ഡോക്ടര്‍മാരുടെ സമരം; ആശുപത്രികളില്‍ ഒപി സ്തംഭിച്ചു

Tuesday 17 April 2018 2:00 am IST
കോട്ടയം: മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വൈകിട്ട് 6 വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള സമരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഗ്രാമീണ മേഖലകളിലെ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ പരിശോധന പൂര്‍ണ്ണമായി നിലച്ചു.

 

കോട്ടയം: മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വൈകിട്ട് 6 വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള സമരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഗ്രാമീണ മേഖലകളിലെ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ പരിശോധന പൂര്‍ണ്ണമായി നിലച്ചു. 

സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആശുപത്രികളില്‍നിന്ന് രോഗികള്‍ ഒഴിയുകയാണ്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇവിടങ്ങളില്‍ മാത്രമാണ് രോഗീപരിശോധന ഉണ്ടായത്. 

     കോട്ടയം ജില്ലാ ആശുപത്രിയില്‍ 37 യൂണിറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. പാലാ, കാഞ്ഞിരപ്പളളി, വൈക്കം, ചങ്ങനാശ്ശേരി, പാമ്പാടി എന്നിവടങ്ങളില്‍ പേരിന് മാത്രമാണ് രോഗികളുടെ പരിശോധന ഉണ്ടായത്. ജില്ലയില്‍ ആകെയുള്ള 414 ഡോക്ടര്‍മാരില്‍ 360 പേരും സമരത്തില്‍ പങ്കെടുത്തു. അതേസമയം ജോലിക്ക് കയറിയ ഡോക്ടര്‍മാരുടെ കണക്ക് ജില്ലാ ആരോഗ്യവിഭാഗത്തിന് ലഭിക്കുന്നില്ല. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഒരു വിഭാഗം ജീവനക്കാര്‍ വിവരങ്ങള്‍ അയയ്ക്കാതെ ചട്ടപ്പടി സമരത്തിലാണ്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ ജീവനക്കാരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.

   ഇന്നലെ മുതല്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഐപിയും അഡ്മിഷനും പൂര്‍ണ്ണമായി നിര്‍ത്തി. ഇപ്പോള്‍ എന്‍ആര്‍എച്ചഎം വഴി നിയമിതരായ ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കുള്ളത്. ഇതിനിടെയില്‍ സമരത്തില്‍ പങ്കെടുക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തുടങ്ങി. പ്രബോഷന്‍ പൂര്‍ത്തിയാകാത്തവരെ പിരിച്ച് വിടാനാണ് നീക്കം.

11 കുടുംബാരോഗ്യ 

കേന്ദ്രങ്ങള്‍ 

കോട്ടയം: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആകെയുള്ള 80 ആശുപത്രികളില്‍ 11 എണ്ണത്തെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. ഇതില്‍ നാലെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. അഞ്ചെണ്ണം നിര്‍മ്മാണഘട്ടത്തിലാണ്. രോഗീസൗഹൃദ കേന്ദ്രമായി പറയുന്ന ഈ കേന്ദ്രങ്ങളില്‍ ഒപി വൈകിട്ട് 6.30 വരെയാണ്. കൂടാതെ ഡോക്ടര്‍മാര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശനവും ഉണ്ട്.

രോഗീ സൗഹൃദമാകും

കോട്ടയം: കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദമാകുമെന്ന് ഡിഎംഒ പറഞ്ഞു. ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും കുറവ് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ വേണം പരിഹരിക്കേണ്ടത്.

പദ്ധതിക്ക് എതിരല്ല 

കോട്ടയം:  സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിക്കോ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കോ എതിരല്ലെന്ന് കെജിഎംഒ ഭാരവാഹികള്‍ പറഞ്ഞു, പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടോ എന്ന് പരിശോധിക്കണമെന്നും കുറവ് പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.