വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കി ദേശീയ പാതയില്‍ ബസുകളുടെ മത്സരയോട്ടം

Tuesday 17 April 2018 2:00 am IST
മുണ്ടക്കയം: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുവാന്‍ നടപടിയില്ല. വേഗപ്പൂട്ടുകള്‍ നിശ്ചലമാക്കി ദുര്‍ഘടപാതകളിലൂടെ അമിതവേഗത്തിലാണ് ബസുകള്‍ പായുന്നത്.

 

മുണ്ടക്കയം: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി  ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുവാന്‍ നടപടിയില്ല. വേഗപ്പൂട്ടുകള്‍ നിശ്ചലമാക്കി ദുര്‍ഘടപാതകളിലൂടെ അമിതവേഗത്തിലാണ് ബസുകള്‍ പായുന്നത്. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും വാര്‍ഷികടെസ്റ്റുകളില്‍ മാത്രമാണ് മിക്ക ബസുകളും പൂട്ട് ഘടിപ്പിക്കുന്നത്. പിന്നീട് പൂട്ട് പ്രവര്‍ത്തനരഹിതമാക്കിയശേഷമാണ് നിരത്തിലോടുന്നത്. സര്‍വീസ് ബസുകളില്‍ വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പോ, പോലീസോ യാതൊരു പരിശോധനകളും നടത്തുന്നുമില്ല.

കാലാവധി പൂര്‍ത്തിയാക്കിയ സ്വകാര്യ ഫാസ്റ്റ് പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തതോടെ പാതയില്‍ ഇവയുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏറ്റെടുത്ത റൂട്ടുകളില്‍ സര്‍ക്കാര്‍ ബസുകള്‍ക്കൊപ്പം തന്നെ ഫാസ്റ്റ് പദവി നഷ്ടപ്പെട്ട സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് പദവികൂടി നല്‍കിയതോടെയാണ് മത്സരയോട്ടം കൂടുതല്‍ രൂക്ഷമായത്.

കുമളി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുന്ന  ബസുകള്‍ അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ ഒപ്പത്തിനൊപ്പം നിരത്തിലോടുമ്പോള്‍ കളക്ഷന്റെ കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും യാതൊരു ഗുണവും ലഭിക്കാറില്ല. ഇത് കൂടുതല്‍ വരുമാനനഷ്ടത്തിനിടയാക്കുന്നു. മത്സരിച്ച് ഓടുന്ന സമയത്ത് ചെറുകിട സ്റ്റോപ്പുകളെ പൂര്‍ണമായും ഒഴിവാക്കപ്പെടുന്നത് യാത്രാക്ലേശം രൂക്ഷമാക്കുകയാണ്.പാതയിലെ കുട്ടിക്കാനം മുതല്‍ മുണ്ടക്കയം വരെയുള്ള പ്രദേശം വീതികുറഞ്ഞതും കുത്തിറക്കവും കൊടുംവളവുകളും, കൊക്കകളും നിറഞ്ഞതുമാണ്. ഇതുവഴിയുള്ള അമിതവേഗം ബസ് യാത്രക്കാരെ ഭീതിയിലാക്കുകയാണ്.

ഇരുചക്രവാഹനമടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയും റോഡ് നിയമങ്ങള്‍ പാലിക്കാതെയുമാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതുമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങളും അടിക്കടി ഉണ്ടാകുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.