ചിദാനന്ദരൂപനായ ശിവന്‍

Tuesday 17 April 2018 3:30 am IST

പ്രകാശരൂപോഹമജോഹമദ്വയോ

സുകൃദ്വിഭാതോഹമതീവ നിര്‍മ്മലഃ

വിശുദ്ധവിജ്ഞാന ധനോ നിരാമയഃ 

സമ്പൂര്‍ണ്ണ ആനന്ദമയോഹമക്രിയഃ (41)

സദൈവമുക്തോഹമചിന്ത്യശക്തിമാ-

നതീന്ദ്രിയജ്ഞാനമവിക്രിയാത്മകഃ

അനന്തപാരോഹമഹര്‍ന്നിശം ബുധൈ-

ര്‍വ്വിഭാവിതോഹം ഹൃദിവേദവാദിഭിഃ (42)

ഞാന്‍ പ്രകാശരൂപനാണ്. ഞാന്‍ ജനിക്കാത്തവനാണ്. അദ്വയനാണ്. സുകൃതിയാണ്. അത്യന്തം നിര്‍മ്മലനാണ് ഞാന്‍. സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധജ്ഞാനംകൊണ്ട് ഞാന്‍ സമ്പന്നനാണ്. ആമയങ്ങളൊന്നുമില്ലാത്ത ഞാന്‍ സമ്പൂര്‍ണ്ണനാണ്. സദാ ആനന്ദസ്വരൂപനായ ഞാന്‍ നിഷ്‌ക്രിയനുമാണ്. ഞാന്‍ സദാ സംസാരത്തില്‍ നിന്നും മുക്തനായിരിക്കുന്നു. അളവില്ലാത്ത ശക്തിയുടെ ഉറവിടമാണ് ഞാന്‍. ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയാത്തവനും വികാരരഹിതനുമാണ് ഞാന്‍. അനന്തവും അപാരവുമായ ഞാന്‍ വിദ്വാന്മാരായ ബുദ്ധിമാന്മാരാല്‍ രാവും പകലും ഹൃദയത്തില്‍ ധ്യാനിക്കപ്പെടുന്നവനാണ്. 

കുറിപ്പ്- പരാമാത്മാവുമായി ചേരുന്നതിന് സദാ പരാമാത്മചിന്തയില്‍ മുഴുകിയിരിക്കണം. അതിന് സംസാരത്തെക്കുറിച്ചുള്ള എല്ലാ അനുഭവങ്ങളും പോകുന്നതിന് താന്‍ ശരീരമല്ലെന്നും ആത്മാവാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചിന്തന ചെയ്യണം. അതിനുള്ള വഴിയാണ് ഇവിടെ പറയുന്നത്. താന്‍ തന്നെ പരമാത്മാവ് എന്നുറയ്ക്കാനുള്ള സാധനയാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിച്ചത്. ഇതില്‍ പറയുന്നതുപോലെ സദാ ഭാവനചെയ്തുകൊണ്ടിരിക്കണം. ശ്രീ ശങ്കരാചാര്യസ്വാമികള്‍ രചിച്ച നിര്‍വ്വാണാഷ്ടകത്തില്‍ ഇതേ കാര്യം തന്നെയാണ് പറയുന്നത്. ആ അഷ്ടകത്തിന്റെ ആശയം ചുരുക്കിപ്പറയുന്നു. 1. ഞാന്‍ മനസ്സോ ബുദ്ധിയോ ചിത്തമോ അല്ല. കണ്ണ്, ചെവി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളൊന്നുമല്ല. ഞാന്‍ ആകാശം വായു തുടങ്ങിയ പഞ്ചഭൂതങ്ങളുമല്ല. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 2.ഞാന്‍ പ്രാണനല്ല, പഞ്ചവായുക്കളല്ല, ഞാന്‍ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന സപ്തധാതുക്കളുമല്ല, ഞാന്‍ അന്നമയം പ്രാണമയം തുടങ്ങിയ പഞ്ചകോശങ്ങളല്ല,  വാക്, പാണി തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളല്ല, ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 3.ഞാന്‍ രാഗദ്വേഷങ്ങളോ ലോഭമോഹങ്ങളോ മദമാത്സര്യാദികളോ അല്ല. ഞാന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളല്ല, ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 4.ഞാന്‍ പാപപുണ്യങ്ങളല്ല, സുഖദുഃഖങ്ങളല്ല, മന്ത്രമോ തീര്‍ത്ഥമോ യജ്ഞങ്ങളോഅല്ല,  ഞാന്‍ ഭോജനമല്ല, ഭോജ്യമല്ല, ഭോക്താവുമല്ല. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 5. ഞാന്‍ മൃത്യുവല്ല, ഞാന്‍ ശങ്കയല്ല, മാതാപിതാക്കളോ ബന്ധുക്കളോ മിത്രങ്ങളോ അല്ല, എനിക്കു ജാതിഭേദങ്ങളില്ല. ഗുരുവോ ശിഷ്യനോ അല്ല ഞാന്‍. ഞാന്‍ ചിദാനന്ദരൂപനായ ശിവനാണ്. ഞാന്‍ ശിവനാണ്. 6. ഞാന്‍ നിര്‍വ്വികല്പനും നിരാകാരരൂപനും വിഭുത്വമാണ്, സര്‍വ്വത്ര സര്‍വ്വേന്ദ്രിയങ്ങളിലും സംഗം കൂടാതെ ഇരിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ മുക്തിയുമല്ല. ഞാന്‍ അളവില്ലാത്ത ചിദാനന്ദരൂപമാണ്. ഞാന്‍ ശിവനാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.