വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടുക: ബിജെപി പ്രക്ഷോഭത്തിലേക്ക്

Saturday 14 April 2018 8:57 pm IST

 

കണ്ണൂര്‍: നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കുകയും നിരവധി കുടുംബങ്ങളുടെ കുടിനീര്‍ മുട്ടിക്കുകയും ചെയ്ത അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഏക്കര്‍ ക്കണക്കിന് കറപ്പതോട്ടം നശിപ്പിച്ചാണ് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. നിയമ വിരുദ്ധമായാണ് ഒട്ടുമിക്ക കെട്ടിടങ്ങളും പണിതത്. കോടിക്കണക്കിന് രൂപ നികുതി വെട്ടിപ്പ് നടത്തിയിട്ടും അഞ്ചരക്കണ്ടി പഞ്ചായത്ത് യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെയും ജെയിംസ് കമ്മിറ്റിയുടെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച മാനേജ്‌മെന്റ്, സിപിഎം-കോണ്‍ഗ്രസ് നേതാക്കളുമായി അന്യായമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. അത് കൊണ്ടാണ് കോളേജിന് അനുകൂലമായി നിയമസഭയില്‍ ബില്ല് പാസ്സാക്കിയത്. ഇതിനെക്കുറിച്ചെല്ലാം സിബിഐ അന്വേഷിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബിജെപി നടത്തി വരുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തും. 16ന് വൈകുന്നേരം 5 മണിക്ക് അഞ്ചരക്കണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും.

മണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലം യോഗം ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. കേണല്‍ രാംദാസ്, കെ.ഗിരിധരന്‍, എന്നിവര്‍ സംസാരിച്ചു. കെ.പി.ഹരീഷ് ബാബു സ്വാഗതവും കെ.ജിനചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.