ഭക്തി എന്നാൽ എന്താണ്?

Sunday 15 April 2018 3:20 am IST

നാം ധ്യാനിക്കുന്ന ഭഗവത് രൂപത്തിന്റെ പ്രഭാവത്തില്‍, നമ്മുടെ മനസ്സ് പൂര്‍ണമായും എപ്പോഴും മുഴുകി നില്‍ക്കുക, നമ്മുടെ സ്‌നേഹപ്രവാഹം ഭഗവാനിലേക്ക് മാത്രം കേന്ദ്രീകരിക്കുക-അതാണ് ഭക്തി. ഭഗവാനെ സ്‌നേഹിക്കാതെ ജീവിക്കാന്‍ സാധ്യമല്ല എന്ന അവസ്ഥയില്‍ ജീവിക്കുക-അതാണ് പ്രേമലക്ഷണയായ ഭക്തി. ഈ ഭക്തിഭാവത്തോടെ ഭഗവാന്റെ കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക. എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഭഗവാന്‍ മാത്രം.

ഭാഗവതത്തിന്റെ കപില മഹായോഗി ഭക്തിയോഗം വിശദീകരിക്കുന്നു (14-24)

''മദ്ഗുണ ശ്രുതിമാത്രേണ

മയി സര്‍വ്വഗുഹാശയേ

മനോഗതി രവിച്ഛിന്നാ

യഥാഗംഗാഭസോംബുധൗ (തൃ-29-11)

ലക്ഷണം ഭക്തിയോഗസ്യ

നിര്‍ഗുണസ്യ ഹ്യുദാഹൃതം-(തൃ-29-12)

(=എന്റെ ഗുണഗണങ്ങള്‍ കഥകളിലൂടെ കേള്‍ക്കുന്ന നിമിഷത്തില്‍ തന്നെ, എല്ലാ പ്രാണികളുടെയും പരമാത്മാവായി നില്‍ക്കുന്ന എന്നിലേക്ക് മനോഗതിയെ ഇടമുറിയാതെ, ഗംഗാജലം സമുദ്രത്തിലേക്ക് മാത്രം ഒഴുകുന്നതുപോലെ, പ്രവഹിപ്പിക്കുക-ഇതാണ് നിര്‍ഗുണയായ- സത്ത്വരജസ്തമസ്സുകളുടെ മാലിന്യമില്ലാത്ത-ഭക്തിയോഗത്തിന്റെ ലക്ഷണം.)

അവ്യഭിചാരമായ ഭക്തിയോഗം (14-26)

ഈ ലോകത്തിലെ സുഖത്തിനുവേണ്ടിയോ, ദിവ്യലോകങ്ങളിലെ സുഖത്തിനുവേണ്ടിയോ ഭഗവാനില്‍ ഭക്തി വളര്‍ത്തുമ്പോള്‍ നമ്മുടെ വഴി-മാര്‍ഗ്ഗം-തെറ്റിപ്പോകും, ലക്ഷ്യവും തെറ്റിപ്പോകും. അങ്ങനെ സംഭവിക്കരുത്. അതുപോലെ, എല്ലാ ദേവന്മാരും ഒരേപോലെ ശക്തിയും ജ്ഞാനവും ഉള്ളവരല്ലേ എന്ന് തെറ്റിദ്ധരിച്ച് ഇതര ദേവന്മാരുടെ ഭക്തന്മാരായിത്തീര്‍ന്നാലും, നമ്മുടെ മാര്‍ഗ്ഗവും ലക്ഷ്യവും തെറ്റും. അങ്ങനെയും സംഭവിക്കരുത്. ബ്രഹ്മാണ്ഡപുരാണത്തില്‍ ഈ വസ്തുത വിശദീകരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.

''യേതുസാമാന്യ ഭാവേന

മന്യന്തേ പുരുഷോത്തമം

തേവൈ പാഷണ്ഡിനോ ജ്ഞേയാഃ

നരകാര്‍ഹാ നരാധമാഃ''

(=പുരുഷോത്തമന്‍ ശ്രീകൃഷ്ണ ഭഗവാനാണെന്ന് 15-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ടല്ലോ. ആ കൃഷ്ണനെ, സാധാരണ ഒരു ദേവന്‍ മാത്രമാണെന്ന്  വിശ്വസിക്കുന്നവര്‍. പാഷണ്ഡന്മാരാണ്-വേദവിരുദ്ധരാണ്. അവര്‍ മരണശേഷം നരകത്തിലേക്ക് പോകും. ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും നീചമായ രീതിയില്‍  ജീവിക്കുന്ന നരാധമന്മാരുമായിരിക്കും.)

സേവതേ (14-26)

നിര്‍ഗുണ ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ഭഗവാനെ മാത്രം, ഭക്തിയോഗത്തിലൂടെ മാത്രം, ഇതര ദേവന്മാരിലേക്ക് വഴിതെറ്റിപ്പോകാതെ സേവിക്കുക. അതാണ് ത്രിഗുണങ്ങളുടെ പരാക്രമത്തെ അതിക്രമിക്കാനുള്ള എളുപ്പത്തിലുള്ള ഉപായം.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.