ഷുഹൈബ് വധം: 16 ന് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും

Saturday 14 April 2018 8:56 pm IST

 

കണ്ണൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെയുള്ള ഹൈക്കോടതി സ്റ്റേ നീക്കുന്നതിനായി കോണ്‍ഗ്രസ്സിന് 16 ന് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. കോണ്‍ഗ്രസ്സ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ ആണ് കേസില്‍ ഹാജരാകുന്നത്. ഷുഹൈബ് വധക്കേസ് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചില്‍ നിലനില്‍ക്കില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിട്ടത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ മധ്യവേനല്‍ അവധിക്ക് ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനിടയിലാണ് കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

പോലീസിനെയും സര്‍ക്കാറിനെയും നിശിതമായി വിമര്‍ശിച്ചാണ് ഹൈക്കോടതി ജഡ്ജ് കമാല്‍പാഷ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹരജിയിലായിരുന്നു സ്റ്റേ ഉത്തരവ് വന്നത്. നിലവില്‍ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. കേസിലെ ഗൂഡാലോചന ഉള്‍പ്പെടെ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തത് സിപിഎമ്മുകാരായ പ്രതികളെയും ചില നേതാക്കളെയും രക്ഷിക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.