സമതയുടെയും ഐശ്വര്യത്തിൻ്റെയും വിഷു

Sunday 15 April 2018 2:35 am IST
"undefined"

കര്‍ണികാരം മിഴിതുറന്ന് സ്വച്ഛന്ദതയില്‍ നീരാടി കോടിവസ്ത്രമണിഞ്ഞ് കളഭം ചാര്‍ത്തി വിലസുന്നു. സൗരയൂഥത്തിലെ നാഥന്‍ പ്രശോഭിത സൂര്യന്റെ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്കുള്ള പുതുപ്രവേശനം - മേടസംക്രാന്തി. ഈ സുദിനം കേരളീയര്‍ അത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. 

കേരളീയര്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന ഒരു സുപ്രധാന കാര്‍ഷികോത്സവമാണ് വിഷു. വിഷുദിനത്തില്‍ സംഭവിക്കുന്ന ഗുണദോഷഫലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഫലങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ചലന ഗതിയില്‍ അനിവാര്യമായും നിയതമായും ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഇവിടെ ജ്യോതിശ്ശാസ്ത്രമനുസരിച്ച് നിലനിന്നിരുന്ന പഞ്ചാംഗപ്രകാരം മേടം ഒന്നിന് മേടം രാശിയിേലക്കുള്ള സൂര്യന്റെ പ്രയാണമാണ്. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്കുള്ള പ്രയാണത്തിനാണ് സംക്രാന്തി എന്നതിനാല്‍ വിവക്ഷിതമായിട്ടുള്ളത്. 

വിഷുവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ കൂട്ടത്തില്‍ വിഷുക്കണിയ്ക്കും വിഷുക്കൈനീട്ടത്തിനും ഏറെ പ്രാധാന്യമുണ്ട്. മേടം പുലരുന്നതിനു മുമ്പുതന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കുന്നു. പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളിക്കരികെ തിരിതെളിയുന്ന നിലവിളക്ക്. ശ്രീകൃഷ്ണ വിഗ്രഹവും ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും മാങ്ങയും നാണയവും തുടങ്ങി നയനാനന്ദകരവും ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണി ഒരുക്കിക്കൊണ്ട് പ്രകൃതിയെ കണികാണിച്ചുകൊണ്ട് മേടം രാശിയെ സ്വാഗതം ചെയ്യുന്നു. പ്രകൃതിസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി ഇതിനെ നോക്കിക്കാണാം.  

കണി കണ്ട് സര്‍വ്വൈശ്വര്യങ്ങളും മുതിര്‍ന്നവരുടെയും കുട്ടികളുടെയും അന്തരംഗത്തില്‍ സ്വായത്തമാക്കിക്കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം സമ്മാനമായി വിഷുക്കൈനീട്ടം നല്‍കുന്നത് സാര്‍വ്വത്രികമാണ്. പരസ്പരം പങ്കുവെയ്ക്കലിന്റെ ഒരു സംസ്‌കാരം വളര്‍ത്താനും മാതൃകയാക്കാനും ഇതുപകരിക്കുന്നു.    

കണി കാണുന്നതോടെയാണ് വിഷുവാഘോഷം ആരംഭിക്കുന്നതെങ്കിലും പനസം വെട്ടുക എന്ന ഒരു ചടങ്ങുകൂടി ഉത്സവാരംഭത്തിന്റെ ഭാഗമാണ്. ഈയിടെയായി കേരളീയരുടെ ജീവിതമാര്‍ഗ്ഗങ്ങളില്‍ തിരിച്ചുപോകാനാവാത്തവിധം വ്യതിയാനം സംഭവിച്ചിരിക്കുന്നു, പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍. പൊങ്ങച്ചത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ നിയന്ത്രണമില്ലാതെ അതിവേഗം കാറ്റിലുലഞ്ഞ ലക്ഷ്യമില്ലാത്ത പായ്ക്കപ്പല്‍ പോലെ അലയുന്ന മനുഷ്യന് അടിസ്ഥാനമായ പലതും കൈമോശം വന്നുപോയിരിക്കുന്നു. കാലചംക്രമണത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഋതുഭേദം സംഭവിക്കുന്നതിന്റെ ഫലമായി പ്രകൃതിയില്‍ സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളാതെ പോകുന്നു. ഈ മാറ്റങ്ങള്‍ക്കു വിധേയമായി അതതു സമയത്ത് നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും യോജിച്ച വിഭവങ്ങള്‍ കനിഞ്ഞുതരാറുണ്ട്. ഈ സമയത്ത് ലഭിക്കുന്നതില്‍ അധികവും ചക്കയും മാങ്ങയും തന്നെയാണ്. വിഷുവിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ് പനസം (വരിക്കച്ചക്ക). കുടുംബനാഥന്‍ പനസം വെട്ടുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. ചോറൊഴികെ മിക്കവാറും എല്ലാ വിഭവങ്ങളും ചക്കകൊണ്ടായിരിക്കും. ചക്ക എരശ്ശേരി, ചക്ക വറുത്തത്, ചക്കത്തോരന്‍ അങ്ങനെ പോകുന്നു വിഭവങ്ങള്‍.

ഐശ്വര്യത്തിന്റെ സ്വര്‍ണ്ണനിറം പകര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ പ്രാധാന്യം വിഷുവുമായി ബന്ധപ്പെട്ട് ഏറെയാണ്. വസന്തത്തിന്റെ വരവറിയിക്കുന്നതാണ് കണിക്കൊന്നയുടെ   പൂത്തുനില്‍ക്കല്‍. വിഷു ആരംഭിച്ചാല്‍പ്പിന്നെ എല്ലാ വീടുകളിലും ആരാധനാലയങ്ങളിലും കണിക്കൊന്നയും കണിവെള്ളരിയും പൂമുഖത്ത് തൂക്കുന്നതോടെ വസന്തത്തെയും വിളവെടുപ്പിനെയും സ്വാഗതം ചെയ്യുകയായി. രണ്ടിന്റെയും നിര്‍മ്മലമായ മഞ്ഞനിറത്തിലൂടെ വിവക്ഷിക്കപ്പെടുന്നത് ഐശ്വര്യവും സമാധാനവും തന്നെയാണ്. 

എല്ലാ ആഘോഷങ്ങളിലുമെന്നപോലെ വിഷു ആഘോഷങ്ങള്‍ക്കും പല ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത് മുഖ്യമായും കൃഷിയെ സംബന്ധിച്ചതാണ്. ചാലിടല്‍, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. 

ഇങ്ങനെ പല ആചാരങ്ങളും ആഘോഷങ്ങളും നിലനില്‍ക്കുകയും ശാസ്ത്രീയമായി നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് ധര്‍മ്മം ആചാരപ്രഭവോ ധര്‍മഃ എന്ന വൈദിക മന്ത്രത്തെ അന്വര്‍ത്ഥമാക്കുന്നത്. അതുവഴി മാത്രമേ പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്മനസ്സ് കൈവരൂ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേയും സ്‌നേഹത്തിന്റെയും വിഷുവിനെ നമുക്ക് അത്യുത്സാഹപൂര്‍വ്വം വരവേല്‍ക്കാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.