എല്‍പിജി പഞ്ചായത്ത് 20ന്

Sunday 15 April 2018 2:00 am IST

 

പ്രധാന്‍മന്ത്രി ഉജ്ജ്വല്‍യോജന പ്രകാരം സൗജന്യ കണക്ഷന്‍ 

ജില്ലയില്‍ നല്‍കിയത് 1,087 കുടുംബങ്ങള്‍ക്ക്

ആലപ്പുഴ: ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി ഈ മാസം 20 ഉജ്ജ്വല ദിവസ് ആയി പെട്രോളിയം പ്രകൃതി മന്ത്രാലയം ആചരിക്കും. ഇതിന്റെ ഭാഗമായി അന്നേദിവസം രാജ്യമെമ്പാടും 15,000 എല്‍പിജി പഞ്ചായത്തുകള്‍ നടത്തും. ജില്ലയില്‍ 28 പഞ്ചായത്ത് അദാലത്തുകളാണ് നടത്തുന്നത്. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക.സുരക്ഷിതവും സുസ്ഥിരവുമായ എല്‍പിജി ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരമാവധി ഉപഭോക്താക്കളെ പദ്ധതിയില്‍ അംഗങ്ങളാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ പി.ടി. ആഷിക് പത്രസമ്മേളനത്തില്‍ അറിയിച്ചു.

  ഓരോ പഞ്ചായത്തിലും 500 സ്ത്രീകളെയെങ്കിലും പങ്കെടുപ്പിക്കുക, 100 ഉപഭോക്താക്കളെയെങ്കിലും പുതുതായി നേടുകയും ലക്ഷ്യമാണ്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്യും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം ജില്ലയില്‍ 1,087 കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. ബിപിഎല്‍ വനിതകള്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. ഇതുകൂടാതെ അന്ത്യോദയ, അന്നയോജന കാര്‍ഡുടമകള്‍, വനവാസി വിഭാഗങ്ങള്‍, ദ്വീപു നിവാസികള്‍, തുടങ്ങി പട്ടിക വിഭാഗത്തിലെ ബിപിഎല്‍ വനിതകള്‍ തുടങ്ങിയ ഏതു വിഭാഗത്തില്‍പ്പെട്ടവരെ കൂടി ഈ പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്.

  എടത്വ, പുന്നപ്ര, കലവൂര്‍, കാര്‍ത്തികപ്പള്ളി, വീയപുരം, പുറക്കാട്, ചേപ്പാട്, കുമാരപുരം, മാന്നാര്‍, മാരാരിക്കുളം വടക്ക്, തൈക്കാട്ടുശേരി, കുത്തിയതോട്, കൃഷ്ണപുരം, വള്ളികുന്നം, പത്തിയൂര്‍, ദേവികുളങ്ങര, പുളിങ്കുന്ന്, മുഹമ്മ എന്നിവിടങ്ങിലാണ് പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.  

  രാജ്യമെമ്പാടും എട്ടുകോടി എല്‍പിജി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യം നേടുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഗ്യാസ് ഏജന്‍സി അസോസിയേഷന്‍ പ്രതിനിധി കെ. മുരളീധരനും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.