സിറിയയിൽ സഖ്യസേനയുടെ വ്യോമാക്രമണം

Sunday 15 April 2018 5:00 am IST
"undefined"

സഖ്യസേനയുടെ പടക്കപ്പലുകളില്‍ നിന്ന് വര്‍ഷിച്ച മിസൈലുകള്‍ സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്‌കസില്‍ പതിക്കുന്നു.

വാഷിങ്ടണ്‍: അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഒന്നിച്ച് സിറിയയെ ആക്രമിച്ചതോടെ ലോകം യുദ്ധഭീഷണിയുടെ മുള്‍മുനയില്‍. സിറിയയിലെ രാസായുധ സംഭരണശാലകളെ ലക്ഷ്യമിട്ട് ഈ മൂന്നു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ബോംബുകളിട്ടു. പടക്കപ്പലുകളില്‍ നിന്ന് നൂറിലേറെ മിസൈലുകള്‍ സിറിയയിലേക്ക് വര്‍ഷിച്ചു. കഴിഞ്ഞ രാത്രി പ്രാദേശിക സമയം ഒന്‍പതു മണിയോടെയായിരുന്നു ആക്രമണം. 

തലസ്ഥാനനഗരമായ ഡമാസ്‌കസിനടുത്തുള്ള ഡൗമ നഗരത്തില്‍ കഴിഞ്ഞ ആഴ്ച സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ കടുത്ത ഭാഷയില്‍ ആക്രമണത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തെത്തി. സിറിയയ്‌ക്കെതിരെ ആക്രമണം തുടരാനാണ് നീക്കമെങ്കില്‍ തിരിച്ചടിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇനിയും സിറിയയെ ആക്രമിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പ്രസ്താവിച്ചത് സംഘര്‍ഷത്തിന് ഉടന്‍ അയവുണ്ടാവില്ല എന്ന സൂചനയാണ്.

മുന്‍ ചാരനെ രാസവാതകം പ്രയോഗിച്ച് ബ്രിട്ടനില്‍ വെച്ചു വധിക്കാന്‍ റഷ്യ ശ്രമിച്ചു എന്ന ആരോപണവും അതിന്റെ തുടര്‍ നടപടികളും തുടരുന്ന സാഹചര്യത്തില്‍ സിറിയയിലെ മറ്റൊരു പോര്‍മുഖം തുറക്കുകയാണ് നാറ്റോ സഖ്യം. ഡൗമയില്‍ വിമതസൈന്യത്തെ ലക്ഷ്യമിട്ട് സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടു പുറത്തു വന്നതു മുതല്‍ സിറിയയെ സഖ്യസേന ആക്രമിക്കുമെന്നുറപ്പായിരുന്നു. സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഡമാസ്‌കസിലേയും ഹോംസിലേയും രാസായുധ സംഭരണശാലകളെയാണ് സഖ്യസേന ആക്രമിച്ചത്. ഈ നഗരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രാകൃതവും ക്രൂരവുമായ നടപടിക്ക് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും തിരിച്ചടി നല്‍കിയിരിക്കുന്നു എന്ന് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചു. വ്യോമാക്രമണത്തിനു നിര്‍ദേശം നല്‍കിയതിനു തൊട്ടുപിന്നാലെ അമേരിക്കന്‍ ജനതയെ ട്രംപ് അഭിസംബോധന ചെയ്തു. 

ഡമാസ്‌കസിലെ കെമിക്കല്‍. ബയോളജിക്കല്‍ ആയുധ നിര്‍മാണ ഗവേഷണ കേന്ദ്രം, ഹോംസിലെ രണ്ട് രാസായുധ സംഭരണശാലകള്‍ എന്നിവയുടെ നേര്‍ക്കാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വിശദീകരിച്ചു. സിറിയയില്‍ നിയന്ത്രിത വ്യോമാക്രമണം നടത്തുമെന്ന് റഷ്യയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി പെന്റഗണ്‍ വക്താവ് ജനറല്‍ ജോസഫ് ഡുണ്‍ഫോര്‍ഡ് അവകാശപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.