വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Sunday 15 April 2018 3:25 am IST

ബൃഹദാരണ്യകത്തിലെ അഞ്ചാം അദ്ധ്യായത്തിന്റെ രണ്ടാം ബ്രാഹ്മണത്തിന്റെ തുടക്കത്തില്‍ ഗൗതമപുത്രനായ ശ്വേതകേതുവും പാഞ്ചാലരാജനായ പ്രവാഹണനും തമ്മിലുള്ള സംവാദമാണ്. ശ്വേതകേതു തന്റെ പാണ്ഡിത്യം രാജാവിനെ ബോധ്യപ്പെടുത്താന്‍ ചെല്ലുന്നു. രാജാവാകട്ടെ അയാളോട് അഞ്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു. അവയില്‍ ഒന്നിനു പോലും ഉത്തരം നല്‍കാന്‍ ശ്വേതകേതുവിന് കഴിഞ്ഞില്ല. അയാള്‍ തന്റെ ഗുരുവായ അച്ഛന്റെ അടുത്തേക്കു തന്നെ തിരിച്ചുപോകുന്നു. മകനില്‍നിന്നും രാജാവിന്റെ ചോദ്യങ്ങള്‍ കേട്ടറിഞ്ഞ ഗൗതമന്‍ തനിക്കറിയാത്ത ജ്ഞാനം നേടാന്‍ പ്രവാഹണന്റെ അടുത്തു ചെല്ലുന്നു. 

അദ്ദേഹത്തില്‍ നിന്നും ക്ഷത്രിയര്‍ക്കു മാത്രം അറിയാവുന്ന പഞ്ചാഗ്നിവിദ്യയുടെ ഉപദേശം വാങ്ങുന്നു. അഗ്നിഹോത്രാദി കര്‍മ്മങ്ങളില്‍ ഹോമിക്കുന്ന ആഹുതികള്‍ മനുഷ്യാകാരമായിത്തീരുന്നതെങ്ങിനെ എന്നതാണ് ഈ വിദ്യയുടെ വിഷയം. പുനരാവൃത്തിയില്ലാത്ത ദേവയാനം, പുനര്‍ജ്ജന്മത്തിനു കാരണമാകുന്ന പിതൃയാനം, മരണാനന്തരഗതി എന്നിവയെ തുടര്‍ന്നു വിവരിക്കുന്നു. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള സംസ്‌കാരകര്‍മ്മങ്ങളുടെ ഫലമായി ആ ജീവാത്മാവ് ഭാസുരവര്‍ണ്ണമുള്ള പുരുഷനായി ഭവിക്കുന്നു.

മൂന്നും നാലും ബ്രാഹ്മണങ്ങളില്‍ ആത്മവിദ്യയുമായി നേരിട്ടു ബന്ധമില്ലാത്ത ശ്രീമന്ഥം, പുത്രമന്ഥം എന്നീ വൈദിക ക്രിയകളെ വിസ്തരിക്കുന്നു. കര്‍മ്മനിര്‍വഹണത്തിന് വേണ്ട ധനം, ഐശ്വര്യം, മഹത്ത്വവും എന്നിവ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണിത്. ഈ മന്ഥവിദ്യയുടെ ആചാര്യപരമ്പരയേയും പറയുന്നുണ്ട്. വൈദികമന്ത്രസഹിതമായ ആഹുതി മുതലായ ക്രിയകളിലൂടെ സംസ്‌കരിക്കപ്പെടുന്ന ഈ മന്ഥം തളിച്ചാല്‍ ഉണങ്ങിയ മരം പോലും തളിരിടും, കൊമ്പുകളും ഇലകളും മറ്റും വന്ന് തഴച്ചുവളരുമത്രെ. 

ഈ മന്ഥക്രിയയ്ക്കുപയോഗിക്കേണ്ട സ്രുവം, പാത്രം, വിറക്, കടകോലുകള്‍ എന്നിവ അത്തിമരം കൊണ്ടുള്ളതായിരിക്കണം. ഗ്രാമത്തില്‍ നിന്നും പത്തുതരം ധാന്യങ്ങള്‍ ഈ മന്ഥം തയ്യാറാക്കാന്‍ ശേഖരിക്കണം. നെല്ല്, യവം, എള്ള്, ഉഴുന്ന്, ചാമ, തിന, ഗോതമ്പ്, ചെറുപയറ്, കടല, മുതിര എന്നിവയാണ് ആ പത്തെണ്ണം. ഇവ പൊടിച്ച് തൈരിലും തേനിലും നെയ്യിലും നനച്ച് ഹോമത്തിനുള്ള ആജ്യത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കണം. 

നാലാം ബ്രാഹ്മണത്തില്‍ തനിക്കും തന്റെ പിതൃക്കള്‍ക്കും സദ്ഗതി നല്‍കുവാന്‍ കഴിവുള്ള സത്പുത്രന്മാരുണ്ടാകുവാനുള്ള പുത്രമന്ഥം എന്ന വൈദിക കര്‍മ്മത്തെ വിവരിക്കുന്നു. ഭൂതങ്ങളുടെ രസമാണ് പൃഥ്വി. പൃഥ്വിവിയുടെ രസമാണ് ജലം, ജലത്തിന്റെ രസമാണ് ഓഷധികള്‍, ഓഷധികളുടെ രസമാണ് പൂക്കള്‍, പുഷ്പരസമാണ് ഫലങ്ങള്‍, ഫലങ്ങളുടെ രസമാണ് പുരുഷന്‍, പുരുഷന്റെ രസമാണ് രേതസ്സ്. മേല്‍പ്പറഞ്ഞ എല്ലാറ്റിന്റേയും സാരതമമായ ഈ രേതസ്സിന് ഒരു ആശ്രയം എന്ന നിലയ്ക്ക് സൃഷ്ടികര്‍ത്താവായ പ്രജാപതി സ്ത്രീയെ സൃഷ്ടിച്ചു. പുത്രോത്പ്പാദനക്രിയ വാജപേയയാഗം പോലെ കാണേണ്ടതാണ് എന്ന് പറയുന്നു. എങ്കിലേ സത്പുത്രജനനം സാധ്യമാകൂ.                    

 വെളുപ്പ്, പിംഗലം (കപിലം), കറുപ്പ് എന്നിങ്ങനെ ഇഷ്ടനിറത്തിലുള്ളവനും, ഒരു വേദം പഠിച്ചവന്‍, രണ്ടുവേദം പഠിച്ചവന്‍, മൂന്നു വേദം പഠിച്ചവന്‍,  എല്ലാവേദങ്ങളും പഠിച്ച് പണ്ഡിതസഭയില്‍ വാദിക്കാന്‍ കെല്‍പ്പുള്ളവന്‍, വിദുഷിയായ പുത്രി, നൂറു വര്‍ഷം ആയുസ്സുള്ള സന്താനം എന്നിങ്ങനെ ദമ്പതികളുടെ മനോരഥം അനുസരിച്ചുള്ള സത്സന്താനങ്ങളുണ്ടാകാന്‍ ദമ്പതിമാര്‍ അനുഷ്ഠിക്കേണ്ട ചര്യകളും ഭക്ഷണക്രമങ്ങളും കര്‍മ്മങ്ങളും, സന്തതി ഉണ്ടായിക്കഴിഞ്ഞാല്‍ ചെയ്യേണ്ട ജാതകര്‍മ്മങ്ങള്‍ എന്നിവയും ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഇഷ്ടനിറത്തിലുള്ള സന്തതി ഉണ്ടാകാന്‍ കഴിക്കേണ്ട ഔഷധങ്ങള്‍ സുശ്രുതസംഹിതയില്‍ വിവരിക്കുന്നുണ്ട്. അവിടെ ചില വൈദികമന്ത്രങ്ങളും പറയുന്നുണ്ട്.

ശ്വേതാശ്വതരോപനിഷത്- മേല്‍ വിവരിച്ച ദശോപനിഷത്തുകള്‍ കൂടാതെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ച മറ്റൊരു പ്രധാന ഉപനിഷത്താണിത്. കഠം, തൈത്തിരീയം, കൈവല്യം എന്നീ ഉപനിഷത്തുകളെപ്പോലെ കൃഷ്ണയജുര്‍വേദശാഖകളിലാണ് ഇതു വരുന്നത്. ആറ് അദ്ധ്യായങ്ങളിലായി 113 മന്ത്രങ്ങള്‍ ആണ് ഇതിലുള്ളത്. ആത്മസാക്ഷാല്‍ക്കാരം സിദ്ധിച്ച ശ്വേതാശ്വതര ഋഷി അത്യാശ്രമി (പരമഹംസ സന്യാസി) കളായ തന്റെ ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചതാണ് ഇത് എന്ന് ഇതിന്റെ അവസാനഭാഗത്തു കാണുന്നു. 

ജഗത്കാരണത്തെക്കുറിച്ചുള്ള വിവിധ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഉപനിഷത്തിന്റെ തുടക്കം. എല്ലാറ്റിന്റേയും മാറ്റത്തിനു കാരണമായ കാലം, ഓരോരോ വസ്തുവിന്റെയും സ്വഭാവം, നിയതി (ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം), യാദൃച്ഛികത, പഞ്ചഭൂതങ്ങള്‍, ആത്മാവ് എന്നിവയില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ അവയില്‍ ചിലത് ഒരുമിച്ചോ ആയിരിക്കുമോ ഈ പ്രപഞ്ചത്തിനു കാരണം? ചിന്തിച്ചു നോക്കുമ്പോള്‍ അവയ്‌ക്കൊന്നും കാരണമാകാന്‍ കഴിയുകയില്ല എന്നു കാണാം. കാരണം അവയെല്ലാം തന്നെ ജഡസ്വരൂപങ്ങളും ചേതനനായ ആത്മാവിന് അധീനങ്ങളും ആണ് എന്നു കാണാം. ചേതനമാണെങ്കിലും സുഖദു:ഖഹേതുവായ പ്രാരബ്ധകര്‍മ്മങ്ങള്‍ക്ക് അത് അധീനമായതിനാല്‍ ആത്മാവിനും ജഗത്കാരണത്വം പറയാന്‍ കഴിയുകയില്ല.

യഥാര്‍ത്ഥകാരണം അറിയാനായി ആ ചിന്തകര്‍ ധ്യാനത്തിലൂടെ ശ്രമിച്ചു. അപ്പോള്‍ ഈശ്വരശക്തിയായ മായ യാണ് പ്രപഞ്ചകാരണം എന്നവര്‍ മനസ്സിലാക്കി. ജഡമായ പ്രപഞ്ചത്തില്‍ നിന്നും ചേതനമായ ജീവനില്‍ നിന്നും പരമായി ഇവയുടെ എല്ലാം അധിഷ്ഠാതാവും പ്രേരകനുമായ പരമാത്മാവു തന്നെയാണ് ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും (ഒരു കുടത്തിന്റെ നിമിത്ത കാരണം കുംഭകാരനും മണ്ണ് ഉപാദാനകാരണവും ആണ്. ഇവിടെ രണ്ടും ഒന്നാണ്.) എന്നവര്‍ കണ്ടെത്തി. 

 ആ പരമാത്മാവിനെ അറിയുന്നതിലൂടെയേ മായാചക്രത്തില്‍നിന്നും മോചനം അതായത് മുക്തി ലഭിക്കുകയുള്ളൂ. ആ പരമാത്മാവ് നമ്മുടെ ഹൃദയത്തില്‍തന്നെയാണ് കുടികൊള്ളുന്നത്. എന്നു മാത്രമല്ല നമ്മുടെ അന്തരാത്മാവു തന്നെയാണ് ആ ദേവന്‍ എന്നും അവര്‍ക്ക് ധ്യാനത്തിലൂടെ ബോധ്യം വന്നു. പ്രണവചിന്തനത്തോടു കൂടിയ ധ്യാനാഭ്യാസം ആണ് ആത്മസാക്ഷാത്കാരത്തിനുള്ള ഉപായം എന്നും പറഞ്ഞ് ഒന്നാമധ്യായം അവസാനിക്കുന്നു.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.