ജഞാനത്തിൻ്റെ അനുഭവം

Sunday 15 April 2018 3:30 am IST

ചിദ്ബിംബസാക്ഷാത്മധിയാം പ്രസംഗത

സ്‌ത്വേകത്രവാസാദനലാക്തലോഹവത്

അന്യോന്യതോധ്യാസവശാല്‍ പ്രതീയതേ

ജഡാജഡത്വം ച ചിദാത്മചേതസോഃ 39

   വായുവിന്റെ സാന്നിദ്ധ്യത്തില്‍ അഗ്നി ഇരുമ്പില്‍ പ്രകാശിക്കുന്നതുപോലെ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ചിദ്പ്രതിബിംബം ബുദ്ധിയില്‍ പ്രകാശിക്കുന്നു. അവയുടെ അന്യോന്യമുള്ള അധ്യാസംകൊണ്ടാണ് പരമാത്മാവിനും ബുദ്ധിക്കും ജഡത്വവും ജഡത്വമില്ലായ്മയും തോന്നുന്നത്.  അതുപോലെ അജഡമായ ചിദാത്മാവിലുള്ള പ്രകാശം ജഡമായ ബുദ്ധിയില്‍ ഇല്ല. എന്നാല്‍ ചിത്തുമായുള്ള അധ്യാസം കൊണ്ട് ബുദ്ധിയില്‍ പ്രകാശമുണ്ട് എന്നു തോന്നുന്നു.

കുറിപ്പ്- ഇരുമ്പിലുള്ള അഗ്നികെട്ടുവെന്നുതോന്നും എന്നാല്‍ വായുസമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഇരുമ്പില്‍ അഗ്നി ജ്വലിക്കുന്നു. ജഡമല്ലാത്ത പരമാത്മാവ് ജഡമായ മായകൊണ്ടു മൂടിവയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അതു പ്രകാശിക്കുന്നില്ല. ബുദ്ധി ജഡവും പരമാത്മാവ് അജഡവുമാണ്. ചിദാത്മാവും മായയുമായുള്ള അധ്യാസംകൊണ്ടാണ് ജഡമെന്നോ അജഡമെന്നോ തോന്നുന്നത്. ചിത്തുമായി ബുദ്ധിക്ക് അധ്യാസമുണ്ടാകുമ്പോള്‍ ബുദ്ധിയില്‍ പ്രകാശമുണ്ടെന്നു തോന്നും. മായമാറുമ്പോള്‍ പരമാത്മാവിന്റെ പ്രകാശം മാത്രമേയുള്ളു.

ഗുരോഃസകാശാദപി വേദവാക്യതഃ

സഞ്ജാതവിദ്യാനുഭവോ നിരീക്ഷ്യ തം

സ്വാത്മാനമാത്മസ്ഥമുപാധിവര്‍ജ്ജിതം

ത്യജേദശേഷം ജഡമാത്മഗോചരം.  40

ഗുരുവിന്റെ ഉപദേശംകൊണ്ടും, വേദവാക്യങ്ങള്‍ മനനംചെയ്തും ജ്ഞാനത്തിന്റെ അനുഭവം സിദ്ധിക്കണം. അപ്പോള്‍ ഉപാധികളൊന്നുമില്ലാത്ത ആത്മാവ് തന്നില്‍തന്നെ ഉണ്ടെന്നറിയും. അങ്ങനെ അത്മാവല്ലാത്തതും ആത്മാവെന്നു തെറ്റിദ്ധരിച്ചിരിക്കുന്നതുമായ ജഡരൂപങ്ങളെയെല്ലാം  ഉപേക്ഷിക്കണം.

കുറിപ്പ്- ജഡമായ ബുദ്ധിയില്‍ തെളിയുന്ന മായ പോയിട്ട് ആത്മാവിനെ അറിയണമെങ്കില്‍ ഗുരുവിനെ ആശ്രയിക്കണം. ഗുരു തരുന്ന ഉപദേശങ്ങളും വേദവാക്യങ്ങളിലും ശ്രദ്ധയോടുകൂടി മനനവും കൊണ്ട് ആത്മാവ് തന്നില്‍ തന്നെ ഉണ്ടെന്നറിയും. ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം. ശ്രദ്ധയുള്ളവനുമാത്രമേ ജ്ഞാനം ലഭിക്കൂ. ഗുരുവിലും വേദവാക്യങ്ങളിലുമുള്ള പൂര്‍ണ്ണ വിശ്വാസമാണ് ശ്രദ്ധ. ഗുരു കടാക്ഷത്താല്‍ ആത്മാവു തന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞാല്‍ ജഡരൂപങ്ങളായ സംസാരത്തെ ഉപേക്ഷിക്കാന്‍ സാധിക്കും.  

(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍  8111938329)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.