ജാവലിന്‍ എറിഞ്ഞ് നീരജ് ചോപ്ര

Sunday 15 April 2018 3:50 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് പൊന്നണിഞ്ഞത്. ഇന്നലെ നടന്ന ഫൈനലില്‍ 86.47 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജിന്റെ സ്വര്‍ണ്ണനേട്ടം. കോമണ്‍വെല്‍ത്ത് അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന നാലമത്തെ താരമാണ് നീരജ്. 1958ല്‍ മില്‍ഖ സിംഗും 2010ല്‍ കൃഷ്ണ പുനിയയും 2014ല്‍ വികാസ് ഗൗഡയുമാണ് ഇതിനു മുന്‍പ് സ്വര്‍ണ്ണം നേടിയത്.

ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന നീരജിന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി നേരിട്ടില്ല. ആദ്യ ശ്രമത്തില്‍ തന്നെ 85.50 മീറ്റര്‍ ദൂരത്തിലേക്ക് ജാവലിന്‍ എറിഞ്ഞ് സ്വര്‍ണ്ണം ഉറപ്പിച്ചു. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 84.78 മീറ്റര്‍ എറിഞ്ഞ നീരജ് നാലാം ശ്രമത്തില്‍ ദൂരം 86.47 മീറ്ററായി മെച്ചപ്പെടുത്തി. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ഇന്നലെ പുറത്തെടുത്തത്.

ഓസ്‌ട്രേലിയയുടെ ഹമീഷ് പീകോക് (82.58 മീറ്റര്‍) വെള്ളിയും ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (82.59 മീറ്റര്‍) വെങ്കലവും സ്വന്തമാക്കി. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ വിപിന്‍ കൃഷ്ണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയതത്.

നിലവിലെ ലോക ജൂനിയര്‍ റെക്കോഡുകാരനാണ് നീരജ് ചോപ്ര. 86.48 മീറ്ററാണ് നിലവിലെ ജൂനിയര്‍ ലോക റെക്കോര്‍ഡ്. അതിനേക്കാള്‍ ഒരു സെന്റി മീറ്റര്‍ മാത്രം കുറവാണ് ഇന്നലത്തെ പ്രകടനം. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് 2016ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞവര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും 2016ലെ സാഫ് ഗെയിംസിലും സ്വര്‍ണ്ണം നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.