കാട്ടിലേക്ക് തുരത്തിയ കാട്ടാനകള്‍ വീണ്ടും ആറളം ഫാമിലെത്തി ;കാര്‍ഷിക വിളകളും ഷെഡ്ഡും നശിപ്പിച്ചു

Saturday 14 April 2018 7:56 pm IST

 

ഇരിട്ടി: ഒരാഴ്ച മുമ്പ് വനപാലകര്‍ കാട്ടിലേക്ക് തുറത്തിവിട്ട കാട്ടാനക്കൂട്ടം വീണ്ടും ഫാമില്‍ തിരിച്ചെത്തി. തിരിച്ചെത്തിയ കാട്ടാനകള്‍ ഫാമിലെ രണ്ടാംബ്ലോക്കിലെ രണ്ടു വൈദ്യുത തൂണുകള്‍ കുത്തിവീഴ്ത്തിയ ശേഷം നിറയെ കായ്ഫലമുള്ള രണ്ട് തെങ്ങുകളും നൂറോളം ചക്കകളും തൊഴിലാളികള്‍ വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി പയോഗിക്കുന്ന ഷെഡ്ഡും നശിപ്പിച്ചു. 

ഒരാഴ്ച മുമ്പായിരുന്നു വനം വകുപ്പിന്റെയും ഫാം സെക്യൂരിറ്റി ജീവനക്കാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി ആനകളെ വനത്തിലേക്ക് തുരത്തിവിട്ടത്. ഈ സമയത്ത് എട്ടോളം ആനകള്‍ ഫാമിന്റെ അധീനതയിലുള്ള മേഖലകളില്‍ ഉണ്ടായിരുന്നു. മാസങ്ങളായി ഇവിടെ തമ്പടിച്ചവയായിരുന്നു ഇവ. ഇവയെ മുഴുവന്‍ കാട്ടിലേക്ക് തുരത്തി എന്നാണു വനം വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ആനക്കൂട്ടം വീണ്ടും ഫാമിന്റെ കാര്‍ഷിക മേഖലയിലേക്ക് കടന്നത് ആശങ്കയുളവാക്കുന്നു. ആറളം വനമേഖലയില്‍ നിന്നും അഞ്ചു കിലോമീറ്ററിലധികം ദൂരമുള്ള ഒന്ന്, രണ്ടു ബ്ലോക്കുകളിലാണ് ഇപ്പോള്‍ ആനകളുള്ളത്. 

തുരത്തിവിട്ടു എന്ന് പറയുന്ന ആനകള്‍ ഇത്രയും ദൂരം കടന്നു വീണ്ടും തിരിച്ചെത്തി എന്ന് പറയുന്നത് തന്നെ വനം വകുപ്പിന്റെ അവകാശവാദത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നു. ഇവ കടന്നുവന്നു എന്ന് പറയുന്ന മേഖലകള്‍ ഏറെയും വീടുകളുള്ള പുനരധിവാസ മേഖലകളുമാണ്. പാലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നും രണ്ടും ബ്ലോക്കുകളില്‍ നിന്നും വീണ്ടും ഇവയെ തുരത്തി കാട്ടിലെത്തിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിക്കേണ്ടി വരും. 

അക്രമകാരിയായ ആനയെ പിടികൂടിയ ശേഷം വനം വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. ഫാമിന്റെ മാനേജ്‌മെന്റില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടായതോടെയാണ് വനപാലകര്‍ ആനകളെ തുരത്താന്‍ ശ്രമം ആരംഭിച്ചത്. 

സാമ്പത്തിക പ്രതിസന്ധിമൂലം വിഷമിക്കുന്ന ഫാമില്‍ ആനകള്‍ മൂലം ഉണ്ടാകുന്ന വിളനാശം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം രണ്ടു കോടിയിലേറെ തെങ്ങില്‍ നിന്നും വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് അത് ഇപ്പോള്‍ ഒന്നരക്കോടിക്ക് താഴെയെത്തി അരക്കോടിയിലേറെ വരുമാനനഷ്ടം ഉണ്ടാക്കിയിരിക്കയാണ്. ഏറെക്കാലം കായ്ഫലം തരുന്ന നൂറു കണക്കിന് തെങ്ങുകളാണ് അടുത്ത കാലത്തായി കാട്ടാനകള്‍ നശിപ്പിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.