മദ്യപര്‍ വീട് കയറി അക്രമിച്ചു

Tuesday 17 April 2018 3:00 am IST

 

ആലപ്പുഴ: വീടിന് മുന്നിലെ റോഡിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും വീട് കയറി അക്രമിച്ചു. കളര്‍കോട് അശോക് വില്ലയില്‍ അശോകന്റെ(46)വീട്ടിലാണ്  ഞായറാഴ്ച രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. തലയ്ക്ക് വെട്ടേറ്റ അശോകന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ഗോപാലകൃഷ്ണ പിള്ള, അമ്മ രാധാമണി, ഭാര്യ നിഷ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഡിവൈഎഫ്‌ഐക്കാര്‍ സംരക്ഷിക്കുന്ന ഒരു സംഘമാണ് അക്രമം നടത്തിയത്. ഇവരുടെ ശല്യം കാരണം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 

മദ്യലഹരിയില്‍ അഴിഞ്ഞാടി

അമ്പലപ്പുഴ: മദ്യക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. കരുമാടി മാമ്പലത്തറ റയില്‍വേക്രോസിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൊതുനിരത്തിലിരുന്നു മദ്യപിച്ചതിന് ശേഷം കാലിക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ചും ഗുണ്ടുകള്‍ ഉള്‍പ്പെടെയുള്ള പടക്കങ്ങള്‍ കത്തിച്ച് വലിച്ചെറിഞ്ഞും ഭീകരന്തരീക്ഷം ഉണ്ടാക്കി.   ഗുണ്ട് വലിച്ചെറിഞ്ഞ് സമീപത്തെ വീടിനുമുന്നില്‍ വിരിച്ചിരുന്ന ടൈലുകള്‍ക്ക് വിള്ളലുണ്ടായി. സിപിഎം പ്രദേശിക നേതാവിടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയില്ല. പതിനഞ്ചുവയസുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു. 

അരൂരില്‍ വീടുകയറി ആക്രമം

അരൂര്‍:  അരൂരില്‍ വീടുകയറി ആക്രമം അരൂര്‍പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ കല്ലറക്കല്‍  ജോസഫിന്റെ വീട്ടിലാണ് ഗുണ്ടകള്‍ വീട് കയറി ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.   സ്‌ക്കൂട്ടര്‍ അടിച്ചു പൊളിച്ചു ശേഷം വീടിനോട് ചേര്‍ന്നുള്ള സിറ്റൗട്ടില്‍ പിടിപ്പിച്ചിരുന്ന ടൈലുകള്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു. വീടിന്റെ ജനല്‍, വാതിലുകള്‍  തല്ലി പൊളിക്കുകയും,  ചെയ്ത് മടങ്ങുമ്പോള്‍ മുറ്റത്ത് നിന്നിരുന്ന വാഴയും മറ്റു ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്തു. പ്രതികള്‍ കണ്ടാലറിയാവുന്നവരാണെന്ന് ജോസഫ്  മൊഴി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.