വത്തിക്കാന്‍ കഥയും ചോദ്യം ചെയ്യപ്പെടുന്നു

Monday 16 April 2018 1:27 pm IST
നാഷണല്‍ ബുക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റൂബി ഡിക്രൂസാണ് വത്തിക്കാന്‍ ചരിത്രം ചോദ്യം ചെയ്യുന്നത്. പുതിയ നിയമപ്രകാരം, റോമിലേക്കു പോയ യേശു ശിഷ്യന്‍ പൗലോസാണ്. പൗലോസിനെ റോമില്‍ വെച്ച് പിടികൂടി കൊല്ലുകയും ചെയ്തു.
"undefined"

 

കൊച്ചി : സെന്റ് തോമസ് (തോമാശ്ലീഹാ ) കേരളത്തില്‍ വന്നിട്ടില്ലെന്നും വന്നുവെന്നുമുള്ള വാദത്തിനിടെ വത്തിക്കാന്റെ ചരിത്രവും ചോദ്യം ചെയ്യപ്പെടുന്നു. വത്തിക്കാന്‍ പറയുന്ന ചരിത്രത്തിലെ സെന്റ് പീറ്റര്‍ ( പത്രോശ്ലീഹ ) കഥയും അടിസ്ഥാനമില്ലാത്തതാണെന്നാണ് വാദം. 

നാഷണല്‍ ബുക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റൂബി ഡിക്രൂസാണ് വത്തിക്കാന്‍ ചരിത്രം ചോദ്യം ചെയ്യുന്നത്. പുതിയ നിയമപ്രകാരം, റോമിലേക്കു പോയ യേശു ശിഷ്യന്‍ പൗലോസാണ്. പൗലോസിനെ റോമില്‍ വെച്ച് പിടികൂടി കൊല്ലുകയും ചെയ്തു. കത്തോലിക്കാ സഭയുടെ ആസ്ഥാനം റോമാ സാമ്രാജ്യമായപ്പോള്‍ പത്രോസ് റോമില്‍ വന്നിരുന്നുവെന്ന് നുണക്കഥയുണ്ടാക്കുകയായിരുന്നുവെന്ന് റൂബി എഴുതുന്നു.

അവസാനിപ്പിക്കുന്നതിങ്ങനെ: '' പത്രോസിനെക്കുറിച്ചുള്ള ഒരു കഥയുടെ അടിസ്ഥാനത്തില്‍ സഭ കെട്ടിപ്പുത്ത വത്തിക്കാന്‍ കേരളീയരെ തോമസ്ലീഹയുടെ കഥ സത്യമല്ലെന്ന് പഠിപ്പിക്കേണ്ട ' 

റൂബി ഡിക്രൂസിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

'മാര്‍ തോമ ശ്ലീഹ കൊടുങ്ങല്ലൂരില്‍ വന്നു എന്നൊരു വിശ്വാസം പരമ്പരാഗതമായുണ്ട്. ആയിരത്തിലേറെ വര്‍ഷമായുള്ള വിശ്വാസം.  ഈ വിശ്വാസത്തിന്, പഴയ പള്ളികളും കേരള ക്രിസ്ത്യന്‍ ചരിത്രവും തെളിവുകളാണ്. പഴയ ചെമ്പുപട്ടയങ്ങളും മറ്റും ക്രിസ്ത്യന്‍ പഴക്കത്തിന് തെളിവായുണ്ട്.

പക്ഷേ, മാര്‍ തോമ ശ്ലീഹ കേരളത്തില്‍ വന്നിരുന്നോ എന്നതിന് ചരിത്രപരമായി ഒരു തെളിവും ഇല്ല. അതോടൊപ്പം, വന്നു എന്ന, ഇത്രയും പഴക്കമുള്ള വിശ്വാസത്തെ തള്ളിക്കളയാനും തെളിവില്ല. തോമ ശ്ലീഹ കേരളത്തിലല്ല, മറ്റിടങ്ങളിലേക്കാണ് പോയതെന്നോ മറ്റോ വിശ്വസനീയമായ വാദങ്ങളൊന്നുമില്ല. പണ്ട് ഇഎംഎസ് പറഞ്ഞിട്ടുള്ളതുപോലെ, രണ്ടായിരം കൊല്ലം മുമ്പ് കൊടുങ്ങല്ലൂരില്‍ ജൂതകച്ചവടക്കാരുടെ ഒരു പട്ടണം ഉണ്ടായിരുന്നെങ്കി ല്‍ തോമാ ശ്ലീഹ വന്നിരിക്കാനും ഇടയുണ്ട്. കേരളീയരെ കാണാനല്ല, പട്ടണത്തിലെ ജൂതരെ കാണാന്‍. മുസിരിസില്‍ നടത്തിയ ഉദ്ഖനനങ്ങള്‍ തെളിയിക്കുന്നത് രണ്ടായിരത്തിലേറെ ആണ്ടുകള്‍ പഴക്കമുള്ള ഒരു വാണിജ്യ കേന്ദ്രത്തിന്റേതാണ്. 

തോമാ ശ്ലീഹ ഇന്ത്യയില്‍ലേക്ക് പോയി എന്നതിന് അക്കാലത്തെ സിറിയന്‍, ജൂത രേഖകളുണ്ട്. അത് തക്ഷശിലയിലേക്കാണ് എന്നാണ് ഒരു വാദം, 43ാമാണ്ടില്‍. അമ്പതാം ആണ്ടിലാണ് കൊടുങ്ങല്ലൂര്‍ വന്നതെന്നാണ് വിശ്വാസം. ഇന്നത്തെ പാകിസ്ഥാന്‍ മേഖലയിലൂടെയായിരുന്നു അന്നത്തെ യെരുശലേമില്‍ നിന്നുള്ള കേരളത്തിലേക്കുള്ള, ഇന്ന് സ്‌പൈസ് റൂട്ട് എന്നു വിളിക്കുന്ന വഴി. അമ്പതാമാണ്ടില്‍ കേരളത്തിലെത്തണമെങ്കില്‍ ഇന്നത്തെ ഈ വഴിയിലൂടെയേ വരാനാവുമായിരുന്നുള്ളു. തോമാ ശ്ലീഹയെപ്പോലുള്ള ഒരു ജൂതന് തക്ഷശിലയെക്കാളും എന്തായാലും പ്രാധാന്യമുള്ള സ്ഥലം ജൂതപ്പട്ടണമുണ്ടായിരുന്ന കൊടുങ്ങല്ലൂരായിരുന്നു. തോമാശ്ലീഹയുടെ സാന്നിധ്യം സമൂഹത്തില്‍ അവശേഷിച്ചതും തക്ഷശിലയലല്ല, കേരളത്തിലാണ്.

"undefined"
നാലാം നൂറ്റാണ്ടിലെ റോമാക്കാരുടെ മതപീഡനത്തെത്തുടര്‍ന്ന് ആദിമക്രിസ്ത്യാനികളിലെ ഒരുകൂട്ടം കാനായിലെ തോമയുടെ നേതൃത്വത്തില്‍ ഇവിടെ വന്നുവെന്നും അവര്‍ ക്‌നാനായ ക്ലിസ്ത്യാനികളായി ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്നതും കാര്യമായി എതിര്‍ക്കപ്പെടുന്നില്ല. ഒന്നാം നൂറ്റാണ്ടിലേ ഉണ്ടായിരുന്ന ഒരു ബന്ധമല്ലെങ്കില്‍ നസറേത്തിനടുത്തുള്ള കാനാ എന്ന ചെറു പട്ടണത്തില്‍ നിന്ന് നൂറു കണക്കിന് ക്രിസ്ത്യാനികള്‍ അക്കാലത്ത് കപ്പലു കേറി കേരളത്തിലേക്ക് വരാന്‍ ധൈര്യപ്പെടുമോ?

ഇക്കാര്യത്തില്‍ റോമില്‍ നിന്ന് എന്തു പറയുന്നു എന്നതില്‍ കേരളീയര്‍ അത്ര വിഷമിക്കണ്ട. റോമിലേക്ക് പോയ യേശു ശിഷ്യന്‍ പൌലോസ് ആണെന്ന് പുതിയനിയമത്തിലുണ്ട്. പൌലോസിനെ റോമില്‍ വച്ച് പിടികൂടി ക്രൂരമായി കൊല്ലുകയും ചെയ്തു. പക്ഷേ, കത്തോലിക്ക സഭയുടെ ആസ്ഥാനം റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോം ആയതോടെ മുഖ്യ ശിഷ്യനായ പത്രോസ് റോമില്‍ വന്നു എന്ന ഒരു കഥയുടെ ആവശ്യമുണ്ടായി. അങ്ങനെയാണ് പത്രോശ്ലീഹയുടെ റോമാസന്ദര്‍ശനകഥ ഉണ്ടാക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത കഥ. ഈ കഥയുടെ അടിസ്ഥാനത്തിലാണ് വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലും മറ്റും കെട്ടിപ്പൊക്കിയിരിക്കുന്നത്. 

പത്രോശ്ലീഹയെക്കുറിച്ചുള്ള ഒരു കഥയുടെ അടിസ്ഥാനത്തില്‍ സഭ കെട്ടിപ്പടുത്ത വത്തിക്കാന്‍ കേരളീയരെ തോമാശ്ലീഹയുടെ കഥ സത്യമല്ല എന്ന് പഠിപ്പിക്കണ്ട.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.