നമുക്കും കഴിയും, കഴിയണം

Tuesday 17 April 2018 3:40 am IST
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ അതിവേഗം മാറുന്ന ഇന്ത്യന്‍ പ്രതിരോധ രംഗം ഇന്നു പലരിലും അസ്വസ്ഥത വളര്‍ത്തുമ്പോള്‍, ഒട്ടേറെ സ്വകാര്യ സംരംഭകര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്ത് കടന്ന് വരികയും വന്‍തോതില്‍ മുതല്‍ മുടക്കിന് തയ്യാറാവുകയും ചെയ്യുന്നു.
"undefined"

ഭാരതമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ആഗോള ആയുധ വ്യാപാരത്തില്‍ ശരാശരി 13 ശതമനമാണ് ഭാരതത്തിന്റെ പങ്ക്. കൂടുതലും ആയുധങ്ങള്‍ എത്തുന്നത് അമേരിക്ക, റഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും. വ്യാവസായിക രാഷ്ട്രങ്ങള്‍ തദ്ദേശ ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ആഭ്യന്തരമായി തന്നെ നിര്‍മ്മിക്കുമ്പോള്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാഷട്രങ്ങള്‍ ആയുധക്കയറ്റുമതിയിലൂടെയും ശക്തമായ ഒരു വ്യവസായ മേഖല തന്നെ കെട്ടിപ്പെടുത്തു. ഭാരതത്തിന്ന് അസാധ്യമായ ഒന്നും തന്നെ ഈ രാഷ്ട്രങ്ങളുടെ കൈയ്യില്‍ ഇല്ലെങ്കിലും ശക്തമായ ഒരു വ്യവസായ മേഖല കെട്ടിപ്പെടുക്കാന്‍ ഈ രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞത് അവര്‍ക്കുണ്ടായ രാഷ്ട്രിയ ഇച്ഛാശക്തിയുടെ ഫലമാണ്

സൈനിക ബലത്തില്‍  ലോകത്തിലെ അഞ്ച് വന്‍ശക്തികളിലൊന്നാണ് ഭരതം. പക്ഷെ ആയുധ ശേഖരങ്ങളില്‍ ഏതാണ്ട് മുന്നില്‍ രണ്ട് ഭാഗം വിദേശ നിര്‍മ്മിതം. ഭാരതത്തിന്റെ പ്രതിരോധ ബലം ഏതാണ്ട്  പൂര്‍ണ്ണമായും ആശ്രയിക്കുന്നത് വിദേശ ആയുധ നിര്‍മ്മാണ കമ്പനികളെയാണെന്ന് പറയേണ്ടി വരുന്നു. ഈ അവസ്ഥയില്‍ മാറ്റം വരണം. രാഷ്ട്ര വിരോധശക്തികള്‍ എന്ത് തന്നെ പറഞ്ഞാലും പ്രചരിപ്പിച്ചാലും, നമുക്ക് ആവശ്യമുള്ള ആധുനിക ആയുധങ്ങളുടെ നിര്‍മ്മാണം നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടാകണം. 

ആയുധ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് ഉപാധികളോടെ സാങ്കേതിക അറിവ് കൈമാറുന്നതിനും ആവശ്യമായ യാന്ത്രികവല്‍ക്കരണ സഹായത്തിനും പൂര്‍ണ്ണവും ഭാഗികവുമായ ഉടമസ്ഥാവകാശത്തോടെ വന്‍കിട പാശ്ചാത്യ ആയുധ നിര്‍മ്മാതാക്കള്‍ തയ്യാറാണ്.  എന്നാല്‍, ദശാബ്ദങ്ങളായി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന കൂറ്റന്‍ വ്യവസായ മേഖലയായ പ്രതിരോധ ആയുധ നിര്‍മ്മാണ രംഗത്ത് ഭാരതത്തിന്റെ സ്ഥാനം എവിടെയാണെന്ന്  നാം വിലയിരുത്തണം. എന്ത് കൊണ്ടാണ് വന്‍ ലാഭകരവും, ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ളതും, അനേകം തൊഴിലവസരങ്ങള്‍ക്കും ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ക്ക് വഴിതുറക്കാനും  ഭാരിച്ച ഇറക്കുമതി ബാധ്യത ശാശ്വതമായി ഒഴിവാക്കാനും കെല്‍പ്പുമുള്ള ഈ മേഖലയില്‍ നമുക്ക് ചുവടുറപ്പിക്കാന്‍ ഏഴ് പതിറ്റാണ്ടിനുള്ളില്‍ സാധിക്കാതിരുന്നത്? 

ആയുധ നിര്‍മ്മാണം നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഒഴുകി പോകുന്ന വിദേശനാണ്യത്തെ പിടിച്ച് നിര്‍ത്തുകയും ഭാവിയില്‍ ശക്തമായ വിദേശനാണ്യ വരുമാനത്തിന്ന് വഴിതുറക്കുകയും ചെയ്യുന്ന മേഖലയാണ്. നിലവിലുള്ള സാഹചര്യത്തില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ട വെടിയുണ്ട ഏല്‍ക്കാത്ത ജാക്കറ്റ് മുതല്‍ അന്തര്‍വാഹിനി വരെ നമ്മള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ കമ്പനികള്‍ ഭീമമായ ലഭം കൊയ്യുകയും അവരുടെ രാജ്യങ്ങളില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിച്ച് വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിഷിദ്ധമാണോ? നമുക്ക് ആവശ്യമായ യുദ്ധ സാമഗ്രികള്‍ നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആരുടെ താത്പര്യത്തിന്ന് വിരുദ്ധമാണെന്ന് രാഷ്ട്രീയ മുന്‍വിധി ഇല്ലാതെ നാം സ്വയം പരിശോധിക്കേണ്ടതാണ്.

വിരലിലെണ്ണാവുന്ന ഏതാനും ആയുധ നിര്‍മ്മാതാക്കളും ഇടനിലക്കാരും നിയന്ത്രിക്കുന്ന ആയുധ വ്യവസായമെന്ന കൂറ്റന്‍ ലാഭകരമായ മേഖല ഭാരതത്തിന്ന്  അപ്രാപ്യമായിരിക്കുന്നതിന്ന് വിചിത്രമായ കാരണങ്ങളാണുള്ളത്. തദ്ദേശീയമായിത്തന്നെ ആയുധ നിര്‍മ്മാണ വ്യവസായം വളര്‍ത്തിയെടുക്കാന്‍ ഭാരതം ആലോചിക്കാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടിലേറെയായി. പക്ഷെ അനുയോജ്യമായ പ്രത്യക്ഷ നയങ്ങളും, അനുബന്ധ നയങ്ങളും, നടപടി ക്രമങ്ങളും സാഹചര്യങ്ങളും നമ്മുടെ രാജ്യത്ത് നേരത്തെ ഉണ്ടായിരുന്നില്ല.

അയല്‍ രാജ്യങ്ങളുമായി നമ്മള്‍ പലതവണ യുദ്ധം ചെയ്തു. യുദ്ധം ജയിച്ച സാഹചര്യത്തില്‍ പോലും ഭാവിയിലും യുദ്ധം ചെയ്യാനുള്ള സാഹചര്യങ്ങള്‍ ബാക്കിയാക്കി സമര്‍ത്ഥമായി വിമര്‍ശന വിധേയമാകാതെ വിലപിടിച്ച ആയുധങ്ങളുടെ ഇറക്കുമതിക്ക് വഴി തുറന്നു.

പ്രശ്‌നങ്ങളെ നിലനിര്‍ത്തി നമ്മള്‍ ആയുധ പന്തയത്തില്‍ എന്നും മുന്നില്‍ത്തന്നെ സ്ഥാനമുറപ്പിച്ചു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം ആയുധ സമ്പാദനത്തിന്ന് ഉപയോഗിക്കുമ്പോള്‍ നാം ഒഴുക്കുന്ന സമ്പത്തിന്റെ ഗുണഭോക്താക്കള്‍ പാശ്ചാത്യരാണെന്ന സത്യം ബോധപൂര്‍വ്വമോ അല്ലാതയോ മറന്നു. ഇടനിലക്കാര്‍ക്ക് കമ്മീഷനായി കിട്ടിയിരുന്ന വന്‍ തുക പോലും ഭാരതത്തിലെ ബാങ്കുകളില്‍ വരാറില്ല. എല്ലാം അപരനാമത്തില്‍ പാശ്ചാത്യ ബാങ്കുകളില്‍ കുമിഞ്ഞ് കൂടി. 

ആയുധ ഇറക്കുമതിയിലെ ഇടനില വഴി  സമ്പന്നരായ പലര്‍ക്കും ഇഷ്ടപ്പെടാത്ത നടപടിയാണ് ഭാരതത്തില്‍ ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള ശ്രമം. അതുകൊണ്ട് തന്നെ, 1950ല്‍ തുടങ്ങിയ ഭാരതത്തിന്റെ സ്വദേശി ആയുധ നിര്‍മ്മാണമെന്ന സ്വപ്‌നം പൂവണിയാതിരിക്കുന്നതില്‍ മതിയായ കാരണവും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ആത്മാര്‍ത്ഥവും സത്യസന്ധവുമായ സമീപനം ഇല്ലാതിരുന്നതാണ് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടെന്നും സംശയിക്കാം. 

ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ പാശ്ചാത്യ നാടുകളിലാണ് ദശലക്ഷകണക്കിന്ന് ആളുകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നത്. അതിനെ ആശ്രയിക്കുന്ന അനേകായിരം ചെറുകിട വ്യവസായങ്ങളും മറ്റ് വന്‍ വ്യവസായങ്ങളും തഴച്ച് വളരുന്നു. ഇത് നമ്മുടെ രാജ്യത്ത് സംഭവിക്കാനുള്ള അവസരം ഉണ്ടാക്കുന്നതു രാഷ്ട്രതാല്‍പര്യത്തിന്ന് വിരുദ്ധമാകുന്നത് എങ്ങനെ? 

'മേക്ക് ഇന്‍ ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിയിലൂടെ ആയുധ നിര്‍മ്മാണത്തില്‍ സ്വകാര്യ മേഖലക്ക് വഴി തുറക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ആഗോള ആയുധ വില്‍പ്പനക്കാരുടെ വക്താക്കളാണെന്ന് സംശയിക്കണം. ആയുധ നിര്‍മ്മാണ രംഗത്ത് ആഗോളതലത്തില്‍ സ്വകാര്യ കമ്പനികള്‍ തന്നെയാണ് പ്രമാണിമാര്‍. ഭാവിയിലും അവര്‍ തന്നെ ആയിരിക്കും. തദ്ദേശീയമായി ആയുധ നിര്‍മ്മാണം നമുക്ക് കെട്ടിപ്പടുക്കണമെങ്കില്‍ ഒന്നുകില്‍ ഭീമന്‍ ആഗോള ആയുധ നിര്‍മ്മാതാക്കളെ നമ്മുടെ രാജ്യത്ത് ക്ഷണിക്കുകയും മുതല്‍ മുടക്കാന്‍ ശേഷിയുള്ള സ്വദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാതെ തരമില്ല. പൊതുമേഖലയില്‍  നിലവിലുള്ള ആറോളം പ്രതിരോധ സാമഗ്രി നിര്‍മ്മാതാക്കള്‍ക്ക് ഏറെ പരിധികള്‍ ഉണ്ട്. 

വ്യാപാര രംഗത്ത് സ്വകാര്യ ഉടമസ്ഥതയുടെ കാര്യക്ഷമത സ്വഭാവികമായും പൂര്‍ണ്ണ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനത്തേക്കാള്‍ കൂടുതലാണ്. കാരണം ഒരു തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ടും പ്രക്രിയയിലൂടെയും സാധിക്കും. 'ബ്യൂറോക്രാറ്റിക്ക്' ചട്ടക്കൂടിനത്ത് നിന്ന് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതു സങ്കീര്‍ണ്ണമായ പ്രക്രിയയാകും. 

തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ തയ്യാറാക്കിയ 2011ലെ 'ഡിഫന്‍സ് പ്രൊഡക്ഷന്‍ പോളിസി' സാവധാനത്തിലെങ്കിലും ലക്ഷ്യത്തില്‍ എത്താന്‍ 'ഡിഫന്‍സ് പ്രൊക്വിയര്‍മെന്റ് പ്രൊസീജിയര്‍' ഭേദഗതി ആവശ്യമായിരുന്നു. ആ ഭേദഗതി 2016 ല്‍ മാത്രമാണ് ഉണ്ടാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച് നിര്‍മ്മിച്ച വസ്തുക്കള്‍ വാങ്ങുന്നതിന്ന് മുന്‍ഗണന നല്‍കുന്ന നയം നിലവില്‍ വന്നു. ഈ രംഗത്ത് സഹായകമായ ഒട്ടനവധി ചെറു സംരംഭങ്ങള്‍ക്കും ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കും വ്യവസായ ലൈസന്‍സ് ഒഴിവാക്കിയും പലതരത്തിലുള്ള പ്രക്രിയകള്‍ ലളിതമാക്കിയും  തദ്ദേശീയമായി പ്രതിരോധ സാമഗ്രി നിര്‍മ്മാണ രംഗത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്തി.  

ഇപ്പോള്‍ 'മേക്ക് ഇന്‍ ഇന്ത്യ' ലക്ഷ്യത്തിലൂടെ അതിവേഗം മാറുന്ന പ്രതിരോധ രംഗം പലരിലും അസ്വസ്ഥത വളര്‍ത്തുമ്പോള്‍, ഒട്ടേറെ സ്വകാര്യ സംരംഭങ്ങള്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്ത് കടന്ന് വരികയും വന്‍തോതിലുള്ള മുതല്‍ മുടക്കിന്ന് തയ്യാറാവുകയും ചെയ്യുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ്  പ്രമോഷന്‍ (ഡി.ഐ.പി.പി) നല്‍കിയ കണക്ക് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ ലൈസന്‍സ് ആവശ്യമുള്ള വിവിധ പ്രതിരോധ സമഗ്രികള്‍ നിര്‍മ്മിക്കാന്‍ 218 കമ്പനികള്‍ക്കായി 348 ലൈസന്‍സ് നല്‍കിക്കഴിഞ്ഞു. മൊത്തം 114 ലൈസന്‍സ് നേടിയ 70 ഓളം കമ്പനികള്‍ ഉല്‍പാദനം ആരംഭിച്ചതായും റിപ്പോര്‍ട്ടു പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.