സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ കോടതിയില്‍ ഹരജി

Saturday 14 April 2018 8:56 pm IST

 

തലശ്ശേരി: എരഞ്ഞോളി കുണ്ടൂര്‍ മലയില്‍ പ്രവര്‍ത്തിച്ചവരുന്ന ടി.വി.സുകുമാരന്‍ പബ്ലിക് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 

സ്‌കൂള്‍ ലാഭകരമല്ലെന്നു പറഞ്ഞാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍ കുട്ടികള്‍ക്ക് നിര്‍ബന്ധ ടിസി നല്‍കിയും അധ്യാപകരെ പിരിച്ചുവിട്ടും സ്‌കൂള്‍ പൂട്ടാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ സ്ഥാപകന്റെ ബന്ധുക്കളും മകളുമാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. 

24 വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കൂള്‍ പിന്നീട് ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിനിടയിലാണ് സ്‌കൂള്‍ സ്ഥാപക മരണപ്പെടുന്നത്. അതിനു ശേഷം ട്രസ്റ്റിലുള്ള മറ്റംഗങ്ങള്‍ കൃത്രിമം കാട്ടി സ്‌കൂള്‍ കൈവശപ്പെടത്തി യെന്നാണ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. നൂറ്റമ്പതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ അടച്ചു പൂട്ടുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. രണ്ടേക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതിനിടെ 16 ലക്ഷം രൂപ വില മതിക്കുന്ന ഇളകുന്ന മുതലുകള്‍ സ്വന്തമാക്കാന്‍ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. 

ഇന്ത്യന്‍ ആര്‍മിയില്‍ മേജറായിരുന്ന ടി.വി സുകുമാരന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ഭാര്യ ലീലാവതിയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. പിന്നീട് ഇവരുടെ മരണത്തോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം അവതാളത്തികുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. പബ്ലിക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വരുന്ന സ്‌കൂളിന്റെ വസ്തു വകകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.കെ.രാജേഷ്, മനോജ്, നിഷിത, പ്രമോദ്, അജിത, സുജാത,മിന്‍ജ, സുജി, സുഗതകുമാരി, ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.