ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; മലപ്പുറത്ത് നാല് മാസത്തിനിടെ കുട്ടികള്‍ക്കെതിരെ 84 ലൈംഗീകാതിക്രമക്കേസുകള്‍

Sunday 15 April 2018 3:00 am IST
"undefined"

മലപ്പുറം: ഉത്തരേന്ത്യയിലെ  പീഡന വാര്‍ത്തകള്‍കണ്ട് പ്രതിഷേധിക്കുന്ന മലയാളികളുടെ മുന്നിലേക്കാണ് മലപ്പുറത്തുനിന്ന് ഞെട്ടിക്കുന്ന കണക്ക്. കുട്ടികളെ ലൈംഗീകമായി അതിക്രമിക്കുന്നവര്‍ മലയാളികള്‍ക്കിടയിലും കൂടി വരുന്നു. 

മലപ്പുറം ജില്ലയില്‍ മാത്രം ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെ 84 ലൈംഗീകാതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 37 കേസുകളില്‍ അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് അതിക്രമം നേരിടേണ്ടി വന്നിക്കുന്നത്. 47 കേസുകളില്‍ ഇരയായത് 13നും 18നും ഇടയിലുള്ള കുട്ടികള്‍. ജനുവരിയില്‍ 14 കേസുകളായിരുന്നുവെങ്കില്‍ ഫെബ്രുവരിയില്‍ അത് 32ആയി . മാര്‍ച്ച്- 29, ഏപ്രില്‍- 09 എന്നിങ്ങനെയാണ് കേസുകളുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിനടുത്ത് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ബാല വിവാഹങ്ങളും  നടക്കുന്നുണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍. പഠനകാലത്തുതന്നെ കുട്ടികളെ വിവാഹം കഴിച്ചയക്കുന്നു. സ്‌കൂള്‍ അധികൃതരോട് കുട്ടികള്‍ പറയുമ്പോഴാണ്  ഇത് പുറത്തറിയൂന്നത്. ജില്ലയിലെ ചില പ്രത്യേക മേഖലകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും പില്‍കാലത്ത് മാറ്റം വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ എണ്ണം മാത്രം നൂറിനുമുകളിലെത്തേിയത് ഗൗരവതരമാണ്. 

വനവാസി മേഖലയിലും പെണ്‍കുട്ടികളെ 15 വയസ്സ് തികയുന്നതിന് മുമ്പ് കല്ല്യാണം കഴിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രമോട്ടര്‍മാരുടെ സേവനം ഈകാര്യങ്ങളില്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ലൈംഗീകാതിക്രമക്കേസുകള്‍ വര്‍ധിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ജന്മഭൂമിയോട് പറഞ്ഞു.

പോക്‌സോ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സ്‌പെഷല്‍ കോടതി വേണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും സ്പീക്കര്‍ക്കും 16 എംഎല്‍എമാര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍ കത്ത് നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.