ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെ; തെളിവുകള്‍ പുറത്ത്

Monday 16 April 2018 10:23 am IST
ശ്രീജിത്തിനെ റൂറല്‍ എസ്.പിയുടെ ആര്‍.ടി.എഫ് പോലീസ് വീട്ടില്‍ നിന്നും പിടികൂടുമ്പോള്‍ തന്നെ ചെറിയ തോതില്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പാടുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ആര്‍.ടി.എഫ് ശ്രീജിത്തിനെ മുനമ്പം പോലീസിന് കൈമാറുകയും അവിടെ നിന്ന് വരാപ്പുഴ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
"undefined"

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്ത്. പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ തെളിവ്. ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്നായിരുന്നു പോലീസിന്റെ വാദം. ഇത് പൊളിക്കുന്ന ദൃശ്യമാണ് ഇന്ന് ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ വസ്ത്രങ്ങള്‍ ധരിക്കാത്ത നിലയില്‍ ലോക്കപ്പില്‍ കിടക്കുന്ന ശ്രീജിത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തില്‍ ഒരിടത്തുപോലും മര്‍ദ്ദനത്തിന് പാടുകളില്ല. അറസ്റ്റിലായ ആറിന് രാത്രി 11.03ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു.

ശ്രീജിത്തിനെ റൂറല്‍ എസ്.പിയുടെ ആര്‍.ടി.എഫ് പോലീസ് വീട്ടില്‍ നിന്നും പിടികൂടുമ്പോള്‍ തന്നെ ചെറിയ തോതില്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പാടുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ആര്‍.ടി.എഫ് ശ്രീജിത്തിനെ മുനമ്പം പോലീസിന് കൈമാറുകയും അവിടെ നിന്ന് വരാപ്പുഴ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. വരാപ്പുഴ ലോക്കപ്പില്‍ ആയിരുന്ന ശ്രീജിത്തിനെ അവധിയില്‍ ആയിരുന്ന എസ്.ഐ ദീപക് രാത്രിയില്‍ എത്തിയാണ് ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്കപ്പില്‍ കിടക്കുന്ന ശ്രീജിത്തിന്റെ ചിത്രമെടുത്ത മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതിനിടെ, ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയാണെന്ന് ഗണേഷ് എന്നയാളുടെ സാക്ഷിമൊഴിയും പുറത്തുവന്നു. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍.ടി.എഫ് പിടിച്ചുകൊണ്ടു പോകുമ്‌ബോഴും ശ്രജീതിത്തിന് പരുക്ക് ഏറ്റിരുന്നില്ലെന്ന് പ്രധാനസാക്ഷി ഗണേഷ് പറയുന്നു. വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കൊണ്ടുപോകുമ്‌ബോഴും മര്‍ദ്ദനമേറ്റിരുന്നില്ല. ശ്രീജിത്തിനെ ആര്‍.ടി.എഫ് കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഗണേഷ്.

പോലീസ് ജീപ്പില്‍ കയറ്റും വരെ ശ്രീജിത്തിന് മര്‍ദ്ദനം ഏറ്റിരുന്നില്ല. പോലീസ് ജീപ്പില്‍ വച്ചോ സ്റ്റേഷനില്‍ വച്ചോ ആയിരിക്കാം മര്‍ദ്ദനമേറ്റത്. അതുവരെ കുഴപ്പമൊന്നുമില്ലായിരുന്ന ശ്രീജിത്തിന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഗണേഷ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.