ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു; സമരക്കാര്‍ക്കെതിരെ നടപടിയില്ല

Sunday 15 April 2018 3:05 am IST

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് നടത്തുന്ന സമരം രണ്ട് ദിവസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടിയില്ല. സമരക്കാരെ ശക്തമായി നേരിടുമെന്ന് പറയുമ്പോഴും സമരത്തിലുള്ള ഒരു ഡോക്ടറെ പോലും തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. ഒപി ബഹിഷ്‌കരിച്ച ഡോക്ടര്‍മാര്‍ കിടത്തി ചികിത്സയും ഒഴിവാക്കുമെന്നാണ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനും തയ്യാറായിട്ടില്ല.

കെ.കെ. ശൈലജ ആരോഗ്യവകുപ്പ് ഏറ്റെടുത്ത ശേഷം കുത്തഴിഞ്ഞ മട്ടിലായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ്  ആരോപണം . പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉദ്ഘാടനം നടത്തുന്നുണ്ടെങ്കിലും ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച 170 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നൂറ് എണ്ണം പോലും പ്രവര്‍ത്തനക്ഷമമായിട്ടില്ല. രണ്ടാം ഘട്ടത്തില്‍ 500 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനം. ജില്ലകളില്‍ ഏതൊക്കെ പിഎച്ച്‌സികളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കേണ്ടതെന്ന വിവരശേഖരണം പോലും നടത്താതെ മുകളില്‍ നിന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ആര്‍ദ്രം പദ്ധതിയിലെ അടിസ്ഥാന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് പിന്നീട് നടപ്പിലാക്കുന്നത്.

കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്, സ്വാസ് ക്ലിനിക്, ജീവിതശൈലീ രോഗ ക്ലിനിക്, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള ക്ലിനിക് എന്നിവ ഏര്‍പ്പെടുത്തണം. എന്നാല്‍ ഇതിനാവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുന്നില്ല. മെച്ചപ്പെട്ട ചികിത്സ നല്‍കേണ്ടതിന് പകരം രോഗികളെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാര്‍. നാലായിരം തസ്തികകള്‍ ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം അനുവദിച്ചെങ്കിലും നിയമനത്തിലെ അശാസ്ത്രീയത കാരണം കുത്തഴിഞ്ഞ മട്ടിലായിരിക്കുകയാണ്. 

മെഡിക്കല്‍ പിജി പ്രവേശനത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയതും വിവാദമായിരുന്നു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം വരുമെന്നറിഞ്ഞ് തൊട്ടുമുമ്പ് വിവാദ ഉത്തരവിറക്കി സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ആരോഗ്യ വകുപ്പ് ചെയ്തതെന്ന് ആരോപണമുണ്ട്.

ആരോഗ്യ നയം ഉണ്ടാക്കാന്‍ ഡോക്ടര്‍ ബി. ഇക്ബാല്‍ ചെയര്‍മാനും, ഡോ. കെ.പി. അരവിന്ദാക്ഷന്‍ കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ചിരുന്നു. ഇവര്‍ എഴുപത്തിയഞ്ച് പേജുകളുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായാണ് സര്‍ക്കാര്‍ മുപ്പത് പേജുള്ള ആരോഗ്യ നയം പുറത്തിറക്കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.