ഹൗസ്‌ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായി

Sunday 15 April 2018 1:38 am IST


ആലപ്പുഴ: കായല്‍ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി ഹൗസ് ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഹൗസ് ബോട്ട് ഉടമകളും അധികൃതരും വിഴ്ച വരുത്തന്നതാണ് പ്രധാന പ്രശ്‌നം. ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികളാണ് ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചത്. 
  ഉല്ലാസയാത്രയ്ക്കെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ ഈ മേഖലയുടെ മരണമണി മുഴങ്ങാന്‍ അധിക നാള്‍ വേണ്ടി വരില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് ഏഴു വയസ്സുകാരന്‍ മരിച്ചതാണ് അവസാനത്തെ ദുരന്തം. 
  ഹൈദരാബാദില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികളായ ഗിരീഷ് - പ്രജീഷ ദമ്പതികളുടെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചുങ്കം കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം. ബോട്ട് ജീവനക്കാര്‍ക്ക് നീന്തല്‍ വശമില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
 മദ്ധ്യവേനല്‍ അവധിക്കാലത്ത് ഒട്ടേറെ കുടുംബങ്ങള്‍ കായലില്‍ ഉല്ലാസ യാത്രയ്ക്കെത്തുമ്പോള്‍ സുരക്ഷിത യാത്രയ്ക്കു വേണ്ട സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നു ആക്ഷേപമുണ്ട്. പത്തുദിവസം മുന്‍പു സമാനമായ അപകടത്തില്‍ മഹാരാഷ്ട സ്വദേശികളുടെ ഒന്നരവയസ്സുകാരിയായ കുഞ്ഞ് മുങ്ങി മരിച്ചിരുന്നു.
  ഹൗസ് ബോട്ട് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു അപകടം. ലൈഫ് ജാക്കറ്റ് ധരിപ്പിച്ചില്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്. വിനോദ സഞ്ചാരികളുള്‍പ്പെടെ ആയിരക്കണക്കിനു ആളുകളാണ് ഓരോ വര്‍ഷവും ആലപ്പുഴയില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്.
  എന്നാല്‍ ഇതിനു വേണ്ട അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊന്നും കായല്‍ ടൂറിസം മേഖലയില്‍ ഇല്ല. നീന്തലറിയാത്തവരായ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെയാണ് ഹൗസ് ബോട്ടില്‍ നിയമിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ 15 അടി താഴ്ച്ചയും അല്ലാത്ത ഇടങ്ങളില്‍ 25 അടിയോളം ആഴവുമാണുള്ളത്.
  നീന്തല്‍ അറിയാത്തവര്‍ക്ക് പോലും ഇവിടം അപകടകരമാണ്. വേമ്ബനാട് കായലില്‍ തന്നെ മണ്ണെടുത്തു കുഴിയായ സ്ഥലങ്ങളില്‍ ഇതിലേറെ ആഴവും ചുഴിയും ഉണ്ടാവും. നീന്തലറിയാത്തവര്‍ വെള്ളത്തിലേക്കോ കയങ്ങളിലേക്കോ പെട്ടുപോയാല്‍ ഉയര്‍ന്നുവരാന്‍ പോലും കഴിയില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.