സിപിഎമ്മിന്റേത് അബദ്ധ നിലപാട്: ഇര്‍ഫാന്‍ ഹബീബ്

Monday 16 April 2018 4:50 pm IST
"undefined"

അലിഗഢ്: ദേശീയ രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെട്ട് നിലവിലെ അബദ്ധ നിലപാട് തന്നെയാണ് ഹൈദരാബാദില്‍ ചേരാനിരിക്കുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലും സ്വീകരിക്കുന്നതെങ്കില്‍ സിപിഎം ദുര്‍ബലമാകുമെന്ന് വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെ മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എതിര്‍ത്തപ്പോള്‍ അതിനെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഒന്നും തന്നെ ഇതു വരെ ഹബീബ് എഴുതിയിരുന്നില്ല.

സിപിഎമ്മും കോണ്‍ഗ്രസും തമിലുള്ള സഖ്യത്തിലെ കാഴ്ചപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തര്‍പ്രദേശിനെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം ജില്ലകളിലും നമ്മുക്ക് സ്വാധിനമുണ്ട് എന്നാല്‍ ഒന്നോ രണ്ടോ മണ്ഡലങ്ങളിലൊഴികെ നമ്മുക്ക് അത് സംരക്ഷിക്കാന്‍ കഴിയുന്നില്ല. ബാക്കിയിടങ്ങളില്‍ കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പാര്‍ട്ടികളുമായി സഖ്യത്തിലാകാതെ മത്സരിച്ചാല്‍ അത് ബിജെപിയെ സഹായിക്കാനാണെന്ന് ജനങ്ങള്‍ തെറ്റിധരിക്കും. അനുഭാവികളുടെ വോട്ടുകള്‍ ലഭിക്കില്ലെന്ന് മാത്രമല്ല സഹതാപം പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിജയിക്കാന്‍ സാധ്യതയില്ലെങ്കില്‍ നമ്മുടെ വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരിക്കുന്നതെന്തിനാണ്? 2015ല്‍ ബീഹാറില്‍ സിപിഐഎംഎല്ലും സിപിഐയുമായി സഖ്യം ചേര്‍ന്നു. ഫലമൊന്നും ലഭിച്ചില്ല. യുപിയിലാകട്ടെ പ്രദേശിക തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. എന്നാല്‍ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കും. എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിക്കുന്ന നിലപാടായിരിക്കണം അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിക്കേണ്ടതെന്നും ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നവലിബറല്‍ നയം സ്വീകരിക്കുന്ന ഒരു മുതലാളിത്ത പാര്‍ട്ടിയാണ്. എന്നാല്‍ ഇതേ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാണ് നമ്മള്‍ രാജ്യം ഭരിച്ചിരുന്നത്. ത്രിപുര, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഒരു പരിധിവരെ നമ്മള്‍ മുതലാളിത്തത്തെ ഉള്‍കൊണ്ടിട്ടുണ്ട്. ചൈനയെപ്പോലെ, സ്വകാര്യ സമ്പത്തിന്റെ ചില ഘടകങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാലെ ഇക്കാലത്ത് സോഷ്യലിസത്തിനും നിലനില്‍പ്പുള്ളൂ എന്നും 1953 മുതല്‍ സിപിഎം അംഗമായിട്ടുള്ള ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. 

പ്രകാശ് കരാട്ടിന്റെ അഭിപ്രായത്തെ തള്ളിയ ഇര്‍ഫാന്‍ ഹബീബ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന അഭിപ്രായത്തെയും തള്ളി. മുതലാളിത്ത സമൂഹമല്ലാത്തതിനാല്‍ ഇന്ത്യയില്‍ ഫാസിസം ഇല്ലെന്ന നിലപാട് 1960 കാലഘട്ടം വരെ ശരിയാണ്. എന്നാല്‍ ഇന്ത്യ ഇന്ന് മുതലാളിത്ത രാജ്യമാണെന്നും ഹബീബ് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.