സൃഷ്ടിയും സ്രഷ്ടാവും ചേരുന്ന വിഷുക്കണി

Sunday 15 April 2018 3:15 am IST
"undefined"

മക്കളേ,

നമ്മുടെ സംസ്‌കാരവുമായും  പ്രകൃതിയുമായും  ഏറ്റവും അടുപ്പമുള്ള ഒരാഘോഷമാണ് വിഷു. വിഷു എന്നു കേള്‍ക്കുമ്പോള്‍ കണിക്കൊന്നയുടേയും വിഷുക്കണിയുടേയും ചിത്രമായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക.  നല്ലത് കണ്ട്, നല്ലത് ചിന്തിച്ച് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രതീകമാണ് വിഷുക്കണി. പ്രകൃതിയുടെ നാഥനായ ഈശ്വരനേയും ഐശ്വര്യപൂര്‍ണ്ണമായ പ്രകൃതിയേയും കണികണ്ട് ഒരു പുതുവര്‍ഷത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. ആ മംഗളമായ വിഷുക്കണി ദര്‍ശനത്തിന്റെ ഫലം വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം.  

ഓട്ടുരുളിയില്‍ അരിയിട്ട് അതിന് മുകളില്‍ കണിവെള്ളരി, കസവ് മുണ്ട്, വാല്‍ കണ്ണാടി, നാളികേരം,  സ്വര്‍ണ്ണാഭരണങ്ങള്‍, ചക്ക,മാങ്ങ, വെറ്റില അടയ്ക്ക, നാണയങ്ങള്‍, ഗ്രന്ഥം, കണിക്കൊന്ന മുതലായവ ഒരുക്കി, ഉരുളിയുടെ ഇരുവശങ്ങളിലുമായി നിലവിളക്കും പുറകില്‍ കണ്ണന്റെ ചിത്രവും വെക്കും. എന്താണ് ഇവയുടെയൊക്കെ അര്‍ത്ഥം? പുതുവര്‍ഷം നന്മ നിറഞ്ഞതാകാന്‍ ആദ്യമേ നമ്മള്‍ ഈശ്വരകൃപയെ ആശ്രയിക്കുകയാണ്. പിന്നെ പ്രകൃതിയുടെ കനിവിനായി പ്രാര്‍ഥിക്കുന്നു. കൊടും വേനലിലും സ്വര്‍ണ്ണപ്രഭചൊരിയുന്ന കണിക്കൊന്ന ഏത് ദുഃഖത്തിന്റെ നടുവിലും സന്തോഷം കണ്ടെത്താന്‍ കഴിയുമെന്ന പാഠം നമ്മെ പഠിപ്പിക്കുകയാണ്. 

വിഷുദിനം പുലരുമ്പോള്‍  അമ്മമാരോ, അമ്മൂമ്മമാരോ കുഞ്ഞുങ്ങളെയും  കുടുംബാംഗങ്ങളേയും വിളിച്ചുണര്‍ത്തും. കുഞ്ഞുങ്ങളുടെ കണ്ണുകള്‍ പൊത്തി അവരെ പൂജാമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോകും. കണ്ണുതുറന്നാല്‍ കുഞ്ഞുങ്ങള്‍ ആദ്യം കാണുന്നത് ഭഗവാന്റെ സുന്ദരരൂപവും, വിഷുക്കണിയുമായിരിക്കും. മനസ്സില്‍ ഭക്തിയും ആഹ്ലാദവും നിറയും. അത് ഒരു വര്‍ഷത്തേയ്ക്കുള്ള മൂലധനമാണ്.

എന്നാല്‍ ഈ കണികാണല്‍ വിഷുവിന് മാത്രം പോരാ. എന്നും പ്രഭാതത്തില്‍  ഭഗവാന്റെ രൂപം കണികണ്ട് കുറച്ച് നേരം ഈശ്വരസ്മരണയില്‍ കഴിഞ്ഞശേഷം അന്നത്തെ ദിവസം ആരംഭിക്കണം. കുട്ടികള്‍ ആ നല്ല മാതൃക കണ്ട് വളരണം. 

ഒരു ദിവസം അല്‍പം മോശമായാല്‍ ഇന്ന് ആരെയാണ് കണികണ്ടതെന്ന് ചിന്തിക്കുക പലരുടേയും ശീലമാണ്. എന്നാല്‍ എന്തു കണ്ടുവെന്നതിനേക്കാള്‍ ഏത് ചിന്തയോടെയാണ് നമ്മള്‍ ദിവസം ആരംഭിച്ചത് എന്നതാണ് പ്രധാനം. 

ഒരിക്കല്‍ ഒരു രാജാവ് രാവിലെ ഉണര്‍ന്ന് മട്ടുപ്പാവില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ തെരുവില്‍ ഒരു യാചകന്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. 'എന്തൊരു അശ്രീകരം' എന്ന് രാജാവ് ചിന്തിച്ചുപോയി. അപ്പോള്‍ യാചകന്‍ യാദൃച്ഛികമായി കണ്ണു തുറക്കുകയും രാജാവിനെ കണികാണുകയും ചെയ്തു. അന്ന് തന്നെ രാജാവിന് ഒരപകടം പറ്റി. കാല്‍ തെന്നി വീണ് അദ്ദേഹത്തിന്റെ കൈയെല്ല് ഒടിഞ്ഞു. യാചകനെ കണികണ്ടതാണ് ഇതിന് കാരണമെന്ന് ചിന്തിച്ച് അയാളെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആജ്ഞാപിച്ചു. രാജാവ് അയാളെ വധശിക്ഷയ്ക്ക് വിധിച്ചു. അപ്പോള്‍ യാചകന്‍ പറഞ്ഞു, ''എന്നെ കണികണ്ടത് കാരണം അങ്ങയുടെ കയ്യൊടിഞ്ഞു. എന്നാല്‍ അങ്ങയെ കണികണ്ടത് കാരണം എനിക്കിതാ എന്റെ ജീവന്‍തന്നെ നഷ്‌പ്പെടുകയാണ്. അപ്പോള്‍ ആരുടെ കണിയാണ് കൂടുതല്‍ അശ്രീകരം?'' യാചകന്റെ ചോദ്യം രാജാവിന്റെ കണ്ണുതുറപ്പിച്ചു. സ്വന്തം കര്‍മ്മഫലങ്ങള്‍ക്ക് മറ്റുള്ളവരെ പഴിചാരുന്നതിന്റെ അര്‍ത്ഥശൂന്യത അദ്ദേഹത്തിന് മനസ്സിലായി. യഥാര്‍ത്ഥത്തില്‍ പ്രഭാതത്തില്‍ത്തന്നെ അശുഭമായ കാര്യം ചിന്തിച്ചത് രാജാവിന്റെ തെറ്റായിരുന്നു. അതിനാല്‍ ഓരോദിവസവും നല്ലചിന്തയോടെ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ മക്കള്‍ ശ്രദ്ധിക്കണം. രാവിലെ ഉണരുമ്പോള്‍ അവിടെത്തന്നെയിരുന്ന് കുറച്ച് നേരം ഈശ്വരസ്മരണയില്‍ മുഴുകണം. പിന്നെ കുളിച്ച് അര്‍ച്ചനയും ധ്യാനവുമൊക്കെ ചെയ്യാം. അതുപോലെതന്നെ സ്‌നേഹത്തിന്റേയും ആദരവിന്റേയും ഭാവങ്ങള്‍ മാത്രം പ്രഭാതത്തില്‍ മനസ്സില്‍ ഉണര്‍ത്തുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. 

വാസ്തവത്തില്‍ പ്രപഞ്ചത്തിന്റെ തന്നെ ഒരു ലഘുചിത്രമാണ് വിഷുക്കണി. തെളിഞ്ഞ് കത്തുന്ന നിലവിളക്ക് വിരാട് പുരുഷന്റെ കണ്ണാണ്. കണിക്കൊന്ന അവിടുത്തെ കിരീടമാണ്. വാല്‍ക്കണ്ണാടി പ്രപഞ്ചമനസ്സിന്റെ പ്രതീകമാണ്. കൂടാതെ പ്രകൃതിയിലെ ഐശ്വര്യമെല്ലാം കണിയില്‍ അണി നിരക്കുന്നു. ചുരുക്കത്തില്‍ സൃഷ്ടിയും സ്രഷ്ടാവും ചേര്‍ന്നതാണ് വിഷുക്കണി. സൃഷ്ടിയിലെ ഓരോ വസ്തുവിലും സ്രഷ്ടാവിനെ ദര്‍ശിക്കാനുള്ള സന്ദേശമാണ് വിഷുക്കണി നല്‍കുന്നത്. അങ്ങനെ എല്ലാവരിലും കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ആരാധനാപൂര്‍വ്വം ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ സന്തോഷവും ശാന്തിയും നിറയും.

സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല, ഒന്നു തന്നെ എന്നാണ് സനാതനധര്‍മ്മം പഠിപ്പിക്കുന്നത്. ഈശ്വരസൃഷ്ടിയിലുള്ള ഏതു വസ്തുവിനെ കാണുമ്പോഴും അവയുടെയെല്ലാം സ്രഷ്ടാവായ ഈശ്വരനെ തന്നെയാണ് നമ്മള്‍ ദര്‍ശിക്കുന്നത്. എന്നാല്‍ ആ സ്മരണ, ആ ബോധം ഉള്ളിലുണ്ടാകുക എന്നതാണു പ്രധാനം. 

വിഷു എന്ന വാക്കിനര്‍ത്ഥം സമമെന്നാണ്. വര്‍ഷത്തില്‍ രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷു. ജീവിതത്തില്‍ സുഖത്തേയും ദുഃഖത്തേയും സമഭാവത്തില്‍ സ്വീകരിക്കാന്‍ കഴിയണമെന്ന സന്ദേശം ഇതിലുണ്ട്. സുഖം വരുമ്പോള്‍ അഹങ്കരിക്കുകയും ദുഃഖം വരുമ്പോള്‍ തളര്‍ന്നുപോവുകയും ചെയ്യുന്നവരാണ് സാധാരണ മനുഷ്യര്‍. ജീവിതത്തില്‍ ഈശ്വരന് മുഖ്യസ്ഥാനം നല്‍കാതെ ബാഹ്യമായ കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതാണ് നമ്മള്‍ ജീവിത്തില്‍ തളര്‍ന്നുപോകാന്‍  കാരണം. 

നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റേയും പ്രകൃതിയോടുള്ള നമ്മുടെ ബന്ധത്തിന്റേയും അമൂല്യമായ അടയാളമാണ് വിഷു. പ്രകൃതിയില്‍ നിന്നുമകലുന്ന നമുക്ക്  പോയ്‌പ്പോയ ആ നല്ല നാളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ആഹ്വാനം കൂടിയാണ് വിഷു. പ്രകൃതി ഐശ്വര്യപൂര്‍ണ്ണമായാല്‍ ആ ഐശ്വര്യം നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും, അകത്തും പുറത്തും സൗന്ദര്യം തുടിച്ച് നില്‍ക്കും. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെയ്ക്കലാണ് ഓരോ ഉത്സവവും. ഹൃദയങ്ങളുടെ ചേര്‍ച്ചയില്‍നിന്നാണ് ശരിയായ സൗന്ദര്യം ഉടലെടുക്കുന്നത്. അങ്ങനെ സുന്ദരവും സന്തോഷപൂര്‍ണ്ണവുമായ വിഷുവിനെ നമുക്കു സ്വാഗതം ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.