മഞ്ഞപ്പിത്ത ഭീതിയില്‍ മാന്നാനം

Tuesday 17 April 2018 2:00 am IST
ഗാന്ധിനഗര്‍: മാന്നാനം കെ.ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മാന്നാനത്തും പരിസരപ്രദേശങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. മൂന്ന് മാസമായി മാന്നാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുകയായിരുന്നു.

 

ഗാന്ധിനഗര്‍: മാന്നാനം കെ.ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മാന്നാനത്തും പരിസരപ്രദേശങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. മൂന്ന് മാസമായി മാന്നാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുകയായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തിയതല്ലാതെ കാര്യമായ യാതൊരു പ്രവര്‍ത്തനവും നടത്തിയില്ല. മെഡിക്കല്‍ കോളേജില്‍ നിന്നുളള മാലിന്യം കിണറുകളിലും മറ്റും കലരുന്നത് തടയാന്‍ നടപടിയുണ്ടായില്ല. ഇതുമൂലം കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കം 200 പേര്‍ക്കാണ് രോഗം ഉണ്ടായത്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

കോളേജിലും കാന്റീനിലും ഉപയോഗിക്കുന്ന മലിനജലത്തില്‍ നിന്നാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ജനുവരിയില്‍ കോളേജിലെ 150ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോളേജും ഹോസ്റ്റലും അടച്ചിടുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങിയതിനാല്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചെന്നോ, ചികിത്സ തേടിയെന്നോ ഉള്ള കണക്ക് പോലും കോളേജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല. 

കോളേജിന് സമീപം താമസിക്കുന്നവര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി  കിണറുകളില്‍ ക്ലോറിനേറ്റ് ചെയ്തിരുന്നു. കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് മലിന ജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്ന തോടിന്റെ സമീപത്താണ് കോളേജിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കുളം നിര്‍മ്മിച്ചിട്ടുള്ളത്. കോളേജ് പരിസരത്തെ മാലിന്യങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലമാണ് സമീപത്തെ കിണറുകള്‍ മലിനമാകാന്‍ കാരണം.  പ്രേം സാഗര്‍ നാളുകളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലും ഒരു വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. കോളേജിലെ തന്നെ കൊമേഴ്സ് വിഭാഗം ലക്ചററായ പ്രജോദ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിട്ടെത്തി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ പ്രതിഷേധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.