10 കോടി കുടുംബങ്ങള്‍ക്ക് ചികില്‍സാ ഇന്‍ഷ്വറന്‍സ് ; പദ്ധതിക്ക് തുടക്കം

Sunday 15 April 2018 2:45 am IST
"undefined"

ബീജാപ്പൂര്‍: അംബേദ്ക്കര്‍ ജന്മദിനത്തില്‍  കേന്ദ്ര സര്‍ക്കാരിന്റെ ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം.  ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബിജാപ്പൂരില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു.ആദ്യ  ആരോഗ്യ സൗഖ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

ആയുഷ്മാന്‍ ഭാരത് വെറുമൊരു പദ്ധതിയല്ലെന്നും ജനപങ്കാൡത്തത്തോടെ ആരോഗ്യമുള്ള സംതൃപ്തയായ ഇന്ത്യയെ സൃഷ്ടിക്കുക കൂടിയാണ് അതിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ശക്തമായ നക്‌സല്‍ സ്വാധീനമുള്ള  ബീജാപൂര്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 

ആരോഗ്യ സൗഖ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ ആശാ വര്‍ക്കര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബീജാപ്പൂരിലെ മാതൃകാ അംഗനവാടി സന്ദര്‍ശിച്ച  പ്രധാനമന്ത്രി അംഗനവാടി പ്രവര്‍ത്തകരുമായും ദേശീയ പോഷകാഹാര ദൗത്യത്തിന്റെ ഗുണഭോക്താക്കളായ കുഞ്ഞുങ്ങളുമായും കൂടിക്കാഴ്ച നടത്തി.

ആയുഷ്മാന്‍ ഭാരത് പദ്ധതി

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്. രണ്ട് ദൗത്യമാണ് ഇതില്‍. ഒന്ന് ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍(ഹെല്‍ത്ത് ആന്റ് വെല്‍ത്ത് സെന്ററുകള്‍) രാജ്യത്ത് സ്ഥാപിക്കുക. രണ്ട് ഇന്ത്യയിലെ 40 ശതമാനം ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുക. പത്തു കോടിയിലേറെ പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ്  ഇന്‍ഷ്വറന്‍സ് നല്‍കുക. പ്രതിവര്‍ഷം അഞ്ചു ലക്ഷം  രൂപവരെയാണ്ഒരു കുടുംബത്തിന്  ചികില്‍സാച്ചെലവ് നല്‍കുക. 

പ്രതിരോധ കുത്തിവെയ്പ്പുകള്‍ മാത്രം നല്‍കിയിരുന്ന കേന്ദ്രങ്ങളില്‍ ആയുഷ് ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ധരുടേയും സേവനം ലഭ്യമാക്കും.

സെന്ററുകളെ രക്തസമ്മര്‍ദ്ദം, പ്രമേഹം,ക്യാന്‍സര്‍, വാര്‍ധക്യരോഗങ്ങള്‍ എന്നിവയുടെ നിര്‍ണ്ണയ കേന്ദ്രങ്ങളായി ഉയര്‍ത്തും. നടപ്പു വര്‍ഷം 15,000 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 2022ഓടെ ഒന്നരലക്ഷമാക്കി ഉയര്‍ത്തും. 

ആദ്യവര്‍ഷം ഇരുപതിനായിരം കോടി ചെലവ് പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമ്പതിനായിരം കോടി രൂപ വീതം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി. പ്രീമിയം തുക ഒരു കുടുംബത്തിന് രണ്ടായിരം രൂപ വീതം പ്രതീക്ഷിക്കുന്നു.കേന്ദ്രവും സംസ്ഥാനങ്ങളും 60: 40 എന്ന അനുപാതത്തില്‍ തുക മുടക്കും. ഈ വര്‍ഷം പദ്ധതിക്ക് 10,5003 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 

ഛത്തീസ്ഗഢില്‍  പാലങ്ങളും റോഡുകളും നിര്‍മ്മിക്കാനുള്ള 1700 കോടിയുടെ പദ്ധതിക്കും 40,000 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളിടാനുള്ള ഛത്തീസ്ഗഢ് ഇന്റര്‍നെറ്റ് പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.