്. പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന ധാന്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് ഫാമുകളില്‍ വെച്ച് പൊടിച്ച് മിശ്രിതമാക്കി നല്‍കുന്നത് ലാഭകരമാണ്, ഫാമുകളില്‍ ഉണ്ടാക്കുന്ന മിശ്രിതത്തിന്റെ പോഷകഗുണത്തെക്കുറച്ച് കൂടുതല്‍ കരുതല്‍ ഉത്പാദകന് ആവശ്യമാണ്. വിപണിയില്‍ നിന്ന് കോഴിത്തീറ്റ വാങ്ങുമ്പോള്‍ ടണ്ണിന് അയ്യായിരം രൂപവരെ അധികം നല്‍കേണ്ടിവരും. ഗോതമ്പ്, സോയ, ചോളം, കടല എന്നിവ ഫാമില്‍ വെച്ചുതന്നെ പൊടിച്ച് കോഴിത്തീറ്റ തയ്യാറാക്കുന്നതാണ് ഉചിതം.

"undefined"
നൂറ് മേനി വിളഞ്ഞ് ഷമാം; യുവ കർഷകൻ്റെ വിജയകഥ

പൂപാലന്‍

അറേബ്യന്‍ രാജ്യങ്ങളിലെ പഴവര്‍ഗമായ ഷമാം മലയാള മണ്ണില്‍ നൂറ് മേനി വിളവ് നല്‍കുകയാണ്. ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലെ യുവകര്‍ഷകനായ കൂപ്പള്ളില്‍ ശ്രീകുമാറാണ് ഷമാം തോട്ടം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഏക്കര്‍പാടത്താണ് 700 ചുവട് ഷമാം നട്ടത്. തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കുത്തന്‍ ഇനമാണ് നട്ടത്. ഏറ്റവും മികച്ച വിത്തിനമാണ് കുത്തന്‍. നട്ട് അമ്പതാം ദിവസം മുതല്‍  വിളവെടുക്കാമെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. രണ്ടു കിലോഗ്രാം തൂക്കം വരുന്ന ഷമാവാണ് ശ്രീകുമാറിന്റെ തോട്ടത്തില്‍ വിളഞ്ഞിരിക്കുന്നത്. മാര്‍ക്കറ്റില്‍ 50 രൂപയുണ്ടെങ്കിലും 30 രൂപയ്ക്കാണ് വില്‍ക്കുന്നത്. പെരുമ്പളം ദ്വീപില്‍ കൃഷി പ്രയാസമാണെങ്കിലും കൃത്യമായ കൃഷി രീതിയിലൂടെയാണ് ഷമാം വിളയിച്ചത്. 

ചാണകവും, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിവളവും ചേര്‍ത്താണ് തടം ഒരുക്കിയത്. പിന്നീട് കടല്‍പായല്‍ അധിഷ്ഠിതമായി സീവീഡ്  ജെല്ലും, വെജിറ്റബിള്‍ ടോപ്പ് അപ്പും ഡ്രിപ് വഴി നല്‍കി. ഇറാനില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ വിപണിയിലേക്കെത്തിയിരുന്ന ഷമാം പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. 

വെള്ളരി വര്‍ഗത്തില്‍പ്പെട്ട പോഷക സമ്പന്നമായ ഈ വിള ഏറെഔഷധ ഗുണമുള്ളതാണ്. എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥ ഷമാം കൃഷിക്ക് യോജിച്ചതല്ല. അതിനാല്‍ സംസ്ഥാനത്ത് നാമമാത്രമായ കര്‍ഷകരാണ് ഷമാം കൃഷിചെയ്യുന്നത്. ഇവയില്‍ അധികവും മഴമറകളിലാണ്. എന്നാല്‍ വയലില്‍

അപൂര്‍വ്വമായേ ഷമാം കൃഷിയുള്ളൂ. ഇത്തവണ മഴ കുറഞ്ഞതും ചൂടുകൂടിയതുമാണ് കൃഷിക്ക് അനുയോജ്യമായതെന്ന് ശ്രീകുമാര്‍ പറയുന്നു. ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡുള്ള ഫലമാണ് ഷമാം. തണ്ണിമത്തന് സമാനമായ ഇതിന്റെ കായ്കളിലെ ഭക്ഷ്യയോഗ്യമായ ഭാഗം മഞ്ഞ നിറമാണ്. ഷമാമിനൊപ്പം മറ്റു പച്ചക്കറികളും ശ്രീകുമാര്‍ കൃഷി ചെയ്യുന്നുണ്ട് വിഷുവിന് 5,000 കിലോഗ്രാം വെള്ളരിയും 2,000 കിലോഗ്രാം തണ്ണിമത്തനും വിറ്റു. തൈകള്‍ ഉത്പാദിപ്പിച്ചാണ് ശ്രീകുമാറിന്റെ ഉപജീവനം. ശ്രീകുമാറിന്റെ കൃഷിക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ ഷീനയും മക്കള്‍ ശ്രേയും ശ്രീശിഖയും ഒപ്പമുണ്ട്. ശ്രീകുമാര്‍: 9446122740.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.