കായംകുളം താപനിലയം സൗരോര്‍ജ്ജപ്ലാന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നു

Sunday 15 April 2018 3:07 am IST

ആലപ്പുഴ:  കായംകുളം താപനിലയത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സൗരോര്‍ജ്ജം ഉല്‍പാദിപ്പിച്ചു വിതരണം നടത്താനുള്ള പദ്ധതിയുടെ ശേഷി വര്‍ദ്ധിപ്പിച്ചു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. 15 മെഗാവാട്ട് നിശ്ചയിച്ചിരുന്ന പദ്ധതി 35 മെഗാവാട്ട് ആയി ഉയര്‍ത്തിയാണ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത്. മുമ്പു പലവട്ടം ടെന്‍ഡര്‍ തിയതി നീട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ആഗോള ടെന്‍ഡര്‍ ആയി പ്രഖ്യാപനം നടത്തുകയായിരുന്നു. 

 രാജ്യാന്തര തലത്തിലുള്ള ഏജന്‍സികളുടെ സഹകരണത്തോടെ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചാല്‍ ചെലവ് കുറയുമെന്ന നിഗമനമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണു വിവരം. പദ്ധതിയില്‍ 15 മെഗാവാട്ടിന്റെ പ്ലാന്റ് കരയിലും 20 മെഗാവാട്ടിന്റെ പ്ലാന്റ് കായലിലും ആണു സ്ഥാപിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി 170 മെഗാവാട്ട് വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് എന്‍ടിപിസി ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം ആഭ്യന്തര ആവശ്യങ്ങള്‍ക്കാണു വിനിയോഗിക്കുന്നത്.

 സംസ്ഥാനം, വൈദ്യുതി വാങ്ങാത്താതിനാല്‍ നിലയം പ്രവര്‍ത്തനം നിലച്ചിട്ടു മൂന്നു വര്‍ഷത്തിലേറെയായി. വൈദ്യുതി വാങ്ങുന്നില്ലെങ്കിലും സ്ഥിരനിരക്കായി വര്‍ഷം 220 കോടിയിലേറെ രൂപ സംസ്ഥാനം എന്‍ടിപിസിക്കു നല്‍കുന്നുണ്ട്. ഇവിടെ സൗരോര്‍ജത്തിലൂടെ വൈദ്യുതി കുടുതല്‍ ഉത്പാദിപ്പിച്ച് തുടങ്ങുന്നതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് കേരളത്തിന് വൈദ്യുതി വാങ്ങാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.