തൂക്കത്തിലെ വെട്ടിപ്പ് തടയാന്‍ റേഷനരി പാക്കറ്റുകളിലേക്ക്

Sunday 15 April 2018 2:53 am IST
"undefined"

കൊച്ചി: റേഷനരിയും ഗോതമ്പും പാക്കറ്റുകളിലാക്കി വില്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആലോചന തുടങ്ങി. 20,10,5,2,1 കിലോ പാക്കറ്റുകളിലാക്കിയായിരിക്കും  നല്‍കുക. ഇതേക്കുറിച്ച് പഠിക്കാനായി വിദഗ്ധസമിതിയെ നിയോഗിച്ചു.  തൂക്കത്തിലെ വെട്ടിപ്പും തടയാനും അമിതകൂലിച്ചെലവ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി. 

ഭക്ഷ്യഭദ്രതാനിയമം നിയമം നടപ്പാക്കിയപ്പോള്‍, റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നേരിട്ട് കടകളിലെത്തിക്കുന്ന വാതില്‍പ്പടി വിതരണ സംവിധാനം നിലവില്‍ വന്നിരുന്നു. എന്നാല്‍, കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല. ഒരു കൂട്ടം ഉദ്യോഗസ്ഥരും കരാറുകാരും ചില തൊഴിലാളികളും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായായിരുന്നു റേഷന്‍ ചോര്‍ച്ച. 

അഴിമതി തടയാനായി, സാധനങ്ങള്‍ ലോറിയില്‍ കയറ്റുമ്പോഴും റേഷന്‍ കടയില്‍ ഇറക്കുമ്പോഴും തൂക്കി നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതും പലയിടത്തും അട്ടിമറിക്കപ്പെട്ടു. സര്‍ക്കാറിന് ഭാരിച്ച സാമ്പത്തിക ബാധ്യതയും വരുത്തി. കൂടാതെ, സാധനങ്ങള്‍ കൃത്യസമയത്ത് റേഷന്‍ കടകളില്‍ എത്തിക്കാനും സാധിച്ചില്ല. ഇതാണ് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. 

ഒരു കിലോ റേഷനരി തൂക്കി കടകളിലെത്തിക്കാനായി വരുന്ന ചെലവും പാക്കറ്റിലാക്കാന്‍ വരുന്ന ചെലവും താരതമ്യം ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. പ്രാഥമിക വിലയിരുത്തലില്‍ പാക്കറ്റുകളിലാക്കിയുള്ള വില്‍പ്പന ലാഭകരമായിരിക്കുമെന്നാണ് വ്യക്തമായിട്ടുള്ളത്. പാക്കറ്റുകളില്‍ സാധനങ്ങളെത്തിച്ചാല്‍, റേഷന്‍ വ്യാപാരികള്‍ക്കും നേട്ടമാണ്. തൂക്കി നല്‍കാനായി സെയില്‍സ്മാനെ നിയോഗിക്കേണ്ടിവരില്ല. പാക്കറ്റിലായതിനാല്‍ ഉടമയ്ക്ക് തന്നെ നേരിട്ട് നല്‍കാനാകും. നിലവില്‍ ഒരു കാലിച്ചാക്ക് വിറ്റാല്‍ 13 രൂപ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാറുണ്ട്. പാക്കറ്റുകള്‍ വരുന്നതോടെ ഇതില്ലാതാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.