ഡോക്ടറല്ല, വ്യാജനാണ് പക്ഷേ, പോലീസ് ഞെട്ടി

Tuesday 17 April 2018 2:40 am IST
"undefined"

ന്യൂദല്‍ഹി: ചിലരോടു പറഞ്ഞത് ജൂനിയര്‍ ഡോക്ടറാണെന്ന്, ചിലരോടു പറഞ്ഞു ഹൗസ് സര്‍ജന്‍സി അവസാന വര്‍ഷമാണെന്ന്. എന്തായാലും ദല്‍ഹിയിലെ  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കഴിഞ്ഞ അഞ്ചുമാസമായി സജീവ സാന്നിധ്യമായിരുന്നു അദ്‌നാന്‍ ഖുറം എന്ന പത്തൊമ്പതു വയസുകാരന്‍. എന്നാല്‍ ഇപ്പോള്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചുമാസവും അദ്‌നാന്‍ പറഞ്ഞതു മുഴുവന്‍ നുണയാണെന്നു തെളിഞ്ഞു. 

എന്നാല്‍ സൗത്ത് ദല്‍ഹിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റോമില്‍ ബാനിയ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കുകയാണ്. അവര്‍ കസ്റ്റഡിയില്‍ എടുത്ത ഈ വ്യാജ ഡോക്ടര്‍ക്ക് മെഡിക്കല്‍ സയന്‍സിലുള്ള അറിവു കണ്ട്. എയിംസിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, ഡോക്ടര്‍മാര്‍, അവരുടെ ഫോണ്‍ നമ്പരുകള്‍ എല്ലാം അദ്‌നാന് മന:പ്പാഠം. 

ഡോക്ടര്‍മാരുടെ കോട്ടും അണിഞ്ഞ് സ്റ്റെതസ്‌കോപ് കഴുത്തിലിട്ട് എയിംസില്‍ പല ഭാഗത്തും ഡോക്ടറായിത്തന്നെ വിലസി നടക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. മറ്റു ഡോക്ടര്‍മാരുമായി സൗഹൃദത്തിലായി. ജൂനിയര്‍ ഡോക്ടറാണെന്നും ഹൗസ് സര്‍ജനാണെന്നും സൗകര്യപൂര്‍വം മാറ്റിപ്പറഞ്ഞു. ഡോക്ടര്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായി. എയിംസിലെ ഡോക്ടര്‍മാര്‍ക്കു മാത്രം വിതരണം ചെയ്യുന്ന ഡയറികള്‍ അദ്‌നാനും കിട്ടി. 

ഹൗസ്‌സര്‍ജന്മാരുടെ അസോസിയേഷന്‍ പ്രസിഡന്റ്  ഹര്‍ജിത് സിങ്ങിനാണ് ആദ്യം സംശയം തോന്നിയത്. ഹര്‍ജിത് അറിയിച്ചതിനുസരിച്ചാണ് അദ്‌നാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുമ്പോഴും ഓരോ കാരണങ്ങളാണ് അദ്‌നനാന്‍ പറയുന്നത്. തന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ അസുഖമുണ്ടെന്നും നല്ല ചികിത്സ കിട്ടാനാണ് ഇങ്ങനെ ചെയ്തതെന്ന് ആദ്യം പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരുമായി ഇടപഴകുന്നത് ഇഷ്ടമുള്ളതാന്‍ അതിനു ശ്രമിച്ചതാണെന്ന് പിന്നീടു പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.