പി ജയരാജൻ്റെ സമവായ ശ്രമം വെറുതെയായി; വയൽക്കിളികൾ ലോംഗ് മാർച്ചുമായി മുന്നോട്ട്

Sunday 15 April 2018 4:10 am IST

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ വീണ്ടും പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ സമവായ ശ്രമം പാളുന്നു.

 പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുള്‍പ്പെടെയുളള വയല്‍ക്കിളി കൂട്ടായ്മ ലോംഗ് മാര്‍ച്ചുമായി മുന്നോട്ട്. തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയില്‍പ്പെട്ട മുന്‍ പാര്‍ട്ടി അംഗങ്ങളെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീടുകള്‍ കയറി ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍ ബൈപ്പാസ് അലൈന്റ്‌മെന്റ് മാറ്റാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ അറിയിച്ചു.

സിപിഎമ്മിന്റെ എതിര്‍പ്പുകളെ മറികടന്നും ലോങ്മാര്‍ച്ചുമായി മുന്നോട്ടു പോകാനാണു സംഘടനയുടെ തീരുമാനമെന്നു ഇവര്‍ വ്യക്തമാക്കി. ലോംഗ് മാര്‍ച്ച് മേയ് മാസത്തോടെ നടത്താനാണ് തീരുമാനം. ജില്ലാ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകം കമ്മിറ്റികളും ക്യാംപെയ്‌നും നടത്തി മാര്‍ച്ച് വിജയിപ്പിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഇവര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗത്തേയും സമരത്തില്‍ അണിനിരത്തുമെന്നും കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിനു വേണ്ടി അവസാനം വരേയും വയല്‍ക്കിളി കൂട്ടായ്മ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞു.

വയല്‍ക്കിളി പ്രവര്‍ത്തകരെ സിപിഎം നേതാക്കളും പൊതുമരാമത്ത് മന്ത്രിയും ഉള്‍പ്പെടെ അതിനിന്ദ്യമായ രീതിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി അധിക്ഷേപിച്ച് വരികയായിരുന്നു. വയല്‍ക്കിളികളല്ല, കഴുകന്മാരാണെന്നും തീവ്രവാദികളെന്നും എരണ്ടപ്പക്ഷികളെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചിരുന്നു. പുറത്താക്കിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച ജയരാജനുള്‍പ്പെടെയുളള നേതാക്കളോട് തീവ്രവാദികളുടെ വീടുകളില്‍ നിന്നെങ്ങനെ ചായ കുടിക്കും തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നതായുളള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.