വിഷു വിഭവങ്ങൾ

Sunday 15 April 2018 2:43 am IST

വിഷു സമൃദ്ധിയുടെ ആഘോഷമാണ്. വിഭവ സമൃദ്ധമായ സദ്യതന്നെയാണ് വിഷുവിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു സദ്യ ഒരുക്കുന്നതിലും ഏറെ വ്യത്യാസമുണ്ട്. വടക്കന്‍ ജില്ലകളില്‍ ഓണത്തേക്കാള്‍ നന്നായി ആഘോഷിക്കുന്നത് വിഷുവാണ്. വിവിധ തരം വിഭവങ്ങളും പായസവും ഒക്കെയായി സമൃദ്ധമായ സദ്യയൊരുക്കും. മാമ്പഴവും ചക്കയും ഒക്കെ യഥേഷ്ടം ലഭ്യമായതിനാല്‍ അതുകൊണ്ടുള്ള വിഭവങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ടാകും. 

പഴയകാലത്തെ കാര്‍ഷിക സമൃദ്ധിയെ ഓര്‍മ്മപ്പെടുത്തുന്ന വിഷു കഞ്ഞിയെന്ന ഏര്‍പ്പാട് മലബാര്‍ മേഖലയിലുണ്ട്. കൂടാതെ വിഷുക്കട്ട, വിഷുപ്പുഴുക്ക് എന്നിവയും വിഷുവിനോട് അനുബന്ധിച്ച് തയ്യാറാക്കാറുണ്ട്. 

വിഷുക്കഞ്ഞി

ആവശ്യമുള്ള സാധനങ്ങള്‍

ചുവന്ന അരി-മൂന്ന് കപ്പ്

പച്ചരി- ഒരു കപ്പ്

തുവര പരിപ്പ്- ഒരു കപ്പ്

തേങ്ങ ചിരവിയത്- ഒന്ന്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവന്ന അരി, പച്ചരി, തുവര പരിപ്പ് എന്നിവ ഉപ്പു ചേര്‍ത്ത് കഞ്ഞിക്കു പരുവമാകുന്നതുവരെ വേവിക്കുക. വെന്ത ശേഷം വാങ്ങാറാകുമ്പോള്‍ ഉപ്പു ചേര്‍ത്ത്  തേങ്ങയിടുക. അഞ്ച് മിനിട്ട് തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. 

വിഷുക്കട്ട

പച്ചരി- ഒരു നാഴി

തേങ്ങ ചിരവിയത്- രണ്ടെണ്ണം

ജീരകം- ഒരു നുള്ള്

ചിരവിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുത്ത് വയ്ക്കുക. മൂന്നാം പാലില്‍ പച്ചരിയിട്ട് വേവിക്കുക. ആവി വന്നുകഴിഞ്ഞാല്‍ അതിലേക്ക് രണ്ടാം പാല്‍ ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വേവിക്കുക. ഏതാണ്ട് വറ്റി വരുമ്പോള്‍ ജീരകം പൊടിച്ച് ചേര്‍ക്കുക. ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ക്കുക. കുറച്ചുനേരം കഴിഞ്ഞ് ഇതൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക. കുറച്ചുകഴിയുമ്പോള്‍ ഈ മിശ്രിതം കട്ടയാകും. ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കാം.

വിഷുപ്പുഴുക്ക്

ആവശ്യമുള്ള സാധനങ്ങള്‍

വിഷുവിന് മധുരം മാത്രമല്ല പുഴുക്കും വളരെ സ്‌പെഷ്യല്‍ വിഭവമാണ്. പുഴുക്ക് ഒരുവിധം എല്ലാ കുടുംബങ്ങളിലും ഉണ്ടാക്കാറുണ്ട്. പലതരം പുഴുക്ക് ഉണ്ടെങ്കിലും വിഷുപുഴുക്ക് എല്ലാവരുടെയും പ്രിയപ്പെട്ടതാണ്.

ആവശ്യമുള്ള സാധനങ്ങള്‍:

1. ഇടിച്ചക്ക പകുതി കഷ്ണം

2. മത്തന്‍ (പഴുത്തത്)- ഒരു കഷ്ണം

3. വന്‍പയര്‍- 1/4 കപ്പ്

4. വാഴക്കായ് -ഒരു എണ്ണം

5. അമരക്കായ്- അഞ്ച് എണ്ണം

6. മുളകുപൊടി- ഒരു സ്പൂണ്‍

7. മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍

8. ഉപ്പ് -ആവശ്യത്തിന്

9. വെളിച്ചെണ്ണ- ആവശ്യത്തിന്

മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍:

പച്ചമുളക് -രണ്ട്

നാളികേരം -ഒരു മുറി

കറിവേപ്പില കുറച്ച് (ഇവ മൂന്നും നന്നായി അരച്ചെടുക്കുക)

തയ്യാറാക്കുന്ന വിധം

 

1, 2, 4, 5 ചേരുവകള്‍ ഇടത്തരം കഷ്ണങ്ങളായി നുറുക്കുക. വന്‍പയര്‍ വേവിച്ച് മാറ്റിവെക്കുക. ചക്ക, വാഴയ്ക്ക എന്നിവ വേവിക്കുക. ഇവ പകുതി വെന്തുകഴിയുമ്പോള്‍ അമരക്കയും മത്തനും ചേര്‍ക്കുക. വെന്തുവരുമ്പോള്‍ നേരത്തെ വേവിച്ച വന്‍പയര്‍, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കി വാങ്ങിവെക്കുക.

ചക്ക എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍

നല്ല വിളഞ്ഞ ചക്കയുടെ ചുള ചെറിയ കഷണങ്ങളാക്കിയത്- നാല് കപ്പ്

മഞ്ഞള്‍ പൊടി- ഒരു ചെറിയ ടീസ്പൂണ്‍

മുളക് പൊടി- ഒരു സ്പൂണ്‍

ഉപ്പ്- പാകത്തിന്

തേങ്ങ ചുരണ്ടിയത്-രണ്ട് എണ്ണം

ജീരകം- ഒരു ചെറിയ സ്പൂണ്‍

കറിവേപ്പില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിച്ച് വേവിക്കുക. തേങ്ങ ചുരണ്ടിയത് പകുതിയും ജീരകവും കൂട്ടി മയത്തില്‍ അരച്ച് വയ്ക്കുക. വെന്ത ചക്കക്കൂട്ടിലേക്ക് കറിവേപ്പിലയും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷിക്കുന്ന തേങ്ങയും കറിവേപ്പിലയും ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരി കറിയില്‍ യോജിപ്പിക്കുക. നന്നായി കുറുകി കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. 

 ഏത്തപ്പഴം പായസം 

ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ഏത്തപ്പഴം- അഞ്ച് എണ്ണം

തേങ്ങ ചിരവിയത്- രണ്ട്

ശര്‍ക്കര- അര കിലോ

നെയ്യ്-രണ്ട് സ്പൂണ്‍

ഏലയ്ക്കാപ്പൊടി-പാകത്തിന്

കശുവണ്ടിപ്പരിപ്പ്- പത്തെണ്ണം

തേങ്ങ ചെറുതായി അരിഞ്ഞത്- രണ്ട് വലിയ സ്പൂണ്‍

ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി നാരും തൊലിയും കളഞ്ഞ ശേഷം നന്നായി ഉടച്ചു വേവിക്കുക. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്ത് വയ്ക്കുക. ശര്‍ക്കര തിളപ്പിച്ച് അരിച്ചെടുത്ത് അഴുക്ക് മാറ്റുക. ശര്‍ക്കരയിലേക്ക് ഏത്തപ്പഴം ഉടച്ചതും നെയ്യും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക. ഇതിലേക്ക് മൂന്നാം പാല്‍ ഒഴിച്ച് ഇളക്കി വറ്റിയ ശേഷം രണ്ടാം പാല്‍ ഒഴിക്കുക. അത് പാകമാകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് വാങ്ങുക. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. പിന്നീട് കശുവണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞതും തേങ്ങ അരിഞ്ഞതും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കുക. 

മാമ്പഴക്കാളന്‍ 

ആവശ്യമുള്ള സാധനങ്ങള്‍

1. നല്ല പഴുത്ത കറിമാമ്പഴം-  അരക്കിലോ

2. മഞ്ഞള്‍ പൊടി-  1 ടീസ്പൂണ്‍

3. മുളക്‌പൊടി - 1 ടീസ്പൂണ്‍

4. ഉപ്പ് - ഒരു ടീസ്പൂണ്‍

5. നാളികേരം - അര മുറി

6. ജീരകം-  ഒരു നുള്ള് 

7. തൈര്-  ഒരു കപ്പ്

8. കടുക് -ഒരു ടീസ്പൂണ്‍

9. ഉലുവ- അര ടീസ്പൂണ്‍

10. കറിവേപ്പില- 2 ഇതള്‍

11. പച്ചമുളക് -3 എണ്ണം

പാകം ചെയ്യുന്ന രീതി

മാമ്പഴം തൊലി കളഞ്ഞ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക, നാളികേരം, ജീരകം പച്ചമുളക് ഇവ അല്‍പ്പം തൈരു ചേര്‍ത്ത് മയത്തില്‍ അരച്ചെടുത്തു ബാക്കി തൈരും ചേര്‍ത്ത് വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക. ചെറു തീയില്‍ തിളപ്പിക്കുക, ചാറു കുറുകി കഴിയുമ്പോള്‍ വാങ്ങിവെക്കുക, കടുക്, ഉലുവ, കറിവേപ്പില, എന്നിവ വെളിച്ചെണ്ണയില്‍ വറുത്തൊഴിക്കുക. മാമ്പഴത്തിനു മധുരം കുറവെങ്കില്‍ അല്‍പം ശര്‍ക്കര ചേര്‍ക്കാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.