മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു

Sunday 15 April 2018 2:00 am IST

 

കുട്ടനാട്: നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തിയതോടെ മില്ലുടമകള്‍ വ്യാപകമായി കൂടുതല്‍ കിഴിവു ഈടാക്കി കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി.  

   മികച്ച വിളവായ ഏക്കറിനു 20 ക്വിന്റലിനു മുകളില്‍ വിളവുലഭിച്ച പാടശേഖരങ്ങളില്‍ നിന്നുപോലും കിഴിവു വാങ്ങുന്നാതായാണു കര്‍ഷകര്‍ ആരോപിക്കുന്നത്. വേനല്‍മഴ പെയ്യുന്നതിനാല്‍ മില്ലുടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ട ഗതികേടിലാണെന്നു കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്ടില്‍ വൈകുന്നേരങ്ങളില്‍ പെയ്യുന്ന വേനല്‍മഴ വിളവെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. 

  മഴയില്‍ വെള്ളക്കെട്ടാകുന്ന പാടശേഖരത്തില്‍ തന്നെ നെല്ലുസംഭരിച്ചിരിക്കേണ്ടിവന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതുവരെ 7,440 ലോഡ് നെല്ലാണു പുഞ്ചക്കൃഷിയില്‍ നിന്നും സംഭരിച്ചിരിക്കുന്നത്. ഈ സീസണില്‍ 3,000 ലോഡ് നെല്ലു കൂടി സംഭരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

  കുട്ടനാട്ടിലെ ഏതാനും ചില പാടശേഖരങ്ങളിലും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ പാടശേഖരങ്ങളിലുമാണു സംഭരണവും വിളവെടുപ്പും പൂര്‍ത്തിയാകാനുള്ളതെന്നും പാഡി ഓഫിസര്‍ പറഞ്ഞു. തകഴി മുക്കട കിഴക്കു പാടശേഖരത്തില്‍ നിന്നും ക്വിന്റലിന് ആറു കിലോ കിഴിവാണു മില്ലുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

  മൂന്നു കിലോ വരെ കിഴിവു നല്‍കാന്‍ കര്‍ഷകര്‍ തയാറായിട്ടും ഇവിടെ സംഭരണം ആരംഭിച്ചിട്ടില്ല. തര്‍ക്കത്തെത്തുടര്‍ന്നു നെല്ലു സംഭരണം മുടങ്ങിയ രാമങ്കരി കോയില്‍വട്ടത്തുശേരി പാടശേഖരത്തില്‍ നെല്ലെടുപ്പ് ആരംഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.