അന്ത:കരണത്തിൻ്റെ രണ്ട് ഭാവങ്ങൾ

Tuesday 17 April 2018 3:25 am IST

കേളയമാത്‌മേതി വയമുപാസ്മഹേ 

കതരഃ സ ആത്മാ?

ആത്മാവെന്ന് നാം ഉപാസിക്കുന്നത് ആരെയാണ്/ ആ ആത്മാവ് രണ്ടില്‍ ഏതാണ്?

സജാതേ ഭൂതാനി... എന്നുതുടങ്ങുന്ന അപവാദ പ്രകരണത്തില്‍ പറഞ്ഞ തത്ത്വജ്ഞാനത്തേയും വാമദേവ ഋഷിയിലൂടെ പറഞ്ഞ ജ്ഞാനഫലവും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. മുന്‍ മന്ത്രങ്ങളിലൂടെ സാമാന്യമായി തത്ത്വം മനസ്സിലാക്കിയവരും ജന്മക്ലേശങ്ങളെ അറിഞ്ഞ് വൈരാഗ്യം നേടിയവരും വിചാരം ചെയ്യുന്ന തരത്തിലാണ് ഇവിടെ ആരംഭിക്കുന്നത്. 'ആത്മാ വാ ഈ മേക ഏവാഗ്ര ആസീത്' എന്ന് നിരുപാധികവും അവ്യകൃതവുമായ ആത്മാവിനേയും 'സ ഏതമേവ സീമാനം വിദാര്യ ഏതയാദ്വാരാ പ്രാപദ്വത' എന്ന് സോപാധികവും വ്യാകൃതവുമായ ആത്മാവിനേയുംപ്പറ്റി പറഞ്ഞിരുന്നു. ഈ രണ്ടുതരം ആത്മാക്കളില്‍ നാം ഉപാസിക്കേണ്ടത് ഏതിനെയാണ്? നിരുപാധികമായതോ സോപാധികമായതോ? പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ? ഏതിനെയാണ് നാം ഉപാസിക്കുക എന്ന ചോദ്യത്തോടെ വിചാരം ചെയ്യല്‍ ആരംഭിക്കുകയാണ്.

മറ്റൊരു തരത്തിലും രണ്ട് ആത്മാക്കളെ കാണാം. ഒന്ന് ആരണ്യകത്തില്‍ പറഞ്ഞ പാദത്തിലൂടെ പ്രാണശക്തിയായി ശരീരത്തില്‍ കയറിയതും. നെറുകയിലൂടെ ജ്ഞാനശക്തിയായി അകത്തുകടന്നതും ഇതില്‍ ഏതാകും ഉപാസിക്കേണ്ടത് എന്നുമാകാം.

യേന വാ പശ്യതി യേന വാ ശൃണോതി യേനവാ

ഗന്ധാനാജിഘ്രതി യേന വാവാചം 

വ്യാകരോതി, യേന വാ

സ്വാദുചാസ്വാദുച വിജാനാതി 

യദേതദ്ധൃദയം മനശ്ചൈതത്

എന്തുകൊണ്ടാണോ രൂപത്തെ കാണുന്നത് എന്തുകൊണ്ടാണോ ശബ്ദത്തെ കേള്‍ക്കുന്നത് എന്തുകൊണ്ടാണോ ഗന്ധങ്ങളെ ഘ്രാണിക്കുന്നത് എന്തുകൊണ്ടാണോ വാക്കിനെ പറയുന്നത് എന്തുകൊണ്ടാണോ സ്വാദും സ്വാദില്ലാത്തതും അറിയുന്നത് അത് ആത്മാവാണോ?

ഹൃദയമെന്നും മനസ്സെന്നും പറയുന്നത് ഇതുതന്നെയാകുന്നു.

പ്രാണരൂപത്തില്‍ പ്രവേശിച്ച ആത്മാവ് ക്രിയാശക്തികൊണ്ട് ഇന്ദ്രിയങ്ങള്‍ വഴി വിഷയങ്ങളെ ഗ്രഹിക്കുന്നു. ഓരോ ഇന്ദ്രിയങ്ങള്‍ വഴിയും ലഭിക്കുന്ന അറിവിനെ ഏകോപിപ്പിച്ച് പൂര്‍ണമായ അറിവാക്കി മാറ്റുന്നതും പിന്നീട് സ്മൃതിയായി അവശേഷിപ്പിക്കുന്നതും ജ്ഞാനസ്വരൂപനായ ആത്മാവാണ്. കണ്ണുകൊണ്ട് കണ്ട ഒന്നിനെ കണ്ണില്ലാത്ത അവസ്ഥയിലും ഓര്‍മ്മിക്കാന്‍ കഴിയുന്നത് സ്മൃതിയെ ഉണ്ടാക്കുന്ന ജ്ഞാന ആത്മാവിന്റെ സഹായത്താലാണ്. ഇന്ദ്രിയങ്ങള്‍ തുടങ്ങിയ ഉപാധികളോട് ചേര്‍ന്ന ആത്മാവിനെയാണോ. അതോ ഉപാധികളില്ലാത്ത ഒന്നിനെയാണോ ഭജിക്കേണ്ടത്. ഓരോ ഇന്ദ്രിയങ്ങളും അതിന്റെ വിഷയത്തെപ്പറ്റിയുള്ള അറിവേ തരുന്നുള്ളൂ. കണ്ണ് രൂപത്തേയും കാത് ശബ്ദത്തേയും മൂക്ക് ഗന്ധത്തെയും നല്‍കുമ്പോള്‍ അതിനെപ്പറ്റിയുള്ള ജ്ഞാനമുണ്ടാക്കുന്നത് ചൈതന്യശക്തി അതോട് ചേരുന്നതിനാലാണ്.

ദേഹം, ഇന്ദ്രിയം തുടങ്ങിയ ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ചൈതന്യത്തെയാണ് സാധാരണ ജനങ്ങള്‍ ആത്മാവായി കരുതുന്നത്. എന്നാല്‍ ഇതുപോരാ. ജിജ്ഞാസുക്കളായവര്‍ വിചാരം ചെയ്ത് ഇതിനുപ്പുറമുള്ള നിര്‍വികാരവും നിഷ്‌ക്രിയവും സച്ചിദാനന്ദ സ്വരൂപവുമായ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥയെ തിരിച്ചറിയും. അങ്ങനെ വേണ്ടവിധത്തില്‍ വിചാരം ചെയ്താലേ തത്ത്വം നന്നായി ഉറയ്ക്കൂ.

ഹൃദയമെന്നും മനസ്സെന്നും അന്തഃകരണം എന്നും പറഞ്ഞതു കൊണ്ടാണ് വാസ്തവത്തില്‍ ഓരോ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളെ വേണ്ടപോലെ അറിയുന്നത്. അത് പലതരത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണായി രൂപത്തെ കാട്ടുന്നു. കാതായി ശബ്ദത്തെ കേള്‍ക്കുന്നു. ഘ്രാണേന്ദ്രിയമായി വാസനിക്കുന്നു.  വാഗിന്ദ്രിയമായി  സംസാരിക്കുന്നു. നാക്കായി രുചിയേയും അരുചിയേയും രസമായി അറിയുന്നു. എല്ലാ കരണങ്ങളും അവയുടെ വിഷയങ്ങളും ഈ ഹൃദയമാണ്. ഹൃദയമെന്നും മനസ്സെന്നും  പറയുന്ന ഇത് എല്ലാറ്റിനേയും ഗ്രഹിക്കുന്ന കരണമെന്ന് പ്രസിദ്ധമാണ്. ഇതുതന്നെയാണ് ഗ്രഹിക്കുന്നവന് ഗ്രഹിക്കുന്നതിനുള്ള കരണവും ഏറ്റവും പ്രധാനപ്പെട്ടതും. പാദത്തിലൂടെ ഉള്ളിലെത്തിയ പ്രാണന്‍ അപ്രധാനമാണ.് അതുകൊണ്ടുതന്നെ ഉപാസ്യനായ ആത്മാവായ ബ്രഹ്മമല്ല. ഹൃദയമെന്ന് പറയുന്നത് ബുദ്ധിയെ കൂടിയാണ്. മനസ്സും ബുദ്ധിയും അന്ത:കരണത്തിന്റെ രണ്ട് ഭാവങ്ങളാണ്. അന്തക്കരണം ജ്ഞാനം നേടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ്. അറിയുന്നവന്‍ ഇതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു. പാദത്തിലൂടെ പ്രവേശിച്ച പ്രാണന്‍ ജ്ഞാനോപകരണമായതിനാല്‍ അപ്രധാനനാണ്, ഉപാസിക്കേണ്ടതില്ല. ആര്‍ക്ക് വേണ്ടിയാണോ ഹൃദയം മനസ്സ് എന്നിങ്ങനെയുള്ള അന്തക്കരണത്തിന്റെ ആജ്ഞാനസ്വരൂപനായ ആത്മാവിനെ ഉപാസിക്കണം. ഉപാധികള്‍ ഒന്നുമില്ലാതെ അസംഗനായിരിക്കുന്ന ആത്മസ്വരൂപത്തെ ഉപാസിക്കുകതന്നെ വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.